27 Nov 2026 12:54 PM IST
Summary
പുതിയ 5 ഇഞ്ച് TFT ഡിസ്പ്ലേ, റൈഡിംഗ് മോഡുകൾ, ക്വിക്ക് ഷിഫ്റ്റർ, USD ഫ്രണ്ട് ഫോർക്കുകൾ, കൂടുതൽ കരുത്തുള്ള എഞ്ചിൻ എന്നിവയുമായി പൾസർ RS200 കൂടുതൽ ആകർഷകമാകുന്നു.
ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ വീണ്ടും ശ്രദ്ധ നേടാൻ ബജാജ് പൾസർ RS200 പുതിയ മാറ്റങ്ങളോടെ എത്തിയിരിക്കുന്നു. പുതുക്കിയ RS200 മോഡലിൽ നിരവധി സാങ്കേതികവും മെക്കാനിക്കലുമായ അപ്‌ഡേറ്റുകളാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ 5 ഇഞ്ച് കളർ TFT ഡിസ്പ്ലേ, റൈഡിംഗ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ, ക്വിക്ക് ഷിഫ്റ്റർ തുടങ്ങിയ ആധുനിക ഫീച്ചറുകളാണ് പുതിയ മോഡലിന്റെ പ്രധാന ആകർഷണം. ഡൽഹി എക്സ്-ഷോറൂം വില 1,98,441 രൂപയാണ്.
എഞ്ചിൻ വിഭാഗത്തിൽ നിലവിലുള്ള 199.5 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിൻ തന്നെയാണ് ബജാജ് നിലനിർത്തിയിരിക്കുന്നത്. എന്നാൽ എഞ്ചിന്റെ പരമാവധി പവർ 24.1 bhp-യിൽ നിന്ന് 25.1 bhp ആയി ഉയർത്തിയിട്ടുണ്ട്. 18.7 Nm ആണ് പരമാവധി ടോർക്ക്. പുതിയ ഇലക്ട്രോണിക് ത്രോട്ടിൽ ബോഡി (ETB) സംവിധാനമാണ് മറ്റൊരു പ്രധാന മാറ്റം. ഇതിലൂടെ വ്യത്യസ്ത റൈഡിംഗ് സാഹചര്യങ്ങൾക്ക് അനുയോജ്യമായ റൈഡിംഗ് മോഡുകളും ട്രാക്ഷൻ കൺട്രോൾ സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്. സ്പോർട്സ് ഷിഫ്റ്റർ സംവിധാനവും പുതിയ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ RS200-ന്റെ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന് 5 ഇഞ്ച് കളർ TFT ഇൻസ്ട്രുമെന്റ് കൺസോളാണ്. പഴയ ഡിസ്പ്ലേയ്ക്ക് പകരമായാണ് പുതിയ ഡിജിറ്റൽ യൂണിറ്റ് എത്തിയിരിക്കുന്നത്. സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, ഗൂഗിൾ മാപ്സ് മിററിംഗ്, നാവിഗേഷൻ തുടങ്ങിയ സൗകര്യങ്ങൾ ഇതിലുണ്ട്. യാത്രയ്ക്കിടെ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനായി USB Type-C ചാർജിംഗ് പോർട്ടും നൽകിയിട്ടുണ്ട്. കൂടാതെ അഡ്ജസ്റ്റബിൾ ഹാൻഡ് ലിവറുകൾ, ഹസാർഡ് ലൈറ്റ് സ്വിച്ച്, പാനിക് ബ്രേക്ക് അലർട്ട് തുടങ്ങിയ ഫീച്ചറുകളും പുതിയ മോഡലിന്റെ പ്രത്യേകതകളാണ്.
സസ്പെൻഷൻ സംവിധാനത്തിലും ബജാജ് പ്രധാനപ്പെട്ട മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുൻവശത്തെ പരമ്പരാഗത ടെലിസ്കോപ്പിക് ഫോർക്കുകൾക്ക് പകരം 37 mm USD (Upside Down) ഫോർക്കുകളാണ് നൽകിയിരിക്കുന്നത്. ഇത് മികച്ച ഫ്രണ്ട് എൻഡ് സ്ഥിരതയ്ക്കും കോർണറിംഗിനും സഹായകരമാകുമെന്നാണ് പ്രതീക്ഷ. പിൻവശത്ത് 140/70-R17 റേഡിയൽ ടയറും ഉൾപ്പെടുത്തിയിട്ടുണ്ട്. ക്വിക്ക് ഷിഫ്റ്റർ, ട്രാക്ഷൻ കൺട്രോൾ, ഡ്യുവൽ ചാനൽ ABS തുടങ്ങിയ സംവിധാനങ്ങൾ കൂടി വരുന്നതോടെ സുരക്ഷയുടെയും റൈഡിംഗ് സൗകര്യങ്ങളുടെയും കാര്യത്തിൽ പുതിയ മോഡൽ കൂടുതൽ ശ്രദ്ധേയമാകുന്നു.
പുതിയ ഫീച്ചറുകൾ എത്തിയെങ്കിലും പൾസർ RS200-ന്റെ പരിചിതമായ ഫുൾ ഫെയർഡ് സ്പോർട്ടി ഡിസൈനിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പെർഫോമൻസ്, സാങ്കേതികവിദ്യ, റൈഡിംഗ് സൗകര്യം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് ബജാജ് പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിലെ മോഡലിനെക്കാൾ ഏകദേശം 18,000 രൂപയുടെ വിലവർധനവോടെയാണ് പുതിയ RS200 വിപണിയിലെത്തിയിരിക്കുന്നത്. 200 സിസി സ്പോർട്സ് ബൈക്ക് വിഭാഗത്തിൽ ഹീറോ കരിസ്മ XMR, KTM RC 200 തുടങ്ങിയ മോഡലുകളുമായി മത്സരം ശക്തമാക്കാൻ പുതിയ അപ്‌ഡേറ്റുകൾ ബജാജിനെ സഹായിക്കുമോ എന്നതാണ് വാഹനപ്രേമികൾ ഉറ്റുനോക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
