27 Jan 2026 2:52 PM IST
Summary
സ്‌പ്ലെന്‍ഡറിന്റെ 2,80,760 പുതിയ വാഹനങ്ങളാണ് കഴിഞ്ഞമാസം വിറ്റഴിക്കപ്പെട്ടത്. ഏകദേശം 9,000 ആളുകളാണ് ഇത് പ്രതിദിനം വാങ്ങുന്നത്!
ഹീറോ സ്‌പ്ലെന്‍ഡര്‍ ഏവര്‍ക്കും പ്രിയപ്പെട്ടതാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു. ഡിസംബറില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ ഇരുചക്രവാഹനമാണിത്. സ്‌പ്ലെന്‍ഡറിന്റെ 2,80,760 പുതിയ വാഹനങ്ങളാണ് കഴിഞ്ഞമാസം വിറ്റഴിക്കപ്പെട്ടത്. ഏകദേശം 9,000 ആളുകളാണ് ഇത് പ്രതിദിനം വാങ്ങുന്നത്! 2024 ഡിസംബറില്‍ ഈ മോഡല്‍ 1,92,438 യൂണിറ്റുകളാണ് വിറ്റഴിച്ചിരുന്നത്.
മറ്റ് ബ്രാന്‍ഡുകളില്‍ നിന്ന് മത്സരമില്ലാതെ കഴിഞ്ഞ വര്‍ഷങ്ങളായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളാണ് സ്‌പ്ലെന്‍ഡര്‍. കുറഞ്ഞ വിലയും മികച്ച മൈലേജും ഇതിനെ വേറിട്ടതാക്കുന്നു. സ്‌പ്ലെന്‍ഡര്‍ പ്ലസ് ലിറ്ററിന് 70 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നതായാണ് കമ്പനി അവകാശപ്പെടുന്നത്. ദൈനംദിന ഉപയോഗത്തിന് ഇത് വളരെ മികച്ച വാഹനമാണ്.
100 സിസി, 125 സിസി എഞ്ചിന്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. സ്‌പ്ലെന്‍ഡര്‍ പ്ലസ്, സ്‌പ്ലെന്‍ഡര്‍ പ്ലസ് എക്‌സ്‌ടെക്, സ്‌പ്ലെന്‍ഡര്‍ പ്ലസ് എക്‌സ്‌ടെക് 2.0, സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ എക്‌സ്‌ടെക് എന്നിങ്ങനെ ആകെ 4 മോഡലുകളാണ് വിപണിയില്‍ ലഭ്യമായിട്ടുള്ളത്.
ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസിന്റെ വില ഏകദേശം 74,000 രൂപ മുതല്‍ ആരംഭിക്കുന്നു. സാധാരണക്കാരന്റെ ഇരുചക്രവാഹനം എന്ന പേര് ചാര്‍ത്തപ്പെട്ട മോഡലാണിത്. പൂര്‍ണമായും ഒരു ജനപ്രിയ വാഹനം.
ഡിസംബറില്‍ 1,81,604 യൂണിറ്റുകളുമായി ഹോണ്ട ആക്ടിവ രണ്ടാം സ്ഥാനത്തെത്തി.കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ ഇത് 1,20,981 യൂണിറ്റായിരുന്നു. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടര്‍ മോഡല്‍ എന്ന കിരീടവും അവര്‍ നിലനിര്‍ത്തി. സ്റ്റാന്‍ഡേര്‍ഡ്, ആനിവേഴ്സറി എഡിഷന്‍ എന്നീ രണ്ട് വേരിയന്റുകളിലായി 110 സിസി, 125 സിസി എഞ്ചിനുകളിലാണ് ആക്ടിവ വില്‍ക്കുന്നത്.
2024 ഡിസംബറില്‍ വിറ്റഴിച്ച 1,00,841 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ മാസം 1,41,602 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട ഷൈന്‍ മൂന്നാം സ്ഥാനം നേടി. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളായ ഹീറോ സ്‌പ്ലെന്‍ഡറിന് ഇത് നേരിട്ടുള്ള എതിരാളിയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
