9 April 2026 7:32 PM IST
Maruti Suzuki Alto K10 : ഓട്ടോയേക്കാള്‍ കുറഞ്ഞ വിലയിലും 17% വളര്‍ച്ചയുമായി ആള്‍ട്ടോ!
MyFin Desk
Summary
എന്‍ട്രി ലെവല്‍ കാറുകളുടെ വില്‍പ്പന മന്ദഗതിയിലായ വാര്‍ത്തകള്‍ക്കിടയിലാണ് വമ്പന്‍ വളര്‍ച്ചയുമായി ആള്‍ട്ടോ K10 ഹാച്ചിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. 2026 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം 11,515 യൂണിറ്റ് ആള്‍ട്ടോ K10 കാറുകളാണ് കമ്പനി വിറ്റഴിച്ചത്.
ഇന്ത്യന്‍ നിരത്തുകളിലെ സാധാരണക്കാരന്റെ 'ലക്ഷ്വറി കാര്‍' എന്ന് വിശേഷിപ്പിക്കാവുന്ന മാരുതി സുസുക്കി ആള്‍ട്ടോ K10 വിപണിയിലെ കരുത്തന്മാരെപ്പോലും അമ്പരപ്പിച്ചുകൊണ്ട് കുതിപ്പ് തുടരുന്നു. ചില ഓട്ടോറിക്ഷകളേക്കാള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാമെന്നതും, അമ്പരപ്പിക്കുന്ന മൈലേജുമാണ് ഈ കുഞ്ഞന്‍ കാറിനെ വീണ്ടും വിപണിയിലെ താരമാക്കി മാറ്റുന്നത്. എന്‍ട്രി ലെവല്‍ കാറുകളുടെ വില്‍പ്പന മന്ദഗതിയിലായ വാര്‍ത്തകള്‍ക്കിടയിലാണ് വമ്പന്‍ വളര്‍ച്ചയുമായി ആള്‍ട്ടോ K10 ഹാച്ചിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. 2026 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം 11,515 യൂണിറ്റ് ആള്‍ട്ടോ K10 കാറുകളാണ് കമ്പനി വിറ്റഴിച്ചത്.
2025 മാര്‍ച്ച് മാസത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 17 ശതമാനം വളര്‍ച്ചയാണ് ഈ മോഡല്‍ കൈവരിച്ചിരിക്കുന്നത്. എന്‍ട്രി ലെവല്‍ വിഭാഗത്തില്‍ റെനോ ക്വിഡ്, മാരുതി സുസുക്കി എസ്-പ്രസ്സോ തുടങ്ങിയ മോഡലുകള്‍ കടുത്ത വെല്ലുവിളി നേരിടുമ്പോഴാണ് ആള്‍ട്ടോ K10 ഈ നേട്ടം സ്വന്തമാക്കുന്നത്. കുറഞ്ഞ വിലയും വിശ്വാസ്യതയും ഇന്ധനക്ഷമതയുമാണ് പതിറ്റാണ്ടുകള്‍ക്കിപ്പുറവും ഉപഭോക്താക്കള്‍ ആള്‍ട്ടോയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്.
ചെറിയ ഇടവേളക്ക് ശേഷം ഇടത്തരം കുടുംബങ്ങളും ആദ്യമായി കാര്‍ വാങ്ങുന്നവരും വീണ്ടും ആള്‍ട്ടോയെ പരിഗണിച്ച് തുടങ്ങിയെന്നാണ് വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാങ്കേതിക വശങ്ങളിലേക്ക് കടന്നാല്‍, 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ആള്‍ട്ടോ K10-ന് കരുത്തേകുന്നത്. പെട്രോളിന് പുറമെ സിഎന്‍ജി ഓപ്ഷനിലും ഈ കാര്‍ ലഭ്യമാണ്.
പെട്രോള്‍ പതിപ്പില്‍ 5-സ്പീഡ് മാനുവല്‍, എജിഎസ് (ഓട്ടോ ഗിയര്‍ ഷിഫ്റ്റ്) ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭിക്കും. എന്നാല്‍ സിഎന്‍ജി പതിപ്പില്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത്. ഇന്ധനക്ഷമതയുടെ കാര്യത്തില്‍ ആള്‍ട്ടോ K10 വിപണിയിലെ മറ്റ് വാഹനങ്ങളെ ബഹുദൂരം പിന്നിലാക്കുന്നു. പെട്രോള്‍ മാനുവല്‍ പതിപ്പിന് ലിറ്ററിന് 24.39 കിലോമീറ്ററും എജിഎസ് പതിപ്പിന് ലിറ്ററിന് 24.90 കിലോമീറ്ററുമാണ് കമ്പനി ഇന്ധനക്ഷമത അവകാശപ്പെടുന്നത്.
