27 March 2026 9:08 PM IST
demand for electric vehiclse: യുദ്ധവും ഇന്ധന പ്രതിസന്ധിയും; ഇവി വിപണി കുതിപ്പില്‍
MyFin Desk
Summary
ഇന്ധനവില ഉയരുന്നതിന് ആനുപാതികമായി വൈദ്യുത കാറുകളുടെ യൂസ്ഡ് കാര്‍ വിപണിയും ഉഷാറായിരിക്കുകയാണ്.
പശ്ചിമേഷ്യയിലെ അമേരിക്ക, ഇസ്രായേല്‍, ഇറാന്‍ ആക്രമണം ശക്തമാകുമ്പോള്‍ അതിന്റെ പ്രതിഫലനം ലോകമെമ്പാടുമുള്ള ഇന്ധന വിപണിയില്‍ വ്യക്തമാണ്. ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ആഗോള എണ്ണവിതരണത്തില്‍ വലിയ തിരിച്ചടിയുണ്ടായി. ഫെബ്രുവരി അവസാനം മുതല്‍ മാര്‍ച്ച് മധ്യം വരെയുള്ള കാലയളവില്‍ യൂറോപ്പില്‍ എണ്ണവില ഏകദേശം 12% വരെ ഉയര്‍ന്നത് രാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ഇന്ധനവില ഉയര്‍ന്നു; ഇവികള്‍ക്ക് ആവശ്യം കൂടുന്നു
ഇന്ധനവില ഉയര്‍ന്നതോടെ വൈദ്യുത വാഹനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാകുകയാണ്. പ്രത്യേകിച്ച് യൂറോപ്പില്‍ യൂസ്ഡ് ഇവികളുടെ ആവശ്യകത വലിയ തോതില്‍ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. പഴയ ഇവികളുടെ വില്‍പന 6.5%ല്‍ നിന്നും 12.7% ആയി കുതിച്ചുയര്‍ന്നപ്പോള്‍, പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വിറ്റുവരവ് കുറഞ്ഞു.
യുദ്ധസാഹചര്യം വിപണിയെ മാറ്റുന്നു
ഇന്ധനക്ഷാമ ഭീഷണി ശക്തമായതോടെ ഉപഭോക്താക്കള്‍ വേഗത്തില്‍ തീരുമാനങ്ങളെടുക്കുകയാണ്. പുതിയ വാഹനങ്ങള്‍ക്ക് കാത്തിരിക്കേണ്ട സമയത്തെ അപേക്ഷിച്ച് യൂസ്ഡ് ഇവികള്‍ ഉടന്‍ ലഭ്യമാകുന്നതും 40% വരെ വിലക്കുറവുമാണ് പ്രധാന ആകര്‍ഷണം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ ഇവികള്‍ക്കായുള്ള അന്വേഷണങ്ങളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കമ്പനികള്‍ അവസരം പ്രയോജനപ്പെടുത്തുന്നു
ചൈനീസ് വാഹന നിര്‍മാതാക്കളായ എംജി മോട്ടോര്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഈ അവസരം മുതലെടുക്കാന്‍ വിപണന തന്ത്രങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഉപഭോക്താക്കളെ ''മാറ്റത്തിന് തയ്യാറാകൂ'' എന്ന സന്ദേശവുമായി ആകര്‍ഷിക്കാന്‍ സോഷ്യല്‍ മീഡിയ പ്രചരണങ്ങളും ശക്തമാകുന്നു.
ഭാവിയില്‍ ഇവികള്‍ക്ക് വലിയ വളര്‍ച്ച
യുദ്ധവും ഇന്ധനവില വര്‍ധനവും തുടരുകയാണെങ്കില്‍ ഇവി, ഹൈബ്രിഡ് വാഹനങ്ങള്‍ കൂടുതല്‍ പ്രാധാന്യമാര്‍ജിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. യൂറോപ്പിലെ വിവിധ ഓണ്‍ലൈന്‍ കാര്‍ പ്ലാറ്റ്ഫോമുകളില്‍ ഇതിനകം തന്നെ ഇവികളുടെ തിരച്ചിലും വില്‍പനയും ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. ആഗോള സംഭവവികാസങ്ങള്‍ വാഹന വിപണിയെ മാറ്റിമറിക്കുന്നതിന്റെ തെളിവാണ് ഈ പ്രവണത.
പഠിക്കാം & സമ്പാദിക്കാം
Home
