1 April 2026 4:33 PM IST
Summary
വരും മാസങ്ങളില്‍ ഇലക്ട്രിക് വാഹന വിപണിയില്‍ ഒരു ലോഞ്ച് പൂരത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ടാറ്റ മോട്ടോഴ്‌സിന്റെ സിയറ ഇവി , വിയറ്റ്നാമീസ് കമ്പനിയായ വിന്‍ഫാസ്റ്റിന്റെ മൂന്ന് പുതിയ മോഡലുകള്‍, ടൊയോട്ട, കിയ എന്നിവയുടെ ഇലക്ട്രിക് എസ് യു വികള്‍ ഉടന്‍ വിപണിയിലെത്തും
ഇന്ത്യന്‍ വാഹന വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വസന്തകാലം. 2027 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ റെക്കോര്‍ഡ് നേട്ടമാണ് ഈ മേഖല സ്വന്തമാക്കിയിരിക്കുന്നത്. മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം ഇലക്ട്രിക് കാര്‍ രജിസ്ട്രേഷനില്‍ 49% വര്‍ദ്ധനവുണ്ടായി (19,711 യൂണിറ്റുകള്‍). ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയാകട്ടെ 36% ഉയര്‍ന്ന് 1.77 ലക്ഷം യൂണിറ്റുകളിലെത്തി. ഇന്ധനവില വര്‍ദ്ധനവിനോടുള്ള ആശങ്കയും സബ്‌സിഡികള്‍ അവസാനിക്കുമോ എന്ന പേടിയും ഉപഭോക്താക്കളെ വലിയ തോതില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകര്‍ഷിച്ചുവെന്നാണ് 'വാഹന്‍' പോര്‍ട്ടലില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷം മൊത്തം വില്‍പ്പന പരിശോധിച്ചാല്‍ ഇലക്ട്രിക് കാര്‍ വിപണിയില്‍ 82% എന്ന വമ്പിച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2026 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 1.3 ദശലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്. പിഎം ഇ-ഡ്രൈവ് സബ്‌സിഡികള്‍ കുറയാനുള്ള സാധ്യതയും, കോര്‍പ്പറേറ്റ് ആവറേജ് ഫ്യുവല്‍ ഇക്കോണമി (CAFE 2) മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി കമ്പനികള്‍ നടത്തിയ വലിയ തോതിലുള്ള പ്രമോഷനുകളും വില്‍പ്പന വേഗത്തിലാക്കി. ഇലക്ട്രിക് വാഹനങ്ങളുടെ വൈവിധ്യമാര്‍ന്ന മോഡലുകളും ചാര്‍ജിംഗ് സൗകര്യങ്ങളിലെ പുരോഗതിയും ഈ സ്വീകാര്യതയ്ക്ക് കരുത്തേകി.
വരും മാസങ്ങളില്‍ ഇലക്ട്രിക് വാഹന വിപണിയില്‍ ഒരു ലോഞ്ച് പൂരത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ടാറ്റ മോട്ടോഴ്‌സിന്റെ സിയറ ഇവി , വിയറ്റ്നാമീസ് കമ്പനിയായ വിന്‍ഫാസ്റ്റിന്റെ മൂന്ന് പുതിയ മോഡലുകള്‍, ടൊയോട്ട, കിയ എന്നിവയുടെ ഇലക്ട്രിക് എസ്യുവികള്‍ ഉടന്‍ വിപണിയിലെത്തും. നിലവില്‍ മൊത്തം കാര്‍ വില്‍പ്പനയുടെ 4% മാത്രമാണ് ഇവികളുടേതെങ്കിലും, വരും വര്‍ഷങ്ങളില്‍ ഇത് ഗണ്യമായി വര്‍ദ്ധിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം മൂലം ഇന്ധനവിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഉപഭോക്താക്കളെ ഒരു സുരക്ഷിത ബദല്‍ എന്ന നിലയില്‍ ഇലക്ട്രിക് കാറുകളിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നുണ്ട്.
മലിനീകരണം കുറയ്ക്കുന്നതിനുള്ള കര്‍ശനമായ സര്‍ക്കാര്‍ നയങ്ങളും ഈ മാറ്റത്തിന് പിന്നിലുണ്ട്. CAFE 2 മാനദണ്ഡങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്ക് കോടിക്കണക്കിന് രൂപ പിഴ ചുമത്താനുള്ള നീക്കം കാര്‍ നിര്‍മ്മാതാക്കളെ ഇവി ഉല്‍പ്പാദനത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചു. ഒപ്പം, കഴിഞ്ഞ സെപ്റ്റംബറില്‍ സര്‍ക്കാര്‍ വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചതും വിപണിക്ക് പുത്തനുണര്‍വ് നല്‍കി. ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി 5 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തിയത് ഈ മേഖലയിലെ നിക്ഷേപകര്‍ക്കും വാങ്ങുന്നവര്‍ക്കും ഒരേപോലെ ആശ്വാസമായി തുടരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
