29 March 2026 4:20 PM IST
Summary
സബ്സിഡി പോയതോടെ വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായി, ഇത് സ്വാഭാവികമായും ഉപഭോക്താക്കളുടെ ആവശ്യകത കുറച്ചു. ആറ് മാസമായി തുടര്‍ച്ചയായി വില്‍പനയില്‍ ഇടിവ് നേരിടുന്ന ബിവൈഡിക്ക് ഈ സാഹചര്യം വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന വിപണിയായ ചൈനയില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ട് വാഹന ഭീമനായ ബിവൈഡി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ആദ്യമായി കമ്പനിയുടെ വാര്‍ഷിക ലാഭത്തില്‍ ഇടിവ് രേഖപ്പെടുത്തി. ചൈനീസ് സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കി വന്നിരുന്ന ഉദാരമായ സബ്സിഡികള്‍ നിര്‍ത്തലാക്കിയതാണ് കമ്പനിയുടെ വരുമാനത്തെയും വളര്‍ച്ചയെയും പ്രതികൂലമായി ബാധിച്ചത്. ഒരു കാലത്ത് സര്‍ക്കാര്‍ പ്രോത്സാഹനങ്ങളാല്‍ കുതിച്ചുയര്‍ന്ന ഈ മേഖല ഇപ്പോള്‍ കടുത്ത മത്സരത്തിന്റെയും സാമ്പത്തിക സമ്മര്‍ദ്ദത്തിന്റെയും നിഴലിലാണ്.
വൈദ്യുത വാഹന വിപണിയെ 'വില' അടിസ്ഥാനമാക്കിയുള്ള മത്സരത്തില്‍ നിന്ന് 'ഗുണമേന്മ' അടിസ്ഥാനമാക്കിയുള്ള തലത്തിലേക്ക് മാറ്റാനാണ് ചൈന നികുതി ഇളവുകള്‍ പിന്‍വലിച്ചത്. എന്നാല്‍, ഈ മാറ്റം വിപണിയില്‍ വിതരണക്കാരും നിര്‍മ്മാതാക്കളും തമ്മിലുള്ള 'വിലയുദ്ധത്തിന്' കാരണമായി. സബ്സിഡി പോയതോടെ വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായി, ഇത് സ്വാഭാവികമായും ഉപഭോക്താക്കളുടെ ആവശ്യകത കുറച്ചു. ആറ് മാസമായി തുടര്‍ച്ചയായി വില്‍പനയില്‍ ഇടിവ് നേരിടുന്ന ബിവൈഡിക്ക് ഈ സാഹചര്യം വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബിവൈഡിയുടെ അറ്റാദായം 20 ശതമാനത്തോളം ഇടിഞ്ഞ് 32.6 ബില്യണ്‍ യുവാനിലെത്തി. വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ തകര്‍ച്ചയാണിത്. പ്രത്യേകിച്ച് അവസാന പാദത്തില്‍ ലാഭത്തില്‍ 38 ശതമാനത്തിന്റെ കുറവുണ്ടായി. വിപണി ഇപ്പോള്‍ ഒരു 'ക്രൂരമായ നോക്കൗട്ട് ഘട്ടത്തിലാണെന്ന്' കമ്പനി ചെയര്‍മാന്‍ വാങ് ചുവാന്‍ഫു വിശേഷിപ്പിച്ചു. നിലനില്‍പ്പിനായി കമ്പനികള്‍ പരസ്പരം പോരാടുമ്പോള്‍ ലാഭവിഹിതം കുത്തനെ ഇടിയുന്ന കാഴ്ചയാണ് ചൈനയില്‍ കാണുന്നത്.
ചൈനീസ് വിപണിയിലെ ബിവൈഡിയുടെ ആധിപത്യത്തിനും ഇപ്പോള്‍ ഇളക്കം തട്ടിയിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് 27 ശതമാനമായിരുന്ന വിപണി വിഹിതം 2026-ന്റെ തുടക്കത്തില്‍ 17 ശതമാനമായി ചുരുങ്ങി. ഗീലി, ഹുവാവേ, ഷവോമി തുടങ്ങിയ വമ്പന്‍ ബ്രാന്‍ഡുകള്‍ പുതിയ സാങ്കേതിക വിദ്യകളും ആകര്‍ഷകമായ വിലയുമായി വിപണി പിടിക്കാന്‍ തുടങ്ങിയതാണ് കമ്പനിക്ക് തിരിച്ചടിയായത്. ആഭ്യന്തര വിപണിയില്‍ സമ്മര്‍ദ്ദം ഏറിയതോടെ ലാറ്റിന്‍ അമേരിക്ക, യൂറോപ്പ്, തെക്കുകിഴക്കന്‍ ഏഷ്യ തുടങ്ങിയ അന്താരാഷ്ട്ര വിപണികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ തീരുമാനം.
സാമ്പത്തിക പ്രതിസന്ധി വര്‍ദ്ധിക്കുന്നതിനിടയിലും പുതിയ നിക്ഷേപങ്ങള്‍ക്കായി കമ്പനി വന്‍തോതില്‍ വായ്പയെടുക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. പ്രവര്‍ത്തനത്തിനുള്ള പണമൊഴുക്ക് പകുതിയിലധികം കുറഞ്ഞതും വര്‍ദ്ധിച്ചുവരുന്ന കടബാധ്യതയും വരും മാസങ്ങളില്‍ ബിവൈഡിയുടെ ബാലന്‍സ് ഷീറ്റിനെ ബാധിച്ചേക്കും.
പഠിക്കാം & സമ്പാദിക്കാം
Home
