image

14 Dec 2025 12:54 PM IST

Automobile

ചൈനയിലെ വിദേശ പ്രീമിയം കാര്‍വില്‍പ്പന കുത്തനെ ഇടിഞ്ഞു; സ്വദേശിക്ക് പ്രിയം

MyFin Desk

foreign premium car sales in china plummet
X

Summary

യൂറോപ്യന്‍ ആഡംബര ബ്രാന്‍ഡുകള്‍ക്ക് കനത്ത തിരിച്ചടി


ചൈനയില്‍ വിദേശ ആഡംബര കാറുകള്‍ക്കുള്ള ഡിമാന്‍ഡ് കുത്തനെ ഇടിഞ്ഞു. മെഴ്സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു, പോര്‍ഷെ തുടങ്ങിയ യൂറോപ്യന്‍ ആഡംബര ബ്രാന്‍ഡുകള്‍ക്ക് ഇത് തിരിച്ചടിയായി. ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായ ചൈനയില്‍ ദീര്‍ഘകാലമായി ആധിപത്യം പുലര്‍ത്തുന്ന ബ്രന്‍ഡുകളാണിവ. ഇപ്പോള്‍ കൂടുതല്‍ ഉപഭോക്താക്കളും താങ്ങാനാവുന്ന വിലയ്ക്ക് ചൈനീസ് ബ്രാന്‍ഡ് മോഡലുകളാണ് തിരഞ്ഞെടുക്കുന്നത്.

ചൈനീസ് സമ്പദ് വ്യവസ്ഥ മന്ദഗതിയിലായതും വിദേശ ആഡംബര കാറുകളുടെ ഡിമാന്‍ഡ് കുറയാന്‍ കാരണമായി. പ്രീമിയം വിഭാഗത്തിന്റെ വിഹിതം 2023-ല്‍ 15% ആയിരുന്നത് 2025-ന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ 13% ആയി കുറഞ്ഞു.

ചൈനീസ് വാഹന നിര്‍മ്മാതാക്കള്‍, പ്രത്യേകിച്ച് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ബിവൈഡി, ചൈനീസ് മുന്നേറുകയാണ്. കമ്പനി സാങ്കേതികമായി പുരോഗമിച്ചതും താങ്ങാനാവുന്ന വിലയുള്ളതുമായ മോഡലുകള്‍ പുറത്തിറക്കുന്നു.

ചൈനയിലെ ഏറ്റവും വലിയ കാര്‍ വില്‍പ്പനക്കാരനായ ഫോക്സ്വാഗണിനെ ബിവൈഡി മറികടന്നു. ഈ മാറ്റം യൂറോപ്യന്‍ കാര്‍ നിര്‍മ്മാതാക്കളെ ചൈനയുടെ മത്സര വിപണിയിലെ തന്ത്രങ്ങള്‍ പുനര്‍നിര്‍ണയിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു.

ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ചൈനയിലെ മെഴ്സിഡസ്-ബെന്‍സിന്റെ വില്‍പ്പന മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 27% കുറഞ്ഞു. ഈ വര്‍ഷത്തെ ആദ്യ ഒന്‍പതു മാസങ്ങളിലെ ബിഎംഡബ്ല്യുവിന്റെ വില്‍പ്പന 11.2% കുറഞ്ഞു. ഇതോടെ ചൈനീസ് വിപണിയെ ആഘാതം വ്യക്തമാണ്. ചൈന, ഹോങ്കോംഗ്, തായ്വാന്‍ എന്നിവിടങ്ങളിലേക്കുള്ള കാര്‍ കയറ്റുമതിയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13% കുറവ് വന്നതായും ഫെരാരി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രീമിയം കാറുകളുടെ ആവശ്യകത കുറയുന്നതിന് പിന്നിലെ ഒരു പ്രധാന കാരണം മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയാണെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ പറയുന്നു. ചൈനയിലെ പ്രീമിയം കാര്‍ വില്‍പ്പനയുടെ വിപണി വിഹിതം 2017 നും 2023 നും ഇടയില്‍ ഇരട്ടിയിലധികം വര്‍ദ്ധിച്ച് മൊത്തം വില്‍പ്പനയുടെ 15 ശതമാനമായി ഉയര്‍ന്നിരുന്നു.

എന്നാല്‍ ആ പ്രവണത ഇപ്പോള്‍ വിപരീത ദിശയിലേക്ക് നീങ്ങുകയാണ്. പ്രീമിയം കാറുകളുടെ വില്‍പ്പനയുടെ വിഹിതം 2024 ല്‍ 14 ശതമാനമായും 2025 ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ 13 ശതമാനമായും കുറഞ്ഞു. അതേസമയം ഈ വര്‍ഷത്തെ ആദ്യ 11 മാസങ്ങളില്‍ പാസഞ്ചര്‍ കാര്‍ വില്‍പ്പനയില്‍ ചൈനീസ് ബ്രാന്‍ഡുകളുടെ വിഹിതം 70 ശതമാനമായി ഉയര്‍ന്നിട്ടുമുണ്ട്.