image

23 Dec 2025 3:42 PM IST

Automobile

വരുന്നു വാഹന വിപണിയിൽ തകർപ്പൻ മത്സരം; അഞ്ച് മോഡലുകൾ അവതരിപ്പിക്കാന്‍ ടാറ്റ മോട്ടോഴ്‌സ്

MyFin Desk

വരുന്നു വാഹന വിപണിയിൽ തകർപ്പൻ മത്സരം; അഞ്ച് മോഡലുകൾ അവതരിപ്പിക്കാന്‍ ടാറ്റ മോട്ടോഴ്‌സ്
X

Summary

2030 സാമ്പത്തിക വര്‍ഷത്തോടെ ഇവി ബിസിനസില്‍ 16,000-18,000 കോടി രൂപ കമ്പനി നിക്ഷേപിക്കും


യാത്ര വാഹന വിഭാഗത്തില്‍ മത്സരം കടുക്കും. അഞ്ച് പുതിയ മോഡലുകള്‍ പുറത്തിറക്കുമെന്ന് ടാറ്റ മോട്ടോഴ്സ്. ഇതില്‍ പ്രീമിയം ഉല്‍പ്പന്നമായ അവിന്യയും ഉള്‍പ്പെടുന്നു. 2030 സാമ്പത്തിക വര്‍ഷത്തോടെ ഇത് സാധ്യമാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. രാജ്യത്ത് വികസിച്ചുകൊണ്ടിരിക്കുന്ന പ്രീമിയം വിഭാഗത്തില്‍ 45-50 ശതമാനം വിപണി വിഹിതം നിലനിര്‍ത്താനാണ് ടാറ്റാ മോട്ടാഴ്‌സിന്റെ ശ്രമം.

അതേസമയം 2030 സാമ്പത്തിക വര്‍ഷത്തോടെ ഇലക്ട്രിക് വാഹന ബിസിനസില്‍ 16,000-18,000 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി വ്യക്തമാക്കി. കൂടാതെ രാജ്യത്തുടനീളമുള്ള ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങളും കമ്പനി വികസിപ്പിക്കും. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ ഇലക്ട്രിക് പാസഞ്ചര്‍ വാഹനങ്ങളുടെയും ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും (66 ശതമാനം) ടാറ്റാ മോട്ടോഴ്‌സിന്റെ വാഹനങ്ങളാണ്.

രാജ്യത്തെ ഏറ്റവും വലിയ ഇവി പോര്‍ട്ട്ഫോളിയോയും ടാറ്റ മോട്ടോഴ്‌സിന് സ്വന്തമാണ്. ഇവികളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിനായി എല്ലാ സെഗ്മെന്റുകളിലും കമ്പനി ഇവികള്‍ ലഭ്യമാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

അവിന്യ; പ്രീമിയം വിപണിയിലേക്ക് മാസ് എൻട്രി

'2026 അവസാനത്തോടെ, പ്രീമിയം ഇലക്ട്രിക് വാഹന ശ്രേണിയായ അവിന്യ ഞങ്ങള്‍ പുറത്തിറക്കും.2030 സാമ്പത്തിക വര്‍ഷത്തോടെ, സിയറ, അവിന്യ എന്നിവയുള്‍പ്പെടെ അഞ്ച് പുതിയ ഇലക്ട്രിക് വാഹന മോഡലുകളാണ് പുറത്തിറക്കുക. കൂടാതെ നിലവിലുള്ള മോഡലുകള്‍ക്കായി ഒന്നിലധികം അപ്ഡേറ്റുകളും പുതുക്കലുകളും കൊണ്ടുവരും', ടിഎംപിവി എംഡിയും സിഇഒയുമായ ശൈലേഷ് ചന്ദ്ര പറഞ്ഞു.