image

27 Jan 2026 8:54 PM IST

Automobile

TVS Motor’s First Electric Motorcycle Launch: ടിവിഎസിന്റെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ: ഇഎഫ്എക്‌സ് 3ഒ വരവിന് ഒരുങ്ങുന്നു

MyFin Desk

TVS Motor’s First Electric Motorcycle Launch: ടിവിഎസിന്റെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ: ഇഎഫ്എക്‌സ് 3ഒ വരവിന് ഒരുങ്ങുന്നു
X

Summary

ഇഐസിഎംഎ 2025ൽ അവതരിപ്പിച്ച കോൺസെപ്റ്റ് മോഡൽ 2026–27ൽ നിരത്തിലേക്ക് എത്തുമെന്ന് സൂചന


വൈദ്യുത ഇരുചക്രവാഹന വിപണിയിൽ കൂടുതൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനുള്ള നീക്കങ്ങളുമായി ടിവിഎസ് മോട്ടോർ. കമ്പനിയുടെ വരാനിരിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിളുകളിൽ ഏറെ ശ്രദ്ധ നേടുന്നത് ടിവിഎസ് ഇഎഫ്എക്‌സ് 3ഒ ആണ്. മിലാനിൽ നടന്ന ഇഐസിഎംഎ 2025ൽ കോൺസെപ്റ്റ് വാഹനമായി അവതരിപ്പിച്ച ഈ മോഡലിന്റെ നിർമാണത്തിലേക്കുള്ള അടുത്ത ഘട്ടത്തിലേക്ക് ടിവിഎസ് കടക്കുന്നതായാണ് പുതിയ സൂചനകൾ.

ഇഎഫ്എക്‌സ് 3ഒയുടെ ഡിസൈൻ പകർപ്പവകാശത്തിനായി ടിവിഎസ് അപേക്ഷ നൽകിയിട്ടുണ്ട്. ഇതിലൂടെ കമ്പനിയുടെ ആദ്യ പൂർണ ഇലക്ട്രിക് മോട്ടോർസൈക്കിളായി ഇഎഫ്എക്‌സ് 3ഒ പുറത്തിറങ്ങുമെന്ന് ഉറപ്പാകുന്നു. 2026 അവസാനത്തിലോ 2027 തുടക്കത്തിലോ ആയിരിക്കും മോഡലിന്റെ ഔദ്യോഗിക അരങ്ങേറ്റം പ്രതീക്ഷിക്കുന്നത്.

പുറത്തുവന്ന പകർപ്പവകാശ ചിത്രങ്ങൾ പ്രകാരം, ഷാർപ്പ് ബോഡി പാനലുകളും ചതുരാകൃതിയിലുള്ള ഹെഡ്‌ലൈറ്റുകളും ഉൾക്കൊള്ളുന്ന ആധുനികവും സ്‌പോർട്ടിയുമായ ഡിസൈൻ ആണ് ഇഎഫ്എക്‌സ് 3ഒയ്ക്ക്. യുഎസ്ഡി ഫ്രണ്ട് ഫോർക്സ്, വലിയ ബാറ്ററി പാക്കിനുള്ള ഇടം, ബെൽറ്റ് ഡ്രൈവ് സംവിധാനമുള്ള സ്വിങ് ആം സെറ്റപ്പ് എന്നിവയും ഇതിലുണ്ടാകും.

മിഡ്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോർ ഉപയോഗിക്കുന്ന മോഡലായിരിക്കും ഇഎഫ്എക്‌സ് 3ഒ എന്നാണ് റിപ്പോർട്ടുകൾ. മികച്ച എയറോഡൈനാമിക്‌സ് ഉറപ്പാക്കുന്ന രീതിയിലാണ് വാഹനത്തിന്റെ മൊത്തത്തിലുള്ള ഡിസൈൻ. മെലിഞ്ഞ ടാങ്ക് ഡിസൈൻ, വേഗതയ്ക്ക് തടസമില്ലാത്ത ബോഡി ഷേപ്പ് എന്നിവയും ശ്രദ്ധേയമാണ്.

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, താഴ്ന്ന ഹാൻഡിൽബാർ, സിംഗിൾ സീറ്റ്, പിന്നിൽ മോണോ ഷോക്ക് സസ്പെൻഷൻ എന്നിവയും വാഹനത്തിന്റെ ഭാഗമാകും. മുന്നിലെയും പിന്നിലെയും ടയറുകൾ ഒരേ വലിപ്പമുള്ളതാണെങ്കിലും, പിന്നിലെ ചക്രത്തിന് കൂടുതൽ തടി നൽകിയത് ഗ്രിപ്പും സ്ഥിരതയും വർധിപ്പിക്കും.

ഡിസ്‌ക് ബ്രേക്കുകളും ഡ്യുവൽ-ചാനൽ എബിഎസും സ്റ്റാൻഡേർഡായി ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രീമിയം ഇലക്ട്രിക് മോട്ടോർസൈക്കിൾ വിഭാഗത്തിലേക്കാണ് ഇഎഫ്എക്‌സ് 3ഒയുടെ പ്രവേശനം. അപ്പാച്ചെ ആർടിആർ 310ന്റെ ഇലക്ട്രിക് പതിപ്പായിരിക്കാം ഇതെന്ന വിലയിരുത്തലും ശക്തമാണ്.

ഏകദേശം രണ്ട് ലക്ഷം രൂപ വില പ്രതീക്ഷിക്കുന്ന ഇഎഫ്എക്‌സ് 3ഒ, സ്‌പോർട്ടിനസും മലിനീകരണ രഹിത സാങ്കേതികവിദ്യയും ഒരുപോലെ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്. ഇവി മോട്ടോർസൈക്കിൾ വിപണിയിൽ ടിവിഎസ് അവതരിപ്പിക്കുന്ന ശക്തനായ പോരാളിയാകുമെന്ന് ഇഎഫ്എക്‌സ് 3ഒയെക്കുറിച്ച് വിലയിരുത്തപ്പെടുന്നു.