17 July 2026 1:37 PM IST
എന്‍ഫീല്‍ഡ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ക്ലാസിക് 350 പുതിയ ഫീച്ചറുകളുമായി വിപണിയില്‍
MyFin Desk
Summary
പുതിയ അപ്ഡേറ്റുകളോടെ ഡ്യുവല്‍-ചാനല്‍ എബിഎസ് മോഡലുകള്‍ക്ക് 1.95 ലക്ഷം മുതലാണ് എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്
റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ഐക്കണിക് മോട്ടോര്‍സൈക്കിളായ ക്ലാസിക് 350 കൂടുതല്‍ ആധുനികമാക്കുന്നു. റൈഡര്‍മാര്‍ക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കുന്നതിനായി രണ്ട് നിര്‍ണ്ണായക സവിശേഷതകളാണ് 2026 മോഡലില്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഡ്യുവല്‍-ചാനല്‍ എബിഎസ് വേരിയന്റുകളില്‍ ഇപ്പോള്‍ അസിസ്റ്റ് & സ്ലിപ്പര്‍ ക്ലച്ചും, ഫാസ്റ്റ് ചാര്‍ജിംഗിനായുള്ള യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടും ലഭ്യമാണ്. ദൈനംദിന നഗരയാത്രകളെ കൂടുതല്‍ സുഗമമാക്കാന്‍ ഈ മാറ്റങ്ങള്‍ സഹായിക്കും.
നഗരങ്ങളിലെ ട്രാഫിക് ബ്ലോക്കുകളില്‍ ബൈക്ക് ഓടിക്കുന്നവര്‍ക്ക് വലിയ ആശ്വാസമായിരിക്കും പുതിയ അസിസ്റ്റ് & സ്ലിപ്പര്‍ ക്ലച്ച്. ഇത് ക്ലച്ച് ലിവറിന്റെ ഭാരം കുറയ്ക്കുകയും ഗിയര്‍ ഷിഫ്റ്റിംഗ് വളരെ എളുപ്പമാക്കുകയും ചെയ്യുന്നു. കൂടാതെ, പെട്ടെന്നുള്ള ഡൗണ്‍ഷിഫ്റ്റുകളില്‍ പിന്‍-ചക്രം ലോക്ക് ആകുന്നത് തടയുന്നതിലൂടെ റൈഡിംഗിലെ സുരക്ഷയും ആത്മവിശ്വാസവും വര്‍ദ്ധിക്കുന്നു. നീണ്ട യാത്രകളില്‍ സ്മാര്‍ട്ട്ഫോണുകള്‍ ചാര്‍ജ് ചെയ്യാനായി ഇപ്പോള്‍ ബൈക്കില്‍ തന്നെ സൗകര്യപ്രദമായ യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടും നല്‍കിയിട്ടുണ്ട്.
മെക്കാനിക്കല്‍ വശങ്ങളില്‍ മാറ്റമില്ലാത്ത ബൈക്കിന് ഇപ്പോഴും കരുത്ത് പകരുന്നത് 349 സിസി ജെ-സീരീസ് എഞ്ചിനാണ്. 20.2 എച്ച്പിയും 27 എന്‍എം ടോര്‍ക്കും നല്‍കുന്ന ഈ എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോക്‌സുമായി മികച്ച രീതിയില്‍ ഇണങ്ങിനില്‍ക്കുന്നു. റെട്രോ ലുക്കിലും സുഖകരമായ റൈഡിംഗ് പൊസിഷനിലും മാറ്റമില്ലാതെ തന്നെ, അത്യാധുനിക സാങ്കേതികവിദ്യ കൂടിച്ചേര്‍ന്നപ്പോള്‍ ക്ലാസിക് 350 വീണ്ടും ആരാധകരുടെ മനംകവരാന്‍ തയ്യാറെടുക്കുകയാണ്.
ബേസ് മോഡലിന് പഴയ വില
പുതിയ അപ്ഡേറ്റുകളോടെ ഡ്യുവല്‍-ചാനല്‍ എബിഎസ് മോഡലുകള്‍ക്ക് 1.95 ലക്ഷം മുതലാണ് എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം, അടിസ്ഥാന മോഡലായ റെഡ്ഡിച്ച് റെഡ് വേരിയന്റില്‍ ഈ മാറ്റങ്ങള്‍ ലഭ്യമല്ല. ഇതിന്റെ വില 1.87 ലക്ഷമായി പഴയപടി തുടരുന്നു. ഹണ്ടര്‍ 350, ഗോവന്‍ ക്ലാസിക് 350 എന്നിവയ്ക്ക് പിന്നാലെ ക്ലാസിക് 350-ലും ഈ സവിശേഷതകള്‍ എത്തിച്ചതോടെ റോയല്‍ എന്‍ഫീല്‍ഡിന്റെ 350 സിസി നിര കൂടുതല്‍ സമ്പന്നമായി.
പഠിക്കാം & സമ്പാദിക്കാം
Home
