image

30 March 2026 7:18 PM IST

Automobile

Skoda Kushaq Facelift: ക്രെറ്റയേക്കാള്‍ കുറഞ്ഞ വിലയുള്ള എസ്‌യുവി

MyFin Desk

Skoda Kushaq Facelift: ക്രെറ്റയേക്കാള്‍ കുറഞ്ഞ വിലയുള്ള എസ്‌യുവി
X

Summary

ക്ലാസിക് പ്ലസ്, സിഗ്‌നേച്ചര്‍, സ്പോര്‍ട്ലൈന്‍, പ്രസ്റ്റീജ്, മോണ്ടി കാര്‍ലോ എന്നീ അഞ്ച് പ്രധാന വകഭേദങ്ങളിലെത്തുന്ന സ്‌കോഡ കുഷാഖിന് 10.69 ലക്ഷം മുതല്‍ 18.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.


പുത്തന്‍ കാറുകളിലൂടെ വിസ്മയം തീര്‍ത്ത് മുന്നേറുകയാണ് ചെക്ക് റിപ്പബ്ലിക്കന്‍ വാഹന നിര്‍മാതാക്കളായ സ്‌കോഡ. കൈലാക്, ന്യൂജെന്‍ കൊഡിയാക്, കുഷാഖ് ഫെയ്സ്ലിഫ്റ്റ് എന്നീ പുതുമോഡലുകളിലൂടെ ആളുകളെ തൃപ്ത്തിപ്പെടുത്തുവാനായ കമ്പനി ഇക്കഴിഞ്ഞ ദിവസം പുത്തന്‍ കുഷാഖിന്റെ വില പ്രഖ്യാപനത്തിലൂടെ ആളുകളെയെല്ലാം ഞെട്ടിക്കുകയും ചെയ്തിരുന്നു. മിഡ്-സൈസ് എസ്യുവി വിഭാഗത്തിലെ മിടുക്കന്‍മാരായ ഹ്യുണ്ടായി ക്രെറ്റയേക്കാളും ടിറ്റ സിയറയേക്കാളും വില കുറവില്‍ എത്തിയതോടെ പലരും പുതുമോഡലിനെ കണ്ണുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ വില പ്രഖ്യാപനത്തിന് പിന്നാലെ മുഖംമിനുക്കിയെത്തിയ വാഹനത്തിനായുള്ള ഡെലിവറിയും ആരംഭിച്ചിരിക്കുകയാണ് ബ്രാന്‍ഡ്.

ക്ലാസിക് പ്ലസ്, സിഗ്‌നേച്ചര്‍, സ്പോര്‍ട്ലൈന്‍, പ്രസ്റ്റീജ്, മോണ്ടി കാര്‍ലോ എന്നീ അഞ്ച് പ്രധാന വകഭേദങ്ങളിലെത്തുന്ന സ്‌കോഡ കുഷാഖിന് 10.69 ലക്ഷം മുതല്‍ 18.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ മാറ്റങ്ങള്‍, കൂടുതല്‍ സവിശേഷതകള്‍, പുതിയ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് എന്നിവയെല്ലാം വാഗ്ദാനം ചെയ്യുന്ന കുഷാഖ് ഫെയ്സ്ലിഫ്റ്റിന്റെ വില ആരാധകരെ നിരാശപ്പെടുത്തുന്നതല്ല.

ഡിസൈനിന്റെ കാര്യത്തിലേക്ക് വന്നാല്‍ സ്‌കോഡയുടെ ഏറ്റവും പുതിയ മോഡേണ്‍ സോളിഡ് ലുക്കിലാണ് കുഷാഖ് ഫെയ്സ്ലിഫ്റ്റ് പണികഴിപ്പിച്ചിരിക്കുന്നത്. പുരികങ്ങള്‍ക്ക് സമാനമായ ഡിആര്‍എല്ലുകളുള്ള സ്ലിം എല്‍ഇഡി ഹെഡ്ലൈറ്റുകളും ഗ്രില്ലില്‍ ഒരു സെഗ്മെന്റഡ് ലൈറ്റ് ബാറും ചേര്‍ന്ന എല്‍-ആകൃതിയിലുള്ള ലൈറ്റ് സിഗ്‌നേച്ചറുകളും കൊഡിയാക്കില്‍ നിന്ന് കടമെടുത്ത ഒരു വിശദാംശവും ചേര്‍ന്നതാണ് മിഡ്-സൈസ് എസ്യുവിയുടെ മുന്‍വശം.

