image

11 March 2026 3:07 PM IST

Automobile

Renault Unveils Bridger Concept : റെനോയുടെ മിനി ഡസ്റ്റർ എത്തുന്നു: ബ്രിഡ്ജർ കൺസെപ്റ്റ് എസ്‌യുവി അവതരിപ്പിച്ചു

MyFin Desk

Renault Unveils Bridger Concept : റെനോയുടെ മിനി ഡസ്റ്റർ എത്തുന്നു: ബ്രിഡ്ജർ കൺസെപ്റ്റ് എസ്‌യുവി അവതരിപ്പിച്ചു
X

Summary

കൈഗറിനും ഡസ്റ്ററിനും ഇടയിൽ പുതിയ കോംപാക്റ്റ് എസ്‌യുവി; പെട്രോൾ, ഹൈബ്രിഡ്, ഇലക്ട്രിക് ഓപ്ഷനുകൾ പ്രതീക്ഷ


ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ മിനി ഡസ്റ്റർ എന്നറിയപ്പെടുന്ന പുതിയ എസ്‌യുവിയുടെ കൺസെപ്റ്റ് മോഡൽ ബ്രിഡ്ജർ അവതരിപ്പിച്ചു. അടുത്ത വർഷം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ ചെറു എസ്‌യുവി, റെനോ കൈഗറും റെനോ ഡസ്റ്ററും ഇടയിലുള്ള സെഗ്മെന്റിലായിരിക്കും എത്തുക. ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ച ശേഷം ലോക വിപണികളിലേക്കും വാഹനത്തെ കൊണ്ടുപോകാനാണ് റെനോയുടെ പദ്ധതി.

നാലു മീറ്ററിൽ താഴെ നീളമുള്ള കോംപാക്റ്റ് എസ്‌യുവിയായ ബ്രിഡ്ജർ ബോക്സി സ്റ്റൈലിലുള്ള ശക്തമായ ഡിസൈനോടെയാണ് എത്തുന്നത്. അഗ്രസീവും സ്പോർട്ടിയുമായ എൽഇഡി ഹെഡ്‌ലൈറ്റുകൾ, ബ്ലാക്ക് ഔട്ട് ഗ്രില്ലിൽ പ്രകാശിക്കുന്ന റെനോ ലോഗോ, ബോണറ്റിലെ ബ്ലാക്ക് ആക്സന്റുകൾ എന്നിവ വാഹനത്തിന് പ്രത്യേക ലുക്ക് നൽകുന്നു. മുന്നിൽ വലിയ എയർഡാമും മസ്കുലർ സ്കിഡ് പ്ലേറ്റും നൽകിയിട്ടുണ്ട്.

സൈഡ് പ്രൊഫൈലിൽ ചതുരാകൃതിയിലുള്ള ഫെൻഡറുകളും വീൽ-ആർച്ച് ക്ലാഡിങ്ങും ശ്രദ്ധേയമാണ്. 18 ഇഞ്ച് അലോയ് വീലുകളും ഏകദേശം 200 എംഎം ഗ്രൗണ്ട് ക്ലിയറൻസും വാഹനത്തിനുണ്ട്. സി-പില്ലറിൽ ഒളിപ്പിച്ചിരിക്കുന്ന റിയർ ഡോർ ഹാൻഡിലുകളും പിൻഭാഗത്തേക്ക് ചുരുങ്ങുന്ന വിൻഡോ ലൈൻ ഡിസൈനും ബ്രിഡ്ജറിന്റെ പ്രത്യേകതയാണ്.

വലിയ എസ്‌യുവികളെ ഓർമിപ്പിക്കുന്ന തരത്തിൽ ടെയിൽഗേറ്റിൽ ഘടിപ്പിച്ച സ്പെയർ വീലും ഷാർപ്പ് എൽഇഡി ടെയിൽലാമ്പുകളും നൽകിയിട്ടുണ്ട്. പിന്നിലെ ഭാഗത്തും സ്പോർട്ടി ഡിസൈൻ ഘടകങ്ങൾ നിറഞ്ഞതാണ്.

ഇന്റീരിയർ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവിട്ടിട്ടില്ലെങ്കിലും മികച്ച സ്പേസും സൗകര്യങ്ങളും നൽകുമെന്നാണ് റെനോ പറയുന്നത്. പിന്നിലെ യാത്രക്കാർക്ക് 200 എംഎം ലെഗ് സ്പേസ് ലഭിക്കുമെന്നും 400 ലീറ്റർ ബൂട്ട് സ്പേസ് ഉണ്ടാകുമെന്നും കമ്പനി സൂചിപ്പിക്കുന്നു.

ആർ-ജിഎംപി പ്ലാറ്റ്ഫോമിൽ നിർമ്മിക്കുന്ന ഈ എസ്‌യുവിക്ക് പെട്രോൾ, ഹൈബ്രിഡ്, ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ ഡിസൈൻ ചെയ്ത് നിർമ്മിക്കുന്ന ഈ മോഡൽ പിന്നീട് ലോക വിപണികളിലേക്കും കയറ്റുമതി ചെയ്യാനാണ് റെനോയുടെ പദ്ധതി.