9 Nov 2026 3:19 PM IST
Italjet Set to Enter Indian Market: ഇന്ത്യൻ നിരത്തുകളിലേക്ക് പറന്നിറങ്ങാൻ 'ഡ്രാഗ്സ്റ്റർ'! മൂന്ന് പുത്തൻ സ്‌കൂട്ടറുകളുമായി ഇറ്റാൽജെറ്റ്
MyFin Desk
Summary
ഡ്രാഗ്സ്റ്റർ 300, 459, 700 മോഡലുകൾ അവതരിപ്പിച്ചു; സയൻസ് ഫിക്ഷൻ ഡിസൈനും കരുത്തുറ്റ എൻജിനുകളും പ്രധാന ആകർഷണം
ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കാൻ ഇറ്റാലിയൻ പ്രീമിയം സ്‌കൂട്ടർ ബ്രാൻഡായ ഇറ്റാൽജെറ്റ് ഒരുങ്ങുന്നു. വ്യത്യസ്തമായ ഡിസൈനും മികച്ച പെർഫോമൻസും കൊണ്ട് ശ്രദ്ധേയമായ ഡ്രാഗ്സ്റ്റർ ശ്രേണിയിലെ മൂന്ന് മോഡലുകളുമായാണ് കമ്പനി ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കുന്നത്. ഡ്രാഗ്സ്റ്റർ 300, ഡ്രാഗ്സ്റ്റർ 459, ഡ്രാഗ്സ്റ്റർ 700 എന്നീ മോഡലുകളാണ് EICMA 2026 എക്സിബിഷനിൽ കമ്പനി പ്രദർശിപ്പിച്ചത്.
സാധാരണ സ്‌കൂട്ടറുകളിൽ നിന്ന് വ്യത്യസ്തമായ ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ് ഈ മൂന്ന് മോഡലുകളുടെയും പ്രധാന പ്രത്യേകത. സയൻസ് ഫിക്ഷൻ സിനിമകളിലെ വാഹനങ്ങളെ ഓർമിപ്പിക്കുന്ന രൂപകൽപ്പനയും പ്രീമിയം ഘടകങ്ങളും ഇവയെ വേറിട്ടുനിർത്തുന്നു. ഡിസംബറിൽ നടക്കുന്ന ഇന്ത്യ ബൈക്ക് വീക്കിൽ മൂന്ന് മോഡലുകളും ഇന്ത്യൻ വിപണിക്കായി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഡ്രാഗ്സ്റ്റർ 300
മൂന്ന് മോഡലുകളിലും എൻട്രി ലെവൽ പതിപ്പാണ് ഡ്രാഗ്സ്റ്റർ 300. 278 സിസി ലിക്വിഡ് കൂൾഡ് എൻജിനാണ് ഇതിലുള്ളത്. 23.8 പിഎസ് പരമാവധി കരുത്തും 26 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കാൻ എൻജിന് സാധിക്കും. അഡ്ജസ്റ്റ് ചെയ്യാവുന്ന സിംഗിൾ ആം ഫ്രണ്ട് സസ്‌പെൻഷനും പിന്നിൽ ലിങ്ക് ടൈപ്പ് മോണോഷോക്കും നൽകിയിട്ടുണ്ട്. മുന്നിൽ 240 എംഎം ഡിസ്‌ക് ബ്രേക്കും പിന്നിൽ 175 എംഎം ഡിസ്‌ക് ബ്രേക്കുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഡ്യുവൽ ചാനൽ എബിഎസും പ്രധാന ഫീച്ചറാണ്.
ഡ്രാഗ്സ്റ്റർ 459
പേര് സൂചിപ്പിക്കുന്നതുപോലെ 449 സിസി ലിക്വിഡ് കൂൾഡ് പാരലൽ ട്വിൻ എൻജിനാണ് ഡ്രാഗ്സ്റ്റർ 459ന് കരുത്തേകുന്നത്. പൂർണമായും അഡ്ജസ്റ്റ് ചെയ്യാവുന്ന മാർസോച്ചി ഇൻവെർട്ടഡ് ഫ്രണ്ട് ഫോർക്ക്, റിയർ മോണോഷോക്ക് തുടങ്ങിയ പ്രീമിയം ഘടകങ്ങൾ ഇതിലുണ്ട്. ബ്രെംബോ ഡ്യുവൽ ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകളും റിയർ സിംഗിൾ ഡിസ്‌ക് ബ്രേക്കുമാണ് മറ്റൊരു പ്രത്യേകത. ഡ്യുവൽ ചാനൽ എബിഎസ്, ട്രാക്ഷൻ കൺട്രോൾ എന്നിവയും ലഭിക്കും.
ഡ്രാഗ്സ്റ്റർ 700
ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ മോഡലാണ് ഡ്രാഗ്സ്റ്റർ 700. 698 സിസി ലിക്വിഡ് കൂൾഡ് പാരലൽ ട്വിൻ എൻജിൻ 70 പിഎസ് കരുത്തും 70 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. പൂർണമായും അഡ്ജസ്റ്റ് ചെയ്യാവുന്ന മാർസോച്ചി ഇൻവെർട്ടഡ് ഫോർക്ക് ഉൾപ്പെടെയുള്ള പ്രീമിയം സസ്പെൻഷൻ സംവിധാനങ്ങളും ഇതിലുണ്ട്. ഡ്രാഗ്സ്റ്റർ 459ന്റെ ഡിസൈൻ ശൈലിയോട് സാമ്യമുള്ള ഘടനയാണ് ഈ മോഡലിനുമുള്ളത്.
ഇന്ത്യൻ വിപണിയിലെത്തുന്നതോടെ പ്രീമിയം സ്‌കൂട്ടർ വിഭാഗത്തിൽ ഇറ്റാൽജെറ്റിന് പുതിയ സാധ്യതകൾ തുറക്കുമെന്നാണ് പ്രതീക്ഷ. വിലയും ഔദ്യോഗിക ലോഞ്ച് വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടില്ല.
പഠിക്കാം & സമ്പാദിക്കാം
Home
