6 Jan 2026 2:52 PM IST
Tata Punch New : പുത്തൻ ടാറ്റാ പഞ്ചിന്റെ ചിത്രങ്ങൾ പുറത്തു വിട്ട് ടാറ്റാ മോട്ടർസ്
MyFin Desk
Summary
പുതിയ ഫീച്ചറുകൾക്കൊപ്പം കരുത്തുറ്റ ടർബോ-പെട്രോൾ എഞ്ചിനും
പുത്തൻ ടാറ്റാ പഞ്ചിന്റെ ചിത്രങ്ങൾ പുറത്തു വിട്ട് ടാറ്റാ മോട്ടർസ്. ജനുവരി 13 ന് വിപണിയിൽ അവതരിപ്പിക്കാനിരിക്കുന്ന മോഡലിന്റെ ചിത്രങ്ങളാണ് പുറത്ത് വിട്ടത്. ടാറ്റാ മോട്ടോർസിന്റെ എസ് യുവി നിരയിലെ മൈക്രോ എസ് യുവി മോഡലായി 2021 ലായിരുന്നു കമ്പനി പഞ്ചിനെ വിപണിയിലിറക്കിയത്. ഏറെ കാത്തിരിപ്പിന് ശേഷമാണ് ടാറ്റാ പഞ്ച് ലുക്കിൽ മാറ്റം വരുത്തി എത്തുന്നത്. ഇതിനു മുമ്പ് വിവിധ ടീസറുകളും കമ്പനി പുറത്തിറക്കിയിരുന്നു.
പുതിയ ഫീച്ചറുകൾക്കൊപ്പം കരുത്തുറ്റ ടർബോ-പെട്രോൾ എഞ്ചിനും ഇതിലുണ്ടാകും.പഞ്ച് ഇവിയോട് സമാനമായ മുൻഭാഗമാണ് പുതിയ പഞ്ചിനുള്ളത്. പഞ്ച് ഇവിയിലേതിന് സമാനമായ വെർട്ടിക്കൽ ഹെഡ്‌ലാമ്പ് പോഡുകളാണ് ഇതിലുമുള്ളത്. എന്നാൽ, ഇവിയുടേത് ബോഡി കളറിലുള്ള ബമ്പറാണെങ്കിൽ, സാധാരണ പഞ്ചിന് ബ്ലാക്ക്-ഔട്ട് ഫിനിഷുള്ള മുൻ ബമ്പറാണ് നൽകിയിരിക്കുന്നത്. കൂടാതെ പുതിയ എൽഇഡി ഡിആർഎല്ലുകളുംഅവയ്ക്കിടയിൽ കറുത്ത ബാൻഡും നൽകിയിട്ടുണ്ട്. വശങ്ങളിൽ കാണാവുന്ന മാറ്റം പുതിയ അലോയ് വീലുകളാണ്.
പിന്നിൽ, പരസ്പരം ബന്ധിപ്പിക്കപ്പെട്ട ടെയിൽ ലൈറ്റ് ഡിസൈനാണ് നൽകിട്ടുള്ളത്. ടെയിൽ ലാംപുകളിലെ എൽഇഡി ഡീറ്റെയിലിംഗും ബമ്പറും പുതുക്കിയിട്ടുണ്ട്. പുതിയ നിറങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. ഇനി അകത്തേക്ക് വന്നാൽ നെക്സോൺ, ആൾട്രോസ് തുടങ്ങിയ വലിയ മോഡലുകൾക്ക് സമാനമാണ് മുഖം മിനുക്കിയെത്തുന്ന പഞ്ചിന്റെ അകം. 10.25 ഇഞ്ച് വലിപ്പമുള്ള പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമാണ് പ്രധാന ആകർഷണങ്ങൾ. ടാറ്റയുടെ മറ്റ് കാറുകളിലെ പോലെ ടു-സ്‌പോക്ക് സ്റ്റിയറിങ് വീലും ടച്ച് അടിസ്ഥാനമാക്കിയുള്ള ക്ലൈമറ്റ് കൺട്രോൾ പാനലും ഇതിലുണ്ട്.
പുതിയ പഞ്ചിന് കരുത്തേകാൻ നെക്‌സോണിൽ ഉൾപ്പെടെ ടാറ്റ മോട്ടോഴ്‌സ് നൽകിയിട്ടുള്ള 1.2-ലീറ്റർ, 3-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് ഉള്ളത്. ഇത് ഏകദേശം 118 ബിഎച്ച്പി കരുത്തും 170 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഇതുകൂടാതെ നിലവിലെ പഞ്ചിൽ നൽകിയിട്ടുള്ള 1.2 ലീറ്റർ പെട്രോൾ എൻജിനിലും, സിഎൻജി എൻജിനിലും ഈ വാഹനം എത്തും.
പഠിക്കാം & സമ്പാദിക്കാം
Home
