13 Oct 2026 3:16 PM IST
Summary
ബാറ്ററി ആസ് എ സര്‍വീസ് പദ്ധതിയിലൂടെ 1.99 ലക്ഷം രൂപ മുതല്‍ സി6 സ്വന്തമാക്കാം. ബാറ്ററി ഉള്‍പ്പെടെയുള്ള മോഡലിന്റെ എക്‌സ്-ഷോറൂം വില 2.79 ലക്ഷം രൂപയാണ്
ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ സാന്നിധ്യം ശക്തമാക്കാന്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് മൊബിലിറ്റി ബ്രാന്‍ഡായ ഫ്‌ലൈയിങ് ഫ്‌ലീ. കമ്പനിയുടെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ സി6 (ഇ6) ഇനി ഹൈദരാബാദിലും ലഭ്യമാകും. ബെംഗളൂരുവിന് പിന്നാലെ ബൈക്ക് വില്‍പ്പനയ്ക്കെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ നഗരമാണ് ഹൈദരാബാദ്. റെട്രോ ഡിസൈനും ആധുനിക സാങ്കേതികവിദ്യയും ഒത്തുചേരുന്ന സി6-ന്റെ വരവ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്കിടയില്‍ ആവേശമായിരിക്കുകയാണ്.
ഹൈദരാബാദില്‍ ഒരു കമ്പനി സ്റ്റോര്‍ ഉള്‍പ്പെടെ നാല് വില്‍പ്പന, സര്‍വീസ് കേന്ദ്രങ്ങളാണ് ഫ്‌ലൈയിങ് ഫ്‌ലീ ആരംഭിച്ചിരിക്കുന്നത്. ബാറ്ററി ആസ് എ സര്‍വീസ് (Battery as a Service - BaaS) പദ്ധതിയിലൂടെ 1.99 ലക്ഷം രൂപ മുതല്‍ സി6 സ്വന്തമാക്കാം. ബാറ്ററി ഉള്‍പ്പെടെയുള്ള മോഡലിന്റെ എക്‌സ്-ഷോറൂം വില 2.79 ലക്ഷം രൂപയാണ്. പ്രാരംഭ ചെലവ് കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി ഉപഭോക്താക്കള്‍ക്ക് മറ്റൊരു വാങ്ങല്‍ ഓപ്ഷന്‍ കൂടി നല്‍കുന്നു.
പ്രകടനത്തിന്റെ കാര്യത്തിലും സി6 ശ്രദ്ധ നേടുന്നു. 3.91 കിലോവാട്ട് അവര്‍ ബാറ്ററിയുള്ള ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് ഒറ്റ ചാര്‍ജില്‍ 154 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. 15.4 കിലോവാട്ട് പരമാവധി കരുത്തും 60 എന്‍എം ടോര്‍ക്കും നല്‍കുന്ന മോട്ടോറിന് മണിക്കൂറില്‍ 115 കിലോമീറ്ററാണ് പരമാവധി വേഗത. ക്ലാസിക് ശൈലിയിലുള്ള രൂപകല്‍പ്പനയ്‌ക്കൊപ്പം ട്രാക്ഷന്‍ കണ്‍ട്രോള്‍, ലീന്‍ ആംഗിള്‍ സെന്‍സിങ് എബിഎസ്, ക്രൂയിസ് കണ്‍ട്രോള്‍, ടച്ച്സ്‌ക്രീന്‍, ബ്ലൂടൂത്ത്, 4ജി കണക്റ്റിവിറ്റി തുടങ്ങിയ ഫീച്ചറുകളും ബൈക്കിലുണ്ട്.
വില്‍പ്പനയ്‌ക്കൊപ്പം വില്‍പ്പനാനന്തര സേവനങ്ങള്‍ക്കും കമ്പനി പ്രാധാന്യം നല്‍കുന്നു. സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിനായി പ്രത്യേക സര്‍വീസ് കേന്ദ്രവും 24 മണിക്കൂറും ലഭ്യമായ റോഡ്‌സൈഡ് അസിസ്റ്റന്‍സും ഫ്‌ലൈയിങ് ഫ്‌ലീ വാഗ്ദാനം ചെയ്യുന്നു. ബെംഗളൂരുവില്‍ സി6 ഇതിനകം ഒരു ലക്ഷം കിലോമീറ്ററിലധികം സഞ്ചരിച്ചിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. പുതിയ വിപണികളിലേക്ക് കടക്കുമ്പോള്‍ ഉപഭോക്താക്കളുടെ വിശ്വാസം ഉറപ്പാക്കുന്നതിനും സേവന ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഈ നീക്കങ്ങള്‍ സഹായകമാകുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയ്ക്ക് പുറമെ യൂറോപ്പിലും യുകെയിലും സാന്നിധ്യം വിപുലീകരിക്കാനുള്ള നീക്കത്തിലാണ് ഫ്‌ലൈയിങ് ഫ്‌ലീ. ഹൈദരാബാദിലെ പുതിയ വില്‍പ്പന, സര്‍വീസ് ശൃംഖല ബ്രാന്‍ഡിന്റെ വളര്‍ച്ചയിലെ നിര്‍ണായക ചുവടുവെപ്പാണ്. പരമ്പരാഗത മോട്ടോര്‍സൈക്കിളുകളുടെ ആകര്‍ഷണവും ഇലക്ട്രിക് വാഹനങ്ങളുടെ സാങ്കേതിക മികവും ഒരുമിപ്പിക്കുന്ന സി6, പ്രീമിയം ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന ആകാംക്ഷയിലാണ് വാഹന പ്രേമികള്‍.
പഠിക്കാം & സമ്പാദിക്കാം
Home
