image

6 Jan 2026 2:46 PM IST

Automobile

Maruti Suzuki Sale: വിപണി കീഴടക്കി മാരുതി ; 2025ൽ 22.55 ലക്ഷം കാറുകളാണ് കമ്പനി നിരത്തിലെത്തിച്ചത്

MyFin Desk

Maruti Suzuki Sale: വിപണി കീഴടക്കി മാരുതി ; 2025ൽ 22.55 ലക്ഷം കാറുകളാണ് കമ്പനി നിരത്തിലെത്തിച്ചത്
X

Summary

ഒരു മിനിറ്റിൽ മാത്രം ശരാശരി നാല് കാറുകൾ വിൽക്കാൻ സാധിച്ചു


കടുത്ത മത്സരങ്ങൾ എത്ര വന്നാലും വിപണിയിൽ എന്നും പ്രിയപ്പെട്ട ബ്രാൻഡായി തുടരുകയാണ് മാരുതി. 2024 ലെ വിൽപനയേക്കാൾ 9.3 ശതമാനം വളർച്ച 2025 ൽ നേടാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കമ്പനി പുതുവർഷത്തിലേക്കു കടക്കുന്നത്. 2025 കലണ്ടർ വർഷത്തിൽ വിവിധ സെഗ്മെന്റുകളിലായി 22.55 ലക്ഷം കാറുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. അതായത് ഒരു മിനിറ്റിൽ മാത്രം ശരാശരി നാല് കാറുകൾ വിൽക്കാൻ സാധിച്ചുവെന്നാണ് കണക്കുകൾ പറയുന്നത്.

തുടർച്ചയായി രണ്ടാമത്തെ വർഷമാണ് മാരുതി ഇരുപതു ലക്ഷത്തിനു മുകളിൽ വിൽപന കരസ്ഥമാക്കുന്നത്. 2024 ൽ 20.63 ലക്ഷം വാഹനങ്ങൾ ഇന്ത്യയിലും കയറ്റുമതിയിലൂടെ വിദേശ രാജ്യങ്ങളിലുമെത്തി. ആഭ്യന്തര വിപണിയിലെ വിൽപനയും കയറ്റുമതിയുമാണ് തുടർച്ചയായി ഈ നേട്ടം കൈവരിക്കാൻ മാരുതിയെ പ്രാപ്തമാക്കുന്നത്. കമ്പനിയ്ക്ക് ഈ നേട്ടം സമ്മാനിക്കുന്ന അഞ്ചു മോഡലുകളിൽ ആദ്യ സ്ഥാനം ഡിസയറിനാണ്.

കഴിഞ്ഞ കലണ്ടർ വർഷത്തിൽ 2.14 ലക്ഷം യൂണിറ്റാണ് ഈ കോംപാക്ട് സെഡാന്റെ വിൽപന കണക്ക്. രണ്ടാം സ്ഥാനം ലഭിച്ചിരിക്കുന്നത് വാഗൺ ആറിനാണ്. 1.94 ലക്ഷം യൂണിറ്റുകളാണ് ഈ വാഹനം വിറ്റുപോയിരിക്കുന്നത്. എർട്ടിഗ മൂന്നാം സ്ഥാനത്തും സ്വിഫ്റ്റും ഫ്രോങ്സും നാലും അഞ്ചും സ്ഥാനങ്ങളിലുമാണ്. ഇവ മൂന്നിന്റേയും വിൽപന കണക്കുകൾ യഥാക്രമം 1.92 ലക്ഷം, 1.89 ലക്ഷം, 1.80 ലക്ഷം എന്നിങ്ങനെയാണ്. 1.75 ലക്ഷം വിൽപനയുമായി ബ്രെസയും ഈ പട്ടികയിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

ലോകോത്തര നിലവാരം ഉറപ്പാക്കിയതും വലിയ തോതിൽ നടപ്പിലാക്കിയ പ്രാദേശികവൽക്കരണവുമാണ് ഇത്രയും വലിയ ഉൽപാദനം ഉറപ്പാക്കാൻ സഹായിച്ചതെന്ന് മാരുതി സുസുക്കി ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സി ഇ ഒ യും കമ്പനിയുടെ ഈ നേട്ടത്തെക്കുറിച്ച് അഭിപ്രായപ്പെട്ടു. ഇതിനൊപ്പം ജീവനക്കാരുടെയും നിർമാണ പങ്കാളികളുടെയും ശക്തമായ സഹകരണവും ഈ യാത്രയെ ഏറെ തുണച്ചുവെന്നും അതിന്റെ പ്രതിഫലനമാണ് ഈ നേട്ടമെന്നു കൂട്ടിച്ചേർക്കുകയും ചെയ്തു.