സിഎന്‍ജി വേരിയന്റാകട്ടെ കിലോയ്ക്ക് 33.40 കിലോമീറ്റര്‍ എന്ന ആകര്‍ഷകമായ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. കുഞഞ്ഞ ഇന്ധനച്ചെലവില്‍ കാര്‍ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമാണ്. ഫീച്ചറുകളുടെ കാര്യത്തിലും ആള്‍ട്ടോ K10 പിന്നിലല്ല. 17.78 സെന്റിമീറ്റര്‍ വലിപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതിലെ പ്രധാന ആകര്‍ഷണം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ തുടങ്ങിയ ആധുനിക കണക്റ്റിവിറ്റി സൗകര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലളിതമായി രൂപകല്‍പ്പന ചെയ്ത കാര്‍ ആണെങ്കിലും അത്യാവശ്യം വേണ്ട എല്ലാ ഫീച്ചറുകളും സൗകര്യങ്ങളും ഈ എന്‍ട്രി ലെവല്‍ ഹാച്ചില്‍ മാരുതി ഒരുക്കിയിട്ടുണ്ട്. മാത്രമല്ല ബജറ്റ് കാറുകളുടെ ഏറ്റവും വലിയ പോരായ്മയായിരുന്ന സേഫ്റ്റിയും ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ആള്‍ട്ടോയുടെ ബേസ് വേരിയന്റിലടക്കം 6 എയര്‍ബാഗുകള്‍ ലഭ്യമാണ്.
കൂടാതെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം , ഇബിഡിയോട് കൂടിയ എബിഎസ്, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നു. 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആക്കിയതിനൊപ്പം എന്‍ട്രി ലെവല്‍ വിഭാഗത്തില്‍ ഇത്രയധികം സേഫ്റ്റി ഫീച്ചറുകള്‍ നല്‍കുന്നതും മിഡില്‍ ക്ലാസ് കുടുംബങ്ങള്‍ക്കിടയില്‍ ആള്‍ട്ടോയുടെ സ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ട്.
വിലയുടെ കാര്യത്തിലും ആള്‍ട്ടോ K10 വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുന്നു. വെറും 3.70 ലക്ഷം രൂപ മുതലാണ് ഈ കാറിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. പല ഹൈ-എന്‍ഡ് ഇലക്ട്രിക് ഓട്ടോറിക്ഷകളേക്കാള്‍ കുറഞ്ഞ വിലയില്‍ ഈ കാര്‍ സ്വന്തമാക്കാമെന്നതാണ് ശ്രദ്ധേയം. ആള്‍ട്ടോയുടെ ടോപ് സ്പെക് വേരിയന്റിന് 5.45 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില വരുന്നത്. ഇത് വിപണിയിലെ ഏറ്റവും മൂല്യമുള്ള വാഹനങ്ങളിലൊന്നായി ആള്‍ട്ടോയെ മാറ്റുന്നു.
മാരുതിയുടെ വിപുലമായ സര്‍വീസ് ശൃംഖലയും കുറഞ്ഞ പരിപാലന ചിലവും ആള്‍ട്ടോ K10-ന്റെ വിജയത്തിന് പിന്നിലുണ്ട്. നഗരങ്ങളിലെ തിരക്കേറിയ റോഡുകളിലും ഇടുങ്ങിയ വഴികളിലും അനായാസം കൊണ്ടുനടക്കാമെന്നതാണ് ഇതിന്റെ മറ്റൊരു പ്ലസ്. വിപണിയില്‍ എസ്യുവികള്‍ക്ക് അനുകൂലമായ ട്രെന്‍ഡ് നിലനില്‍ക്കുമ്പോഴും ആള്‍ട്ടോ K10 അതിന്റെ ഉപഭോക്തൃ അടിത്ത ഇളകാതെ ഭദ്രമായി കാത്തുസൂക്ഷിക്കുമെന്ന് തന്നെയാണ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
