image

21 Sept 2023 4:00 PM IST

Automobile

ഇന്ത്യയില്‍ എംജി മോട്ടോറിന്റെ രണ്ടാമത്തെ പ്ലാന്റ് വരുന്നു

MyFin Desk

ഇന്ത്യയില്‍ എംജി മോട്ടോറിന്റെ രണ്ടാമത്തെ പ്ലാന്റ് വരുന്നു
X

Summary

  • നിലവിലെ ഗുജറാത്ത് യൂണിറ്റിന് സമീപം ബാറ്ററി അസംബ്ലി പ്ലാന്റ് സ്ഥാപിക്കാനുള്ള സാധ്യതയും കമ്പനി പരിശോധിക്കുന്നുണ്ട്.


ഇന്ത്യയില്‍ രണ്ടാമത്തെ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി എംജി മോട്ടോര്‍. രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നാണ് എംജി മോട്ടോര്‍ ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഗൗരവ് ഗുപ്ത പറഞ്ഞു.

ചൈനീസ് കാര്‍ നിർമ്മാതാക്കളായ എംജി മോട്ടോറിന്റെ നിലവിലെ ഏക പ്ലാന്റ് ഗുജറാത്തിലെ ഹലോളിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രതിവര്‍ഷം 1.2 ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ളതാണ് ഈ പ്ലാന്റ്.

2019 ലാണ് ഇന്ത്യയില്‍ എംജി മോട്ടോര്‍ പ്രവര്‍ത്തനം തുടങ്ങിയത്. നിലവില്‍ അഞ്ച് മോഡലുകളാണ് രാജ്യത്ത് വില്‍ക്കുന്നത്. ഇതില്‍ രണ്ട് മോഡലുകള്‍ ഇലക്ട്രിക് ആണ്. പ്രതിമാസം 5000 വാഹനങ്ങളാണ് വിറ്റുപോകുന്നത്. കമ്പനിയുടെ ഇന്ത്യയിലെ വില്‍പ്പനയുടെ 20 മുതല്‍ 30 ശതമാനം വരെ ഇലക്ട്രിക് വാഹനങ്ങളാണ്. ചൈനയില്‍ നിന്നാണ് ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി എംജി മോട്ടോര്‍ എത്തിക്കുന്നത്.

'എല്ലാ വര്‍ഷവും രാജ്യത്ത് പുതിയ മോഡല്‍ അവതരിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും, അത് ഒന്നുകില്‍ ഒരു ഇവി അല്ലെങ്കില്‍ ഒരു ഐസിഇ (ആന്തരിക ജ്വലന എഞ്ചിന്‍) കാര്‍ ആകാം. 2025 ഓടെ ഇവി വാഹന വില്‍പ്പന35 ശതമാനമായി ഉയര്‍ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം,' ഗുപ്ത വ്യക്തമാക്കുന്നത്.

'പാസഞ്ചര്‍ കാര്‍ വ്യവസായം വര്‍ഷം തോറും ഒമ്പത് മുതല്‍ പത്ത് ശതമാനം വരെ വളര്‍ച്ച കൈവരിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍, കമ്പനിയുടെ വില്‍പ്പന 20 ശതമാനത്തിലധികം വര്‍ധിച്ചു. ഈ വര്‍ഷത്തെ മൊത്തം വില്‍പ്പനയില്‍ ഈ നേട്ടം പ്രകടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,' അദ്ദേഹം പറഞ്ഞു.

ഇലക്ട്രിക് വാഹന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കായി ജിയോ ബിപിയുമായി സഹകരണത്തിലേര്‍പ്പെട്ടിരിക്കുകയാണ് എംജി മോട്ടോര്‍ ഇന്ത്യ. ഇതുവരെ കമ്പനി ഇന്ത്യയില്‍ 4,000 കോടി രൂപ നിക്ഷേപിച്ചു കഴിഞ്ഞു. കമ്പനി നേപ്പാളിലേക്കും മറ്റ് സാര്‍ക്ക് രാജ്യങ്ങളിലേക്കും കാറുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. നിലവില്‍ കമ്പനിക്ക് 350 ഡീലര്‍ഷിപ്പുകളാണുള്ളത്. ഈ വര്‍ഷം അവസാനത്തോടെ ഇത് 400 ആയി ഉയര്‍ത്താനാണ് ആലോചിക്കുന്നതെന്ന് ഗുപ്ത പറഞ്ഞു.