image

23 Nov 2026 5:36 PM IST

Automobile

ഗള്‍ഫില്‍ ചൈനീസ് വിപ്ലവം; യുഎഇയില്‍ എത്തിയത് 2.21 ലക്ഷം കാറുകള്‍

MyFin Desk

chinese car revolution in the gulf market, 221,000 cars arrive in uae
X

Summary

ചൈനീസ് കാറുകളുടെ ഏറ്റവും വലിയ പത്ത് വിദേശ വിപണികളില്‍ യുഎഇ എട്ടാം സ്ഥാനത്തെത്തി


ചൈനീസ് പാസഞ്ചര്‍ വാഹനങ്ങളുടെ ഏറ്റവും വലിയ കയറ്റുമതി വിപണികളില്‍ എട്ടാം സ്ഥാനത്തെത്തി യുഎഇ. 2026ലെ ആദ്യ ഒന്‍പത് മാസത്തെ കണക്കുകള്‍ പ്രകാരം 2.21 ലക്ഷത്തോളം ചൈനീസ് കാറുകളാണ് യുഎഇയിലെത്തിയത്.

ചൈനീസ് വാഹന വിപണിയുടെ ആഗോള വളര്‍ച്ചയില്‍ ഗള്‍ഫ് രാജ്യങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകള്‍. ഗാസ്ഗൂ ഓട്ടോമോട്ടീവ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ പ്രകാരം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 2,21,988 പാസഞ്ചര്‍ വാഹനങ്ങളാണ് ചൈനയില്‍നിന്ന് യുഎഇയിലേക്ക് കയറ്റുമതി ചെയ്തത്. ഇതോടെ ചൈനീസ് കാറുകളുടെ ഏറ്റവും വലിയ പത്ത് വിദേശ വിപണികളില്‍ യുഎഇ എട്ടാം സ്ഥാനത്തെത്തി.

റഷ്യ, ബ്രസീല്‍, യുകെ, ബെല്‍ജിയം, ഓസ്ട്രേലിയ, മെക്‌സിക്കോ, ഇറ്റലി എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ യുഎഇയ്ക്ക് മുന്നിലുള്ളത്. 7,27,579 വാഹനങ്ങള്‍ ഇറക്കുമതി ചെയ്ത റഷ്യയാണ് ഒന്നാം സ്ഥാനത്ത്. ബ്രസീല്‍ രണ്ടാം സ്ഥാനത്തും യുകെ മൂന്നാം സ്ഥാനത്തുമാണ്. 5,11,323 വാഹനങ്ങളാണ് ബ്രസീലിലേക്ക് ചൈനയില്‍നിന്ന് കയറ്റുമതി ചെയ്തത്. യുകെയിലേക്ക് 4,17,120 വാഹനങ്ങളും എത്തി.

അതേസമയം, യുഎഇയിലേക്കുള്ള ചൈനീസ് വാഹന കയറ്റുമതിയില്‍ 35.7 ശതമാനത്തിന്റെ കുറവുണ്ടായത് ശ്രദ്ധേയമാണ്. ആദ്യ പത്ത് വിപണികളില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണിത്. ഇലക്ട്രിക്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങള്‍ ഉള്‍പ്പെടുന്ന ന്യൂ എനര്‍ജി വെഹിക്കിള്‍ വിഭാഗത്തിലും യുഎഇ പത്താം സ്ഥാനത്താണ്.

ഈ വിഭാഗത്തില്‍ 88,835 വാഹനങ്ങളാണ് ചൈനയില്‍ നിന്ന് യുഎഇയിലെത്തിയത്. ആകെ ചൈനീസ് പാസഞ്ചര്‍ വാഹന കയറ്റുമതിയുടെ ഏകദേശം 40 ശതമാനവും ന്യൂ എനര്‍ജി വാഹനങ്ങളാണ്. എന്നാല്‍ ഈ വിഭാഗത്തിലെ കയറ്റുമതിയിലും 1.2 ശതമാനം കുറവുണ്ടായി. ആദ്യ പത്ത് വിപണികളില്‍ ന്യൂ എനര്‍ജി വാഹനങ്ങളുടെ കയറ്റുമതി കുറഞ്ഞ ഏക രാജ്യവും യുഎഇയാണ്.

വിലയിലെ മത്സരക്ഷമത, ആധുനിക സാങ്കേതികവിദ്യ, ഇലക്ട്രിക് വാഹനങ്ങളുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യം എന്നിവയാണ് ആഗോള വിപണിയില്‍ ചൈനീസ് വാഹന നിര്‍മാതാക്കള്‍ക്ക് കരുത്താകുന്നത്. അതേസമയം, സ്‌പെയര്‍ പാര്‍ട്‌സുകളുടെ ലഭ്യത, വില്‍പ്പനാനന്തര സേവനം, വാഹനങ്ങളുടെ ഗുണനിലവാരം, പുനര്‍വില്‍പ്പന മൂല്യം തുടങ്ങിയ ഘടകങ്ങളും വിപണിയിലെ ഭാവി സാധ്യതകളെ സ്വാധീനിക്കും.