28 March 2026 7:20 PM IST
Summary
ഏപ്രിലിൽ മാരുതി, മഹീന്ദ്ര, ഫോക്‌സ്‌വാഗൺ, ടൊയോട്ട, എംജി, മെർസിഡീസ് ബെൻസ് എന്നിവയിൽ നിന്ന് പുതിയ മോഡലുകൾ എത്തുമെന്നതാണ് സന്തോഷം പകരുന്ന കാര്യം.
ഈ വര്‍ഷം പിറന്നതോടെ എല്ലാ മാസവും പുത്തന്‍ കാറുകളുടെ വരവിന് യാതൊരു പഞ്ഞവുമില്ലാതായിരിക്കുകയാണ്. മാര്‍ച്ച് മാസത്തില്‍ വമ്പന്‍ കാര്‍ ലോഞ്ചുകള്‍ നടപ്പോള്‍ വരാനിരിക്കുന്ന മാസവും ഇന്ത്യയിലേക്ക് പുതുമോഡലുകളുടെ വലിയ നിരയാണ് എത്തുന്നത്. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ വ്യത്യസ്ത സെഗ്മെന്റുകളിലായി അനേകം വണ്ടികളാണ് പ്രത്യക്ഷപ്പെടാനിരിക്കുന്നത്. ഇതുകണ്ട് നിലവില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ മാറ്റി വാങ്ങിയാലോയെന്ന് വരെ ചിന്തിച്ചുപോയാലും തെറ്റുപറയാനാവില്ല. ഏപ്രിലില്‍ മാരുതി, മഹീന്ദ്ര, ഫോക്സ്വാഗണ്‍, ടൊയോട്ട, എംജി, മെര്‍സിഡീസ് ബെന്‍സ് എന്നിവയില്‍ നിന്ന് പുതിയ മോഡലുകള്‍ എത്തുമെന്നതാണ് സന്തോഷം പകരുന്ന കാര്യം. അടുത്ത 30 ദിവസത്തില്‍ വിപണിയിലേക്ക് കടന്നുവരാനിരിക്കുന്ന വണ്ടികളുടെ ലിസ്റ്റ് ഇതാ
മാരുതി ബ്രെസ ഫെയ്സ്ലിഫ്റ്റ്
ഇന്ത്യയിലെ കോംപാക്ട് എസ്യുവി നിരയിലെ മിടുക്കനായ മാരുതി ബ്രെസ മുഖംമിനുക്കി ഏപ്രിലില്‍ വിപണിയിലെത്താനിരിക്കുകയാണ്. ഡിസൈനില്‍ ചെറിയ പരിഷ്‌ക്കാരങ്ങള്‍ കാണാനാവുമെങ്കിലും വിക്ടോറിസിന് സമാനമായ രീതിയില്‍ ബൂട്ട്സ്പെയ്സ് ലാഭിക്കാന്‍ സഹായിക്കുന്ന ഒരു അണ്ടര്‍ബോഡി സിഎന്‍ജി ടാങ്കും ഇതിന് ലഭിക്കുമെന്നതാണ് മെയിന്‍ ഹൈലൈറ്റ്. അതേസമയം ഒരു പുതിയ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാസ്മിഷനും പുത്തന്‍ ബ്രെസയിലുണ്ടാവും.
ഫോക്സ്വാഗണ്‍ ടൈഗൂണ്‍ ഫെയ്സ്ലിഫ്റ്റ്
2026 ഏപ്രില്‍ 9-ാം തീയതി ഫോക്സ്വാഗണ്‍ ടൈഗൂണ്‍ ഫെയ്സ്ലിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിക്കും. ജര്‍മന്‍ ബ്രാന്‍ഡിന്റെ ആഗോള മോഡലുകളില്‍ കാണുന്ന സ്‌റ്റൈലിംഗുമായി വരുന്ന വാഹനം വലിയ ഓളം സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതോടൊപ്പം തന്നെ പുതിയ ഫീച്ചറുകളും സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തി ടൈഗൂണിനെ കൂടുതല്‍ പ്രീമിയാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. പുതിയ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും മിഡ്-സൈസ് എസ്യുവിയിലേക്ക് വന്നെത്തും.
