27 Jan 2026 9:48 PM IST
iQOO 15 Ultra Gaming Smartphone : ഗെയിമർമാർക്കായി ഐകൂ 15 അൾട്ര: പവർഫുൾ ഫീച്ചറുകളുമായി ലോഞ്ച് അടുത്ത്
MyFin Desk
Summary
സ്നാപ്ഡ്രാഗൺ 8 എലീറ്റ് ജെൻ 5, 7400mAh ബാറ്ററി, 100W ചാർജിങ്—ഗെയിമിങ് അനുഭവം പുതിയ ലെവലിലേക്ക്
ഗെയിമർമാരെ ലക്ഷ്യമിട്ട് ഐകൂ 15 അൾട്ര സ്മാർട്ട്ഫോൺ പുറത്തിറങ്ങാനൊരുങ്ങുന്നു. ഫെബ്രുവരി 4-ന് വൈകുന്നേരം 4 മണിക്ക് ചൈനീസ് വിപണിയിൽ ഫോണിന്റെ ഔദ്യോഗിക അവതരണം നടക്കും. ഇതിനോടകം തന്നെ പ്രീ-റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. ചൈനീസ് ലോഞ്ചിന് പിന്നാലെ ഇന്ത്യ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിപണികളിലും ഫോൺ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഗെയിമിങ് പ്രകടനം മുൻനിരയിലെത്തിക്കുന്ന നിരവധി സവിശേഷതകളോടെയാണ് ഐകൂ 15 അൾട്ര എത്തുന്നത്. സ്നാപ്ഡ്രാഗൺ 8 എലീറ്റ് ജെൻ 5 എസ്ഒസിയിലാണ് ഫോൺ പ്രവർത്തിക്കുക. 24 ജിബി വരെ റാം, വൺ ടിബി വരെ ഇൻറേണൽ സ്റ്റോറേജ് എന്നീ ഹൈഎൻഡ് കോൺഫിഗറേഷനുകളും ലഭ്യമാകും.
6.85 ഇഞ്ച് വലുപ്പമുള്ള 2കെ റെസല്യൂഷൻ ഡിസ്പ്ലേയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കമ്പനിയുടെ ഐസ് ഡോം എയർ കൂളിങ് സിസ്റ്റവും Q3 ഗെയിമിങ് ചിപ്പും ചേർന്നതോടെ ദീർഘസമയം ഗെയിം കളിച്ചാലും മികച്ച താപനിയന്ത്രണവും സ്ഥിരതയുള്ള പ്രകടനവും ഉറപ്പാക്കും.
7400 എംഎഎച്ച് ശേഷിയുള്ള വലിയ ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. 100 വാട്ട് വയേർഡ് ചാർജിങിനൊപ്പം 100 വാട്ട് വയർലെസ് ചാർജിങും ഐകൂ 15 അൾട്രയിൽ ലഭ്യമാകും.
ക്യാമറ വിഭാഗത്തിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് 50 മെഗാപിക്സൽ സെൻസറുകളാണ് പിന്നിൽ ഉണ്ടാവുക, ഇതിൽ ഒന്ന് ടെലിഫോട്ടോ ലെൻസായിരിക്കുമെന്നാണ് സൂചന. സെൽഫികൾക്കായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ട് നിറങ്ങളിൽ പുറത്തിറങ്ങുന്ന ഐകൂ 15 അൾട്ര ഇന്ത്യയിൽ എപ്പോൾ അവതരിപ്പിക്കുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല.
പഠിക്കാം & സമ്പാദിക്കാം
Home
