5 Nov 2026 6:08 PM IST
Mercedes-Benz Launches Made-in-India Electric GLC SUV: ഇന്ത്യയിൽ നിർമിച്ച ആദ്യ ഇലക്ട്രിക് ജിഎൽസി പുറത്തിറക്കി മെഴ്സിഡസ് ബെൻസ്; റേഞ്ച് 711 കിലോമീറ്റർ,വില ?
MyFin Desk
Summary
പുനെയിലെ ചക്കാൻ പ്ലാന്റിൽ പ്രാദേശിക ഉൽപ്പാദനം ആരംഭിച്ചു; ബുക്കിങ് തുടങ്ങി 36 മണിക്കൂറിനുള്ളിൽ 550ലധികം ഓർഡറുകൾ, നവംബർ പകുതിയോടെ ഡെലിവറി
ഇന്ത്യൻ ആഡംബര ഇലക്ട്രിക് വാഹന വിപണിയിൽ പുതിയ ചുവടുവയ്പുമായി മെഴ്സിഡസ് ബെൻസ്. ഇന്ത്യയിൽ നിർമിച്ച ആദ്യ ഇലക്ട്രിക് ജിഎൽസി എസ്‌യുവി കമ്പനി ഔദ്യോഗികമായി പുറത്തിറക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി സുനേത്ര പവാറും ചേർന്നാണ് വാഹനത്തിന്റെ ലോഞ്ച് നിർവഹിച്ചത്. ഇതോടൊപ്പം പുനെയിലെ ചക്കാനിലുള്ള മെഴ്സിഡസ് ബെൻസ് നിർമാണശാലയിൽ വാഹനത്തിന്റെ പ്രാദേശിക ഉൽപ്പാദനത്തിനും തുടക്കമായി.
78.50 ലക്ഷം രൂപയാണ് പുതിയ മെഴ്സിഡസ് ബെൻസ് ഇലക്ട്രിക് ജിഎൽസിയുടെ ഇന്ത്യയിലെ എക്സ്-ഷോറൂം വില. ഒറ്റ ചാർജിൽ 711 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നതാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. ബുക്കിങ് ആരംഭിച്ച് വെറും 36 മണിക്കൂറിനുള്ളിൽ 550ലധികം ഓർഡറുകൾ ലഭിച്ചതായി കമ്പനി അറിയിച്ചു. 2026 നവംബർ പകുതിയോടെ ഉപഭോക്താക്കൾക്ക് വാഹനത്തിന്റെ വിതരണം ആരംഭിക്കും.
കമ്പനിയുടെ പുതുതലമുറ ഇലക്ട്രിക് വാഹന പ്ലാറ്റ്ഫോമായ എംബി.ഇഎ-എം അടിസ്ഥാനമാക്കി ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ മെഴ്സിഡസ് ബെൻസ് എസ്‌യുവിയാണിത്. ഡ്യുവൽ മോട്ടോർ സംവിധാനത്തിലൂടെ 360 കിലോവാട്ട് കരുത്തും 800 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കാൻ വാഹനത്തിന് കഴിയും. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലെത്താൻ വെറും 4.3 സെക്കൻഡ് മതി.
94 കിലോവാട്ട് അവർ ബാറ്ററിയാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. 800 വോൾട്ട് ആർക്കിടെക്ചറുള്ള ഇലക്ട്രിക് ജിഎൽസിയിൽ 330 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജിങ് സംവിധാനവുമുണ്ട്. അനുയോജ്യമായ ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 10 മിനിറ്റ് ചാർജ് ചെയ്താൽ 303 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
39.1 ഇഞ്ച് എംബിയുഎക്‌സ് ഹൈപ്പർസ്‌ക്രീൻ, 942 പിക്സലുകളുള്ള പ്രകാശിത ഗ്രിൽ, നക്ഷത്രങ്ങൾ തിളങ്ങുന്ന സ്കൈ കൺട്രോൾ പനോരമിക് റൂഫ് എന്നിവയാണ് മറ്റ് പ്രധാന ആകർഷണങ്ങൾ. പുനരുപയോഗിച്ച വസ്തുക്കളും പരിസ്ഥിതി സൗഹൃദ ഘടകങ്ങളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചക്കാൻ പ്ലാന്റിൽ നിലവിൽ നിർമിക്കുന്ന പെട്രോൾ, ഡീസൽ വാഹനങ്ങളുടെ അതേ ഉൽപ്പാദന നിരയിലാണ് പുതിയ ഇലക്ട്രിക് ജിഎൽസിയും നിർമിക്കുന്നത്. ഇന്റേണൽ കംബഷൻ എൻജിൻ വാഹനങ്ങളും ബാറ്ററി ഇലക്ട്രിക് വാഹനങ്ങളും ഒരേ പ്ലാന്റിൽ ഉൽപ്പാദിപ്പിക്കുന്ന നേട്ടമാണിതെന്ന് കമ്പനി വ്യക്തമാക്കി.
ഇന്ത്യയിൽ ഇതുവരെ 2.40 ലക്ഷത്തിലധികം വാഹനങ്ങൾ വിറ്റഴിച്ച മെഴ്സിഡസ് ബെൻസ്, ചക്കാൻ പ്ലാന്റിൽ 3,200 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. 2026ലെ പ്രവർത്തനങ്ങൾക്കായി 200 കോടി രൂപയുടെ അധിക നിക്ഷേപവും കമ്പനി നടത്തിയിട്ടുണ്ട്. ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്കായി സൗജന്യ എസി വാൾബോക്സിന് പകരം എംബി.ചാർജ് പബ്ലിക് ചാർജിങ് ക്രെഡിറ്റുകളും കമ്പനി അവതരിപ്പിക്കുന്നു. ഇന്ത്യയിലെ ആഡംബര ഇലക്ട്രിക് എസ്‌യുവി വിപണിയിൽ മെഴ്സിഡസ് ബെൻസിന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതാണ് പുതിയ ഇലക്ട്രിക് ജിഎൽസിയുടെ വരവ്.
പഠിക്കാം & സമ്പാദിക്കാം
Home
