8 Jan 2026 9:50 AM IST
Simple One ultra range : തകർപ്പൻ റേഞ്ച്, കിടിലൻ സ്പീഡ്, ഏറ്റവും പുതിയ മോഡലുമായി സിംപിൾ വൺ
MyFin Desk
Summary
ഇലക്ട്രിക് സ്കൂട്ടറുകളിലെ ഏറ്റവും റേഞ്ച് കൂടിയ മോഡൽ. അൾട്രാ ഉൾപ്പടെ നാലു വ്യത്യസ്ത വേരിയന്റുകൾ സിംപിൾ വൺ വിപണിയൽ അവതരിപ്പിച്ചു.
ഇന്ത്യൻ നിർമിത ഇലക്ട്രിക് സ്കൂട്ടറുകളിലെ ഏറ്റവും റേഞ്ച് കൂടിയ മോഡൽ അവതരിപ്പിച്ച് സിംപിൾ വൺ. അൾട്രാ മോഡലിനാണ് 400 കിമീ ഐഡിസി റേഞ്ച് ലഭിക്കുക. 6.5kWh ബാറ്ററി പാക്കാണിതിന്. അൾട്രാ ഉൾപ്പടെ നാലു വ്യത്യസ്ത വേരിയന്റുകൾ കമ്പനി അവതരിപ്പിച്ചു. ഡിസൈനിലും പവറിലും മാറ്റങ്ങളുമായാണ് ജെൻ2 സിംപിൾവൺ സ്കൂട്ടറുകൾ ഇറക്കുന്നത്.
അടിസ്ഥാന മോഡലായ സിംപിൾ വൺ എസിന് 1,49,999 രൂപയാണ് വില. 3.7kWh ബാറ്ററി കപ്പാസിറ്റി. ഈ മോഡലിൽ നിലവിലെ ബാറ്ററി പാക്ക് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇപ്പോൾ ബുക്ക് ചെയ്യുകയാണെങ്കിൽ ഓഫർ വിലയായി 1,39,999 രൂപയ്ക്ക് ലഭിക്കും. റേഞ്ച് 190 കിമീ.ജെൻ2 മോഡലിൽ 5kWh ബാറ്ററിയുള്ള വേരിയന്റിന് 1,77,999 രൂപയും 4.5kWh ബാറ്ററി വേരിയന്റിന് 1,69,999 രൂപയുമാണ് വില.
61 ഷോറൂമുകളിൽ ലഭ്യമാകും
റേഞ്ച് യഥാക്രമം 265കിമീ, 236 കിമീ. ഇന്ത്യൻ ഇ–സ്കൂട്ടറുകളിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഇലക്ട്രിക് കൂടിയാണ് അൾട്രാ. ടോപ് സ്പീഡ് 115 kmph. 0–40 വേഗമാർജിക്കാൻ 2.77 സെക്കൻഡ് മതി. ബെംഗളൂരൂ, പുനെ, ഗോവ, ഹൈദരാബാദ്, കൊച്ചി, വിജയവാഡ, ജയ്പൂർ, മംഗളൂരൂ എന്നീ നഗരങ്ങളുൾപ്പെടെ സിംപിൾ എനർജിയുടെ 61 ഷോറുമുകളിൽ എല്ലാ മോഡലുകളും ഉടൻ തന്നെ ലഭ്യമാകും. ഉപയോക്താക്കൾക്ക് ഫ്ലിപ്ക്കാർട്ട്, ആമസോൺ ഓൺലൈൻ സൈറ്റുകൾ വഴിയും ബുക്ക് ചെയ്യാവുന്നതാണ്.