എംജി മജസ്റ്റര്‍
2025 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ ആദ്യമായി അരങ്ങേറ്റം കുറിച്ച എംജി മജസ്റ്റര്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഔദ്യോഗികമായി ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മൂന്ന് നിരകളുള്ള ഈ ഫുള്‍-സൈസ് എസ്യുവിയുടെ പ്രീ-ബുക്കിംഗുകള്‍ 41,000 രൂപയ്ക്ക് ആരംഭിച്ചിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ വിലകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് ഡെലിവറികള്‍ 2026 മെയ് മാസത്തില്‍ ആരംഭിക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.
മജസ്റ്റര്‍ നേരത്തെ വാങ്ങാന്‍ പദ്ധതിയിടുന്നവരാണ് നിങ്ങളെങ്കില്‍ ഒരു സുവര്‍ണാവസരം നിങ്ങളെ കാത്തിരിപ്പുണ്ട്. ആദ്യത്തെ 3,000 ഉപഭോക്താക്കള്‍ക്ക് എംജി 5-5-5 എന്ന ഓണര്‍ഷിപ്പ് പ്രോഗ്രാം വാഗ്ദാനം ചെയ്തിട്ടുണ്ട്. കംപ്ലീറ്റ് പീസ് ഓഫ് മൈന്‍ഡ് പ്രോഗ്രാം എന്ന് എംജി വിളിക്കുന്ന പദ്ധതിയില്‍ മൂന്ന് ഓണര്‍ഷിപ്പ് ആനുകൂല്യങ്ങളാണ് സംയോജിപ്പിച്ചിരിക്കുന്നത്. അതായത് 5 വര്‍ഷത്തെ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറണ്ടി, കിലോമീറ്റര്‍ പരിധിയില്ലാതെ 5 വര്‍ഷത്തെ സൗജന്യ റോഡ്സൈഡ് അസിസ്റ്റന്‍സ്, 5 ലേബര്‍-ഫ്രീ സേവനങ്ങള്‍ എന്നിവയാണ് ഉപ ആദ്യത്തെ 3,000 പേര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഓഫറായി ലഭിക്കുക.
ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഇബെല്ല
ഇന്ത്യക്കായുള്ള ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ അര്‍ബന്‍ ക്രൂയിസര്‍ ഇബെല്ലയുടെ വില ഏപ്രില്‍ മാസത്തില്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. 2026 ജനുവരി 20-ന് അവതരിപ്പിച്ച ചെയ്ത ഇവിയുടെ വില അറിയാന്‍ ആളുകള്‍ കാത്തിരിക്കുകയാണ്. 49 kWh, 61 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിലാവും വിപണനത്തിന് എത്തുക. 49 kWh പാക്കിന് ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച് 440 കിലോമീറ്ററാണ്.
വലിയ 61 kWh പാക്ക് ഫുള്‍ ചാര്‍ജില്‍ ARAI റേഞ്ച് 543 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുന്നതായിരിക്കും. 49 kWh ബാറ്ററിയുള്ള വേരിയന്റിലെ മോട്ടോറിന് 106 kW അഥവാ 144 hp പവര്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. 61 kWh പായ്ക്കില്‍ പവര്‍ 128 kW അഥവാ 174 bhp ആയി ഉയരുന്നു. രണ്ട് സജ്ജീകരണങ്ങളും 189 Nm പരമാവധി ടോര്‍ക്ക് നല്‍കുന്നു. ഇന്ത്യയില്‍, ഇബെല്ല ഫ്രണ്ട്-വീല്‍ ഡ്രൈവ് ലേഔട്ടിലാണ് നിര്‍മിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്.
മെര്‍സിഡീസ് ബെന്‍സ് CLA ഇവി
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് തങ്ങളുടെ ഏറ്റവും പുതിയ CLA ഇലക്ട്രിക് സെഡാന്‍ 2026 ഏപ്രിലില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇന്ത്യയിലെ A-ക്ലാസ് സെഡാന്‍, EQA, EQB ഇലക്ട്രിക് എസ്യുവികള്‍ക്ക് പകരമായി സ്ഥാപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. റിയര്‍ വീല്‍ ഡ്രൈവ് (RWD) മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന 85kWh ബാറ്ററി പായ്ക്കുമായിട്ടാവും മോഡല്‍ വിപണനത്തിന് എത്തുക.
പഠിക്കാം & സമ്പാദിക്കാം
Home
