14 Feb 2026 7:57 PM IST
Summary
510 കിലോമീറ്റർ റേഞ്ച്, 74.8 kWh ബാറ്ററി, RWD–AWD ഓപ്ഷനുകൾ, 220kW ഫാസ്റ്റ് ചാർജിംഗ് പിന്തുണ
ജനപ്രിയ കോംപാക്ട് ഇലക്ട്രിക് എസ്‌യുവിയായ അറ്റോ 3യുടെ പുതുക്കിയ പതിപ്പ് അറ്റോ 3 ഇവോ പുറത്തിറക്കി ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി. വലിയ 74.8 kWh ബാറ്ററി പായ്ക്കോടെയാണ് പുതിയ മോഡൽ എത്തുന്നത്.
ഒറ്റ ചാർജിൽ പരമാവധി 510 കിലോമീറ്റർ വരെ ഡ്രൈവിങ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന അറ്റോ 3 ഇവോ, റിയർ-വീൽ-ഡ്രൈവ്, ഓൾ-വീൽ-ഡ്രൈവ് എന്നീ രണ്ട് കോൺഫിഗറേഷനുകളിൽ ലഭ്യമാകും. RWD പതിപ്പ് 309 bhp കരുത്തും 380 Nm ടോർക്കും ഉൽപാദിപ്പിച്ച് 5.5 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം കൈവരിക്കും. AWD പതിപ്പ് 443 bhp കരുത്തും 560 Nm ടോർക്കും ഉൽപാദിപ്പിച്ച് 3.9 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം പിന്നിടും.
220 കിലോവാട്ട് DC ഫാസ്റ്റ് ചാർജിംഗിന് പിന്തുണയുള്ള ഈ എസ്‌യുവി 10 മുതൽ 80 ശതമാനം വരെ ബാറ്ററി ഏകദേശം 25 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാൻ കഴിയും. കൂടാതെ സ്റ്റാൻഡേർഡ് AC ഹോം ചാർജിംഗും ലഭ്യമാണ്.
അകത്ത് 8.8 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 15.6 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഉൾപ്പെടുന്നു. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. ഹെഡ്-അപ്പ് ഡിസ്പ്ലേയും ഹീറ്റഡ് റിയർ സീറ്റുകളും അധിക സവിശേഷതകളാണ്.
ഇന്ത്യയിൽ നിലവിൽ സ്റ്റാൻഡേർഡ് അറ്റോ 3യുടെ എക്സ്-ഷോറൂം വില 24.99 ലക്ഷം രൂപയാണ്. വലിയ ബാറ്ററിയും മെച്ചപ്പെട്ട സവിശേഷതകളും കണക്കിലെടുത്താൽ, അറ്റോ 3 ഇവോ ഇന്ത്യൻ വിപണിയിലെത്തിയാൽ ഉയർന്ന വില പ്രതീക്ഷിക്കാം.
പഠിക്കാം & സമ്പാദിക്കാം
Home