ഡിസൈൻ, പെർഫോമൻസ്, യൂട്ടിലിറ്റി എല്ലാം മെച്ചപ്പെടുത്തിക്കൊണ്ടാണ് ജെൻ2 എത്തിയിരിക്കുന്നത്. 7 ഇഞ്ച് ഡിജിറ്റൽ ടച്ച് സ്ക്രീൻ, ട്രാക്‌ഷൻ കൺട്രോൾ, 4–ലെവൽ റീജനറേറ്റീവ് ബ്രേക്കിങ്, ക്രൂസ് കൺട്രോൾ, സൂപ്പർ ഹോൾഡ് അസിസ്റ്റ്, നാവിഗേഷൻ, ജിയോഫെൻസിങ്, റൂട്ട് മാപ്പ് ഷെയറിങ് എന്നിങ്ങനെ ഒട്ടേറെ ഫീച്ചറുകൾ പുതിയ മോഡലിലുണ്ട്. ആദ്യ രണ്ടു വേരിയന്റുകൾക്കു മാത്രമാണ് ടച്ച് സ്ക്രീൻ വരുന്നത്. 796എംഎം ആയിരുന്ന സീറ്റിന്റെ ഉയരം 780 ആക്കി കുറച്ചു. ഭാരവും കുറഞ്ഞു.
ഫീച്ചറുകൾ ഇങ്ങനെ
ഫ്ലോർ ബോർഡും ചെറുതാക്കി. ഫ്ലോർ ബോർഡിനടിയിലാണ് ബാറ്ററി. അൾട്രായിൽ ഫ്ലോർ ബോർഡിലെ 5kWh ബാറ്ററി കൂടാതെ 1.5kWh ബാറ്ററി പാക്ക് സീറ്റിനടിയിലും സെറ്റ് ചെയ്തിട്ടുണ്ട്. എല്ലാ മോഡലുകളിലും ഫിക്സഡ് ബാറ്ററിയായി. മുന്നിൽ പ്രത്യേക ഗ്ലവ് ബോക്സ്, സീറ്റിനടിയിലെ സ്റ്റോറേജ് സൗകര്യം 35 ലീറ്ററായി ഉയർത്തി.
കരുത്തുറ്റ ഇലക്ട്രിക് മോട്ടറാണ് ജെൻ2 മോഡലുകളുടെ മറ്റൊരു സവിശേഷത. 4.5kWh വേരിയന്റിന്റെ ഉയർന്ന പവർ 6.4kW. ടോർക്ക് 52 എൻഎം. 0–40 ആക്സിലറേഷൻ ചെയ്യാനെടുക്കുന്ന സമയം 3.3 സെക്കൻഡ്. ടോപ് സ്പീഡ് 90kmph. 5kWh വേരിയന്റിന്റെ ഉയർന്ന കരുത്ത് 8.8kW. കൂടിയ ടോർക്ക് 72 എൻഎം. ടോപ് സ്പീഡ് 115kmph.
0–40 വേഗമാർജിക്കാൻ 2.55 സെക്കൻഡ് മതി. ഇക്കോ എക്സ്, ഇക്കോ, റൈഡ്, എയർ, സോണിക്, സോണിക് എക്സ് എന്നിങ്ങനെ 6 റൈഡിങ് മോഡുകൾ. വൺ 4.5kWh, വൺ എസ് ബേസ് വേരിയന്റുകളിൽ സോണിക്, സോണിക് എക്സ് മോഡുകളില്ല. 750W പോർട്ടബിൾ ചാർജറാണ് വരുന്നത്. ഫാസ്റ്റ് ചാർജറിൽ 2 മണിക്കൂർ 15 മിനിറ്റിൽ 80% ചാർജ് ആകും.
എല്ലാ സിംപിൾ വൺ സ്കൂട്ടറുകൾക്കും ലൈഫ്ടൈം വാറന്റി കമ്പനി പ്രഖ്യാപിച്ചു. മോട്ടറിനും ബാറ്ററിയ്ക്കുമാണ് ലൈഫ്ടൈം വാറന്റി ലഭ്യമാകുക. ചാർജറിന് 3 വർഷം അല്ലെങ്കിൽ 30,000 കിമീ വരെ വാറന്റി ഉണ്ട്. അൾട്രാ മോഡലിന്റെ വില കമ്പനി പ്രഖ്യാപിച്ചിട്ടില്ല
പഠിക്കാം & സമ്പാദിക്കാം
Home
