image

22 Nov 2026 3:10 PM IST

Automobile

വില്‍പ്പനയില്‍ റെക്കോര്‍ഡ്; ലാഭത്തില്‍ ഇടിവ്, മാരുതി കാറുകള്‍ക്ക് വീണ്ടും വിലകൂട്ടി

MyFin Desk

record sales, but a drop in profit, maruti raises car prices again
X

Summary

അസംസ്‌കൃത വസ്തുക്കളുടെയും മറ്റ് ഉല്‍പ്പാദന ഘടകങ്ങളുടെയും വിലയിലെ വര്‍ധന കമ്പനിക്ക് വെല്ലുവിളിയാകുകയാണ്


തുടര്‍ച്ചയായ ചെലവുവര്‍ധനയുടെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുത്ത കാര്‍ മോഡലുകളുടെ വില വര്‍ധിപ്പിച്ച് മാരുതി സുസുക്കി ഇന്ത്യ. നവംബര്‍ 22 മുതല്‍ പുതിയ വിലകള്‍ പ്രാബല്യത്തില്‍ വന്നു. വാഹനങ്ങളുടെ വില്‍പ്പനയെ അടിസ്ഥാനമാക്കിയുള്ള ശരാശരി വിലവര്‍ധനവ് 0.31 ശതമാനമാണെന്ന് കമ്പനി അറിയിച്ചു. ഉല്‍പ്പാദനച്ചെലവിലെ വര്‍ധനയുടെ ഒരു ഭാഗം ഉപഭോക്താക്കളിലേക്ക് കൈമാറേണ്ട സാഹചര്യമാണുള്ളതെന്നും വിലവര്‍ധനയുടെ ആഘാതം പരമാവധി കുറയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

തുടര്‍ച്ചയായ ചെലവുചുരുക്കല്‍ നടപടികള്‍ സ്വീകരിച്ചിട്ടും അസംസ്‌കൃത വസ്തുക്കളുടെയും മറ്റ് ഉല്‍പ്പാദന ഘടകങ്ങളുടെയും വിലയിലെ വര്‍ധന കമ്പനിക്ക് വെല്ലുവിളിയാകുകയാണ്. 2027 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മൂന്ന് തവണയായി ഒരു ശതമാനത്തിലധികം വിലവര്‍ധന കമ്പനി നടപ്പാക്കിയിരുന്നു. രണ്ടാം പാദത്തില്‍ റെക്കോര്‍ഡ് വാഹനവില്‍പ്പന നേടിയെങ്കിലും മാരുതി സുസുക്കിയുടെ സംയോജിത അറ്റാദായം 26.36 ശതമാനം ഇടിഞ്ഞ് 2,466.1 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 12.7 ശതമാനമായിരുന്ന പ്രവര്‍ത്തന EBITDA മാര്‍ജിന്‍ ഇത്തവണ 9.4 ശതമാനമായി കുറഞ്ഞു.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ ഉയര്‍ന്ന ഇന്‍പുട്ട് ചെലവുകളാണ് കമ്പനിയുടെ ലാഭത്തെ പ്രധാനമായും ബാധിച്ചത്. ഉയര്‍ന്ന വില്‍പ്പനവിലയും വില്‍പ്പന അളവിലുണ്ടായ വര്‍ധനയും നേട്ടമായെങ്കിലും അധിക ചെലവുകള്‍ ഈ നേട്ടത്തിന്റെ വലിയൊരു ഭാഗം ഇല്ലാതാക്കി. വിപണനച്ചെലവുകള്‍ ഉള്‍പ്പെടെ നിയന്ത്രിച്ച് ലാഭക്ഷമത നിലനിര്‍ത്താനുള്ള ശ്രമങ്ങളും കമ്പനി തുടരുകയാണ്. രണ്ടാം പകുതിയില്‍ സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമായ വിലനിര്‍ണയ നടപടികള്‍ സ്വീകരിക്കുമെന്ന് മാനേജ്മെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഇരട്ടയക്ക വില്‍പ്പന വളര്‍ച്ചയാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. ശക്തമായ ഉത്സവകാല ആവശ്യകതയും മികച്ച ഓര്‍ഡര്‍ ബാക്ക്ലോഗും ഡീലര്‍ തലത്തിലെ നിയന്ത്രിത സ്റ്റോക്കും വളര്‍ച്ചയ്ക്ക് കരുത്താകുമെന്നാണ് പ്രതീക്ഷ. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും ഉള്‍പ്പെടെയുള്ള മൊത്തം വില്‍പ്പന 31.6 ശതമാനം ഉയര്‍ന്ന് 11.46 ലക്ഷം യൂണിറ്റിലെത്തി. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ മികച്ച പ്രകടനവും വളര്‍ച്ചയെ പിന്തുണച്ചതായി കമ്പനി അറിയിച്ചു.