image

1 Jan 2024 2:38 PM IST

Automobile

മാരുതി സുസുക്കിയുടെ മൊത്തവില്‍പ്പനയില്‍ ഇടിവ്

MyFin Desk

decline in maruti suzukis wholesale sales
X

Summary

  • ആഭ്യന്തര പാസഞ്ചര്‍ വാഹനവില്‍പ്പനയില്‍ 6.46 ശതമാനം ഇടിവ്
  • എന്‍ട്രി ലെവല്‍ മിനി കാറുകളുടെ വില്‍പ്പനയിലും ഇടിവ്
  • യൂട്ടിലിറ്റി വാഹന വില്‍പ്പന കഴിഞ്ഞമാസം ഉയര്‍ന്നു


2023 ഡിസംബറില്‍ മാരുതി സുസുക്കി ഇന്ത്യയുടെ മൊത്തം വില്‍പ്പനയില്‍ 1.28 ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞമാസം 1,37,551 യൂണിറ്റുകളാണ് വിറ്റുപോയത്. ഒരു വര്‍ഷം മുമ്പ് ഇതേ മാസത്തില്‍ 1,39,347 യൂണിറ്റ് വില്‍പ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്.

പാസഞ്ചര്‍ വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍, തേര്‍ഡ് പാര്‍ട്ടി സപ്ലൈസ് എന്നിവ ഉള്‍പ്പെടുന്ന മൊത്തം ആഭ്യന്തര വില്‍പ്പന കഴിഞ്ഞ മാസം 1,10,667 യൂണിറ്റായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,17,551 യൂണിറ്റായിരുന്നു. വില്‍പ്പനയില്‍ 5.8ശതമാനമാണ് കുറവുണ്ടായതെന്ന് മാരുതി സുസുക്കി ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

''ആദ്യമായി, കമ്പനി 2023 കലണ്ടര്‍ വര്‍ഷത്തില്‍ 2 ദശലക്ഷം യൂണിറ്റ് എന്ന വാര്‍ഷിക വില്‍പ്പന നാഴികക്കല്ല് മറികടന്നു. അതില്‍ എക്കാലത്തെയും ഉയര്‍ന്ന കലണ്ടര്‍ വര്‍ഷത്തെ കയറ്റുമതി 2,69,046 യൂണിറ്റുകള്‍ ഉള്‍പ്പെടുന്നു,'' പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

മൊത്തത്തിലുള്ള ആഭ്യന്തര പാസഞ്ചര്‍ വാഹന (പിവി) വില്‍പ്പന 2023 ഡിസംബറില്‍ 1,04,778 യൂണിറ്റായിരുന്നു. മുന്‍ വര്‍ഷം വില്‍പ്പന 1,12,010 യൂണിറ്റായിരുന്നു, 6.46 ശതമാനം ഇടിവാണ് ഇവിടെ ഉണ്ടായത്.

ആള്‍ട്ടോയും എസ്-പ്രസ്സോയും ഉള്‍പ്പെടുന്ന എന്‍ട്രി ലെവല്‍ മിനി കാറുകളുടെ വില്‍പ്പന ഒരു വര്‍ഷം മുമ്പ് 9,765 യൂണിറ്റുകളില്‍ നിന്ന് 2,557 യൂണിറ്റായി കുറയുകയും ചെയ്തു.

അതുപോലെ, ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്നിസ്, സ്വിഫ്റ്റ്, ടൂര്‍ എസ്, വാഗണ്‍ആര്‍ തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടെയുള്ള കോംപാക്റ്റ് കാറുകളുടെ വില്‍പ്പനയും ഡിസംബറില്‍ 45,741 യൂണിറ്റായി കുറഞ്ഞു. മുന്‍ വര്‍ഷം ഇത് 57,502 യൂണിറ്റായിരുന്നുവെന്ന് കമ്പനി അറിയിച്ചു.

മറുവശത്ത്, ബ്രെസ്സ, എര്‍ട്ടിഗ, ഫ്രോങ്ക്‌സ്, ഗ്രാന്‍ഡ് വിറ്റാര, ഇന്‍വിക്ടോ, ജിംനി, എസ്-ക്രോസ്, എക്‌സ്എല്‍6 എന്നിവ ഉള്‍പ്പെടുന്ന യൂട്ടിലിറ്റി വാഹന വില്‍പ്പന കഴിഞ്ഞ മാസം 45,957 യൂണിറ്റായി ഉയരുകയും ചെയ്തു.

കമ്പനിയുടെ ഇടത്തരം സെഡാന്‍ സിയാസ് 2022 ഡിസംബറിലെ 1,154 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ മാസം 489 യൂണിറ്റ് മാത്രമാണ് വില്‍പ്പന നടത്തിയത്. അതിന്റെ വാന്‍ ഇക്കോയുടെ വില്‍പ്പന 10,034 യൂണിറ്റുകളില്‍ നിന്ന് 10,034 യൂണിറ്റായി കുറയുകയും ചെയ്തു. അതേസമയം 2022 ഡിസംബറിലെ 21,796 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ മാസത്തെ കയറ്റുമതി 26,884 യൂണിറ്റായി ഉയര്‍ന്നതായി മാരുതി സുസുക്കി പറഞ്ഞു.