പ്രീ-ഫെയ്സ്ലിഫ്റ്റ് മോഡലിന്റെ രൂപത്തോട് സാമ്യമുള്ള വശമാണെങ്കിലും പുതിയ വീല്‍ ഡിസൈനിലൂടെ കാര്യങ്ങള്‍ക്ക് ഫ്രഷ്‌നെസ് നല്‍കാന്‍ സ്‌കോഡയ്ക്ക് സാധിച്ചിട്ടുണ്ട്. കുഷാഖ് ഫെയ്സ്ലിഫ്റ്റിന്റെ താഴ്ന്ന വേരിയന്റുകളില്‍ 16 ഇഞ്ച് അലോയ് വീലുകളാണ് നല്‍കിയിരിക്കുന്നത്. അതേസമയം ഉയര്‍ന്ന ട്രിമ്മുകള്‍ക്ക് 17 ഇഞ്ച് യൂണിറ്റുകള്‍ ലഭിക്കും. പിന്‍ഭാഗത്ത് ഇപ്പോള്‍ കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഇലുമിനേറ്റഡ് സ്‌കോഡ ലെറ്ററിംഗ്, റീഡിസൈന്‍ ചെയ്ത ബമ്പര്‍ എന്നിവയാണ് എസ്യുവിക്ക് അഴകേകുന്നത്.

സ്‌കോഡ കുഷാഖ് ഫെയ്സ്ലിഫ്റ്റിന്റെ മൊത്തത്തിലുള്ള നീളം 4 മില്ലീമീറ്റര്‍ വര്‍ധിച്ചിട്ടുമുണ്ട് കേട്ടോ. വീതി, ഉയരം, വീല്‍ബേസ് എന്നിവ മുമ്പത്തെപ്പോലെ തന്നെ തുടരുകയാണെങ്കിലും നീളം കൂടിയത് കൂടുതല്‍ സ്‌പേസ് കണ്ടെത്താന്‍ സഹായകരമായി. പുതിയ മോഡലില്‍ ബൂട്ട് സ്‌പേസ് 491 ലിറ്ററായി ഉയര്‍ത്താനും ഇത് സഹായകരമായി. മുന്‍ പതിപ്പിന്റെ 385 ലിറ്ററിനേക്കാള്‍ 100 ലിറ്റര്‍ കൂടുതലാണ് ഇപ്പോള്‍ ലഗേജ് സ്‌പേസ്.

ഫെയ്സ്ലിഫ്റ്റിലെ ക്യാബിന്‍ മുമ്പത്തേക്കാള്‍ വളരെ പ്രീമിയമാക്കിയാണ് ചെക്ക് റിപ്പബ്ലിക്കന്‍ വാഹന നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്നത്. ട്രിമ്മുകളും അപ്‌ഹോള്‍സ്റ്ററിയും അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിലും മൊത്തത്തിലുള്ള ലേഔട്ട് അതേപടി നിലനിര്‍ത്തിയിരിക്കുന്നു. പനോരമിക് സണ്‍റൂഫ്, പിന്‍ സീറ്റുകള്‍ക്കുള്ള മസാജിംഗ് ഫംഗ്ഷന്‍, 10.25 ഇഞ്ച് വെര്‍ച്വല്‍ കോക്ക്പിറ്റ്, 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പോലുള്ള സവിശേഷതകളെല്ലാം ഇതിലുണ്ട്.

കഴിഞ്ഞില്ല, ഇതുകൂടാതെ വെന്റിലേറ്റഡ്, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, കൂള്‍ഡ് ഗ്ലൗബോക്‌സ്, ക്രൂയിസ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോ-ഡിമ്മിംഗ് IRVM, ഗൂഗിള്‍ ഓട്ടോമോട്ടീവ് AI ഇന്റഗ്രേഷന്‍, വയര്‍ലെസ് ചാര്‍ജര്‍ എന്നീ ഫീച്ചറുകളും പുതിയ കുഷാക്കില്‍ ലഭ്യമാണ്. ഫെയ്സ്ലിഫ്റ്റില്‍ എയര്‍ കണ്ടീഷനിംഗ് സിസ്റ്റവും മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്.

പുതിയ മോഡലില്‍ സുരക്ഷയും വളരെ മെച്ചപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ADAS ടെക്‌നോളജി ഇപ്പോഴും കുഷാഖിന് ഇല്ലെന്നത് പലരേയും നിരാശപ്പെടുത്തിയേക്കാം. ഉയര്‍ന്ന വേരിയന്റുകളില്‍ 40 ആക്ടീവ് പാസീവ് സുരക്ഷാ സവിശേഷതകള്‍ ഉണ്ട്. ഇതില്‍ 25 എണ്ണം എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡാണ്. ഒന്നിലധികം എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, മറ്റ് നിരവധി ഡ്രൈവര്‍ സഹായ സവിശേഷതകള്‍ എന്നിവയെല്ലാം വാഹനത്തിലുണ്ട്.

എഞ്ചിന്‍ ഓപ്ഷനിലേക്ക് വന്നാല്‍ 1.0 ലിറ്റര്‍ TSI, 1.5 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനുകള്‍ മാറ്റമില്ലാതെ തുടരുന്നുവെങ്കിലും ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാറ്റമുണ്ട്. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്സുകള്‍ക്ക് പുറമെ പുതിയ 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് കൂടി എസ്യുവിയിലേക്ക് വന്നെത്തിയിട്ടുണ്ട്. എന്തായാലും വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ കുഷാഖ് നിരത്തിലെത്തിക്കാന്‍ സ്‌കോഡയ്ക്ക് സാധിക്കുമെന്ന് ഉറപ്പാണ്.