image

26 Dec 2025 9:58 PM IST

Automobile

Avinya: പ്രീമിയം സെഗ്മെന്റില്‍ പിടിമുറുക്കാന്‍ അവിന്യയുമായി ടാറ്റാ മോട്ടോഴ്‌സ്

MyFin Desk

Tata Motors profit rose 137% to Rs 7,025 crore
X

Summary

2026 അവസാനത്തോടെ ടാറ്റയുടെ ആദ്യ 'അവിന്യ' ബ്രാന്‍ഡ് ഇലക്ട്രിക് വാഹനം വിപണിയിലെത്തും


ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ ആധിപത്യം തുടരുന്ന ടാറ്റ മോട്ടോഴ്‌സ് പ്രീമിയം സെഗ്മെന്റിലേക്ക് ശക്തമായ ചുവടുവെപ്പ് നടത്തുന്നു. 2026 അവസാനത്തോടെ ടാറ്റയുടെ ആദ്യ 'അവിന്യ' ബ്രാന്‍ഡ് ഇലക്ട്രിക് വാഹനം വിപണിയിലെത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചത്. ഒരൊറ്റ മോഡലായി മാത്രമല്ല, സ്വതന്ത്ര പ്രീമിയം ബ്രാന്‍ഡായാണ് അവിന്യയെ ടാറ്റ അവതരിപ്പിക്കുന്നത്.

അവിന്യ ശ്രേണിയിലെ വാഹനങ്ങള്‍

അവിന്യ ശ്രേണിയിലെ വാഹനങ്ങള്‍ ടാറ്റയുടെ അത്യാധുനിക 'ജെന്‍ 3' ബോണ്‍-ഇലക്ട്രിക് സ്‌കേറ്റ്‌ബോര്‍ഡ് പ്ലാറ്റ്ഫോമിലാണ് നിര്‍മിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി രൂപകല്‍പ്പന ചെയ്ത ഈ പ്ലാറ്റ്ഫോം കൂടുതല്‍ ഇടസൗകര്യം, മികച്ച ബാറ്ററി പാക്ക്, അതിവേഗ ചാര്‍ജിങ് സംവിധാനങ്ങള്‍, ആധുനിക സോഫ്‌റ്റ്വെയര്‍-സാങ്കേതിക സംയോജനങ്ങള്‍ എന്നിവ ഉറപ്പാക്കുമെന്ന് ടാറ്റ വ്യക്തമാക്കി.

പരമ്പരാഗത എസ്യുവി അല്ലെങ്കില്‍ എംപിവി രൂപകല്‍പ്പനയില്‍ നിന്ന് വ്യത്യസ്തമായി, ലളിതവും ആഡംബരപൂര്‍ണ്ണവുമായ ഇന്റീരിയറാണ് മോഡലിന് ഒരുക്കുന്നത്. പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചുള്ള അകത്തളവും യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഡിസൈനും അവിന്യയെ പ്രീമിയം തലത്തിലേക്ക് ഉയര്‍ത്തും.

പ്രത്യേക വില്‍പ്പന-സര്‍വീസ് കേന്ദ്രങ്ങള്‍

അവിന്യ ബ്രാന്‍ഡിനായി പ്രത്യേക വില്‍പ്പന-സര്‍വീസ് കേന്ദ്രങ്ങള്‍ ടാറ്റ പാസഞ്ചര്‍ മോട്ടോഴ്‌സ് ഒരുക്കുമെന്നും, ഡിജിറ്റല്‍ സാങ്കേതികവിദ്യയും നേരിട്ടുള്ള ഉപഭോക്തൃ അനുഭവവും സംയോജിപ്പിച്ച 'ഫിജിറ്റല്‍' വിപണന മാതൃകയാണ് സ്വീകരിക്കുകയെന്നും കമ്പനി അറിയിച്ചു.