30 Jan 2026 9:33 AM IST
Upcoming Adventure Motorcycles in India: ഇന്ത്യൻ ഇരുചക്ര വിപണിയിൽ അഡ്വഞ്ചർ ബൈക്കുകളുടെ കുതിപ്പ്; 2025–26ൽ എത്താനിരിക്കുന്ന പുതിയ മോഡലുകൾ
MyFin Desk
Summary
റോയൽ എൻഫീൽഡ് മുതൽ നോർട്ടൺ വരെ: ഇന്ത്യൻ റൈഡർമാർ കാത്തിരിക്കുന്ന പുതിയ അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ
ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ലോംഗ് ടൂറിംഗ്, ഓഫ്-റോഡ് കഴിവുകൾ, ശക്തമായ ഡിസൈൻ എന്നിവയെ മുൻനിർത്തി കൂടുതൽ റൈഡർമാർ ഈ സെഗ്മെന്‍റിലേക്ക് മാറുകയാണ്. ഇതോടൊപ്പം തന്നെ, അടുത്ത മാസങ്ങളിൽ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന നിരവധി പുതിയ അഡ്വഞ്ചർ മോട്ടോർസൈക്കിളുകളും ശ്രദ്ധ നേടുന്നു. ഒരു പുതിയ അഡ്വഞ്ചർ ബൈക്ക് വാങ്ങാൻ ആലോചിക്കുന്നവർക്കായി വരാനിരിക്കുന്ന പ്രധാന മോഡലുകൾ പരിചയപ്പെടാം.
റോയൽ എൻഫീൽഡ് ഹിമാലയൻ 750
റോയൽ എൻഫീൽഡിന്റെ ഏറ്റവും പ്രതീക്ഷയുണർത്തുന്ന മോഡലുകളിൽ ഒന്നാണ് ഹിമാലയൻ 750. 2025 ഓഗസ്റ്റിൽ ലഡാക്കിൽ പരീക്ഷണ ഓട്ടം നടത്തുന്നതിനിടെ ഈ ബൈക്ക് കണ്ടെത്തിയിരുന്നു. ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ വർഷം അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. നിലവിലെ ഹിമാലയൻ 450 നൊപ്പം വലിയ പതിപ്പും വിൽപ്പനയ്ക്കെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
ബിഎംഡബ്ല്യു എഫ് 450 ജിഎസ്
ബിഎംഡബ്ല്യു–ടിവിഎസ് പങ്കാളിത്തത്തിൽ വികസിപ്പിച്ചെടുത്ത എഫ് 450 ജിഎസ് ആഗോള വിപണിയിൽ ഇതിനകം അനാച്ഛാദനം ചെയ്തു. തമിഴ്‌നാട്ടിലെ ഹൊസൂരിലുള്ള ടിവിഎസ് പ്ലാന്റിലാണ് ഉത്പാദനം. ഇന്ത്യയിൽ അനൗദ്യോഗിക ബുക്കിംഗുകൾ ആരംഭിച്ചുകഴിഞ്ഞു. 450 സിസി പാരലൽ-ട്വിൻ ലിക്വിഡ്-കൂൾഡ് എഞ്ചിൻ 48 പി.എസ് പവറും 43 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു.
ബ്രിക്സ്റ്റൺ ക്രോസ്ഫയർ സ്റ്റാർ 500
ഓസ്ട്രിയൻ ബ്രാൻഡായ ബ്രിക്സ്റ്റൺ മോട്ടോർസൈക്കിള്സ് അവതരിപ്പിച്ച ക്രോസ്ഫയർ സ്റ്റാർ 500, 2026 ആദ്യ പാദത്തിൽ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് സൂചന. 486 സിസി പാരലൽ-ട്വിൻ എഞ്ചിനോടുകൂടിയ ഈ ബൈക്ക്, 47 ബിഎച്ച്പി കരുത്തും 43 എൻഎം ടോർക്കും നൽകുന്നു.
ഹീറോ എക്സ്പൾസ് 421
ഹീറോ മോട്ടോകോർപ്പിന്റെ ജനപ്രിയ എക്സ്പൾസ് ശ്രേണിയിലെ പുതിയ വലിയ പതിപ്പാണ് എക്സ്പൾസ് 421. പുതിയ പ്ലാറ്റ്‌ഫോമിലും ട്രെല്ലിസ് ഫ്രെയിമിലും വികസിപ്പിക്കുന്ന ഈ ബൈക്കിൽ 421 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിൻ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ.
നോർട്ടൺ അറ്റ്ലസ്
ടിവിഎസ് മോട്ടോർ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡായ നോർട്ടൺ, അറ്റ്ലസ് ശ്രേണിയിലൂടെ ഇന്ത്യൻ വിപണിയിലേക്ക് മടങ്ങിവരാൻ ഒരുങ്ങുന്നു. ഇന്ത്യൻ റോഡുകളിൽ പരീക്ഷണ ഓട്ടത്തിനിടെ കണ്ടെത്തിയതോടെ ലോഞ്ച് പ്രതീക്ഷകൾ ശക്തം. 585 സിസി പാരലൽ-ട്വിൻ എഞ്ചിൻ ഉപയോഗിക്കുന്ന അറ്റ്ലസ് ഏകദേശം 70 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുമെന്നാണ് സൂചന.
പഠിക്കാം & സമ്പാദിക്കാം
Home
