12 Dec 2025 3:38 PM IST
Summary
പിവി കയറ്റുമതിയില്‍ 18.7 ശതമാനം വളര്‍ച്ച
രാജ്യത്തെ ഓട്ടോമൊബൈല്‍ വ്യവസായത്തിന് ബമ്പറടിച്ച മാസമായി നവംബര്‍. ഏറ്റവും മികച്ച പ്രകടനമാണ് കഴിഞ്ഞമാസം വാഹന വ്യവസായം കാഴ്ചവെച്ചതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് (സിയാം) പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
യാത്രാ വാഹന വിഭാഗത്തില്‍ കയറ്റുമതി 18.7 ശതമാനമാണ് വളര്‍ച്ച നേടിയത്. ആകെ 4,12,405 യൂണിറ്റുകള്‍ കമ്പനികള്‍ കയറ്റി അയച്ചു.നവംബറിലെ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയാണിത്. ത്രീ വീലര്‍ വില്‍പ്പനയും വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറിലെ കണക്കുപരിശോധിക്കുമ്പോള്‍ വില്‍പ്പനയില്‍ കഴിഞ്ഞമാസം 21.3 ശതമാനം വര്‍ധനവ് ഉണ്ടായി.71,999 യൂണിറ്റുകളാണ് കമ്പനികള്‍ വിറ്റഴിച്ചത്. ഇരുചക്രവാഹനമേഖലയും സമാനമായ പുരോഗതി കൈവരിച്ചു. വില്‍പ്പന 21.2 ശതമാനം വര്‍ധിച്ച് 19,44,475 യൂണിറ്റിലെത്തി. നവംബര്‍ മാസത്തെ റെക്കോര്‍ഡ് നേട്ടമാണിത്.
ജിഎസ്ടി നേട്ടമായി
ജിഎസ്ടി പരിഷ്‌കാരങ്ങളും ഉത്സവകാല ആവശ്യങ്ങളുമാണ് വില്‍പ്പന പൊടിപൊടിക്കാന്‍ സഹായിച്ചതെന്ന് സിയാം ഡയറക്ടര്‍ ജനറല്‍ രാജേഷ് മേനോന്‍ പറഞ്ഞു.വരും മാസങ്ങളിലും വില്‍പ്പനക്കുതിപ്പ് തുടരുമെന്ന് തന്നെയാണ് സംഘടനയുടെ വിശ്വാസം.
നവംബറില്‍ ത്രീ വീലര്‍ വിഭാഗത്തില്‍ പ്രധാനമായും യാത്രാ വാഹനങ്ങളുടെ വില്‍പ്പന 24.6 ശതമാനമാണ് വര്‍ധിച്ചത്. ചരക്ക് വാഹനങ്ങളുടെ വില്‍പ്പനയും 10.9 ശതമാനം എന്ന ആരോഗ്യകരമായ വളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍ ഇലക്ട്രിക് വിഭാഗത്തില്‍ സമ്മിശ്ര പ്രവണതകളാണ് ഉണ്ടായത്.
ഇരുചക്ര വാഹന വിഭാഗം നവംബറിലെ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ട് മുന്നേറ്റത്തിന്റെ പാത തുടര്‍ന്നു. നഗരങ്ങളിലെ ശക്തമായ ആവശ്യകതയെ പ്രതിഫലിപ്പിച്ചുകൊണ്ട് സ്‌കൂട്ടര്‍ വില്‍പ്പന 29.4 ശതമാനം വര്‍ധിച്ച് 7,35,753 യൂണിറ്റായി. ഒപ്പം മോട്ടോര്‍ സൈക്കിള്‍ വില്‍പ്പനയും 17.5 ശതമാനം വര്‍ധിച്ചു. ആകെ 11,63,751 യൂണിറ്റുകളാണ് കമ്പനികള്‍ വിറ്റഴിച്ചത്. മൊത്തത്തില്‍, ഇരുചക്ര വാഹന വ്യവസായം നവംബറില്‍ 19,44,475 യൂണിറ്റുകള്‍ രേഖപ്പെടുത്തി. ഇത് റെക്കോര്‍ഡാണ്.
ശക്തമായ ഉപഭോക്തൃ വികാരം തുടരുന്നതിനാല്‍ വരും വര്‍ഷവും ഓട്ടോമൊബൈല്‍ വ്യവസായംവളരുമെന്നാണ് കമ്പനികളുടെ വിശ്വാസം.
പഠിക്കാം & സമ്പാദിക്കാം
Home
