21 Dec 2025 8:23 PM IST
ktm-160-duke launched: പരിഷ്‌കരിച്ച കെടിഎം 160 ഡ്യൂക്ക് വിപണിയില്‍, 1.79 ലക്ഷം രൂപ വില
MyFin Desk
Summary
സ്‌ക്രീന്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയെയും നാവിഗേഷനെയും പിന്തുണയ്ക്കുന്നു
കെടിഎം 160 ഡ്യൂക്ക് റേഞ്ച് പരിഷ്കരിച്ചു. അഞ്ച് ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേയോടുകൂടിയ പുതിയ വേരിയന്റ് അവതരിപ്പിച്ചാണ് ഡ്യൂക്ക് ശ്രേണി വലുതാക്കിയത്. 1.79 ലക്ഷം രൂപയാണ് ഡൽഹിയിലെ എക്സ്-ഷോറൂം വില. ഈ വേരിയന്റിന് എല്‍സിഡി ഡിസ്പ്ലേയുള്ള സ്റ്റാന്‍ഡേര്‍ഡ് 160 ഡ്യൂക്കിനേക്കാള്‍ ഏകദേശം 9,000 രൂപ കൂടുതലാണ്.160 ഡ്യൂക്കിലെ പുതിയ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ Gen-3കെടിഎം 390 ഡ്യൂക്കില്‍ നിന്ന് കടമെടുത്തതാണ്.
റൈഡര്‍മാര്‍ക്ക് വാഹനത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ സഹായിക്കുന്ന ഫോര്‍-വേ മെനു സെലക്ടര്‍ ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ബോണ്ടഡ് ഗ്ലാസ് ഡിസ്പ്ലേയുമായി ജോടിയാക്കിയ പരിഷ്‌കരിച്ച സ്വിച്ച് ഗിയറാണ് ഇത് സാധ്യമാക്കുന്നത്. കെടിഎം മൈ റൈഡ് ആപ്പുമായി ബന്ധിപ്പിക്കുമ്പോള്‍ സ്‌ക്രീന്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയെയും നാവിഗേഷനെയും പിന്തുണയ്ക്കുന്നു.
ഇന്‍കമിങ് കോള്‍ അലര്‍ട്ട് ആണ് മറ്റൊരു ഫീച്ചര്‍. ഹാന്‍ഡില്‍ബാറില്‍ ഘടിപ്പിച്ച സ്വിച്ചുകള്‍ ഉപയോഗിച്ച് കോളുകള്‍ സ്വീകരിക്കാനോ നിരസിക്കാനോ റൈഡര്‍മാരെ അനുവദിക്കുന്നതാണ് ഈ ഫീച്ചര്‍. കൂടാതെ, ബ്ലൂടൂത്ത് എനേബിള്‍ ചെയ്ത ഹെല്‍മെറ്റ് ഹെഡ്സെറ്റ് സംഗീതം ആസ്വദിക്കാനും സഹായിക്കും.
ടിഎഫ്ടി ഡിസ്പ്ലേ കെടിഎമ്മിന്റെ സൂപ്പര്‍മോട്ടോ എബിഎസ് മോഡിലേക്കുള്ള ആക്സസും സാധ്യമാക്കുന്നു. ഇത് നിര്‍ദ്ദിഷ്ട റൈഡിങ് സാഹചര്യങ്ങള്‍ക്കായി റിയര്‍ എബിഎസ് വിച്ഛേദിക്കാനും അനുവദിക്കുന്നു. മെക്കാനിക്കല്‍ വശത്ത്, കെടിഎം 160 ഡ്യൂക്ക് മാറ്റമില്ലാതെ തുടരുന്നു. 18.73 ബിഎച്ച്പിയും 15.5 എന്‍എമ്മും ഉല്‍പ്പാദിപ്പിക്കുന്ന 164 സിസി, ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്ത് പകരുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
