11 Nov 2026 5:24 PM IST
BYD Atto 2 Set to Enter India: ഇന്ത്യയിലേക്ക് ബിവൈഡി അറ്റോ 2; വില 25 ലക്ഷത്തിൽ താഴെയോ?
MyFin Desk
Summary
പുതിയ ഇലക്ട്രിക് എസ്യുവിയുടെ പ്രൊഡക്ഷൻ റെഡി ചിത്രങ്ങൾ പുറത്ത്; 310 എൻഎം ടോർക്കും 64.8 kWh വരെ ബാറ്ററി ശേഷിയും.
ബിവൈഡി അറ്റോ 2 ഇന്ത്യയിലേക്ക്; ഇലക്ട്രിക് എസ്യുവി വിപണിയിൽ പുതിയ മത്സരം! 25 ലക്ഷം രൂപയിൽ താഴെ വില പ്രതീക്ഷിക്കുന്ന വാഹനത്തിന്റെ പ്രൊഡക്ഷൻ റെഡി ചിത്രങ്ങൾ പുറത്തുവന്നതോടെ ഇന്ത്യൻ വാഹന വിപണിയിൽ ചർച്ചയാകുകയാണ് അറ്റോ 2.
ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡിയുടെ പുതിയ ഇലക്ട്രിക് എസ്യുവിയാണ് അറ്റോ 2. ചെന്നൈയിൽ വാഹനത്തിന്റെ കാമഫ്ലാഷില്ലാത്ത പരീക്ഷണ മോഡൽ കണ്ടെത്തിയതോടെയാണ് ഇന്ത്യയിലെത്തുമെന്ന സൂചനകൾ ശക്തമായത്. നിലവിൽ ഔദ്യോഗിക ലോഞ്ച് തീയതി കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2026 അവസാനത്തോടെയോ 2027ലോ വാഹനം വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഡിസൈനിലും ഫീച്ചറുകളിലും ആധുനികതയ്ക്ക് പ്രാധാന്യം നൽകിയാണ് ബിവൈഡി അറ്റോ 2 ഒരുക്കിയിരിക്കുന്നത്. ഫുൾ എൽഇഡി ഹെഡ്ലാമ്പുകൾ, കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകൾ, പനോരമിക് സൺറൂഫ്, അലോയ് വീലുകൾ എന്നിവ വാഹനത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.
അകത്തളത്തിലും നിരവധി സവിശേഷതകളുണ്ട്. 12.8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, 8.8 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജിങ്, ആംബിയന്റ് ലൈറ്റിങ് എന്നിവയും ആഗോള പതിപ്പിലുണ്ട്. പവർ അഡ്ജസ്റ്റബിൾ സീറ്റുകളും കൂടുതൽ സൗകര്യപ്രദമായ യാത്രാനുഭവം ഉറപ്പാക്കുന്നു.
ബാറ്ററിയുടെയും പെർഫോമൻസിന്റെയും കാര്യത്തിലും അറ്റോ 2 ശ്രദ്ധേയമാണ്. അന്താരാഷ്ട്ര വിപണിയിൽ 45.1 കിലോവാട്ട് അവർ, 64.8 കിലോവാട്ട് അവർ എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് വാഹനം ലഭ്യമാകുന്നത്. വലിയ ബാറ്ററി പതിപ്പിൽ 201 ബിഎച്ച്പി കരുത്തും 310 എൻഎം ടോർക്കും ലഭിക്കും. യൂറോപ്യൻ വിപണിയിൽ വലിയ ബാറ്ററി പതിപ്പിന് 430 കിലോമീറ്റർ വരെ WLTP റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ ഇന്ത്യയിലെത്തുന്ന പതിപ്പിന്റെ റേഞ്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഫാസ്റ്റ് ചാർജിങ്ങാണ് മറ്റൊരു പ്രധാന സവിശേഷത. വലിയ ബാറ്ററി പതിപ്പിന് ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 10 ശതമാനത്തിൽ നിന്ന് 80 ശതമാനത്തിലേക്ക് ഏകദേശം 25 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാനാകും.
വിലയുടെ കാര്യത്തിൽ 18 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ നിലവിൽ വിൽപ്പനയിലുള്ള അറ്റോ 3-ന് താഴെയായിരിക്കും അറ്റോ 2-ന്റെ സ്ഥാനം. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മാരുതി ഇ വിറ്റാര, ടാറ്റ കർവ് ഇവി തുടങ്ങിയ മോഡലുകൾക്ക് കടുത്ത മത്സരം നൽകാനും അറ്റോ 2-ന് കഴിഞ്ഞേക്കും.
ഇന്ത്യൻ വിപണിയിൽ കൂടുതൽ താങ്ങാനാവുന്ന വിലയിൽ ബിവൈഡി അവതരിപ്പിക്കുന്ന ഈ എസ്യുവിക്ക് ഉപഭോക്താക്കളിൽ നിന്ന് എത്രത്തോളം സ്വീകാര്യത ലഭിക്കുമെന്നാണ് വാഹനലോകം ഉറ്റുനോക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
