28 March 2026 7:44 PM IST
Electric Scooter: കുറഞ്ഞ വില, കൂടുതല്‍ റേഞ്ച്! ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ വിന്‍ഫാസ്റ്റ്.
MyFin Desk
Summary
തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള തങ്ങളുടെ പ്ലാന്റിൽ അസംബിൾ ചെയ്യുന്ന മൂന്ന് പ്രമുഖ ഇലക്ട്രിക് സ്കൂട്ടറുകൾ ഈ വർഷം തന്നെ ഇന്ത്യൻ നിരത്തുകളിലെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണിയില്‍ വിപ്ലവം സൃഷ്ട്ടിച്ച വിയറ്റ്നാമീസ് വാഹന ഭീമനായ വിന്‍ഫാസ്റ്റ്, രാജ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലേക്കും ചുവടുവെക്കുന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുള്ള തങ്ങളുടെ പ്ലാന്റില്‍ അസംബിള്‍ ചെയ്യുന്ന മൂന്ന് പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ 2026ഓടെ ഇന്ത്യന്‍ നിരത്തുകളിലെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. വിയറ്റ്നാം വിപണിയില്‍ വന്‍ വിജയമായ ഇവോ (Evo), ഫെലിസ് (Feliz), വൈപ്പര്‍ (Viper) എന്നീ മോഡലുകളാണ് ആദ്യഘട്ടത്തില്‍ ഇന്ത്യയിലെത്തുക. ഇന്ത്യന്‍ റോഡുകള്‍ക്കും യാത്രാ രീതികള്‍ക്കും അനുയോജ്യമായ മാറ്റങ്ങളോടെയാകും ഇവ അവതരിപ്പിക്കുന്നത്.
വിന്‍ഫാസ്റ്റ് ഇവോ
ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ ചലനം സൃഷ്ടിക്കാന്‍ സാധ്യതയുള്ള മോഡലാണിത്. ടി.വി.എസ് ഐക്യൂബ്, ബജാജ് ചേതക് എന്നിവയോട് മത്സരിക്കുന്ന ഈ സ്‌കൂട്ടറിന് 70 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത പരിധി. കൂടാതെ 35 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജും നിയോ-റെട്രോ ഡിസൈനും സ്‌കൂട്ടറിന്റെ പ്രത്യേകതയാണ്. ഏകദേശം 82,000 രൂപ മുതലാണ് സ്‌കൂട്ടറിന്റെ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്.
നിലവില്‍ 3.5 kWh എല്‍.എഫ്.പി ബാറ്ററി സജ്ജീകരണത്തില്‍ ലഭിക്കുന്ന സ്‌കൂട്ടര്‍ ഒറ്റ ചാര്‍ജില്‍ 203 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവോ മോഡലിനെ കൂടാതെ ഇവോ ഗ്രാന്‍ഡ് എന്നൊരു മോഡലും വിയറ്റ്‌നാം വിപണിയില്‍ സജ്ജീവമായുണ്ട്. 262 കിലോമീറ്ററാണ് ഈ മോഡലിന്റെ റേഞ്ച്. വിന്‍ഫാസ്റ്റ് അപ്ലിക്കേഷന്‍ വഴി ഇ-സിം ഉപയോഗിച്ച് ജി.പി.എസ് ട്രാക്കിങ്, മോഷണ ശ്രമം തടയാനുള്ള അലര്‍ട്ട്, റൈഡിങ് ഹിസ്റ്ററി എന്നിവ വാഹന ഉപയോക്താക്കള്‍ക്ക് യഥാക്രമം മനസ്സിലാക്കാന്‍ സാധിക്കും.
ഫെലിസ് & വൈപ്പര്‍
വിന്‍ഫാസ്റ്റ് ഇലക്ട്രിക് മോട്ടോഴ്‌സിന്റെ ഫ്‌ലാഗ്ഷിപ്പ് സ്‌കൂട്ടറുകളാണ് ഫെലിസ് & വൈപ്പര്‍. കൂടുതല്‍ സ്‌പോര്‍ട്ടിയായ ഡിസൈനും 14 ഇഞ്ച് വലിയ ടയറുകളുമാണ് ഈ രണ്ട് മോഡലുകള്‍ക്കുള്ളത്. വൈപ്പര്‍ കൂടുതല്‍ കരുത്തുള്ള 4.8 kWh ബാറ്ററിയുമായാണ് വിപണിയില്‍ എത്തുന്നത്. കൂടാതെ എടുത്ത് മാറ്റി ഉപയോഗിക്കാന്‍ കഴിയുന്ന ബാറ്ററി സംവിധാനവും വൈപ്പറിന്റെ പ്രത്യേകതയാണ്.
3.5 kWh ബാറ്ററിയാണ് ഫെലിസിന്റെ ഉയര്‍ന്ന മോഡലില്‍ നല്‍കിയിരിക്കുന്നത്. ഈ ബാറ്ററി ഒറ്റചാര്‍ജില്‍ 198 കിലോമീറ്റര്‍ റേഞ്ച് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം താഴ്ന്ന വകഭേദത്തില്‍ 2.4 kWh എല്‍.എഫ്.പി ബാറ്ററിയും സജ്ജീകരിച്ചിട്ടുണ്ട്. ഇത് 134 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ പ്രാപ്തമാണ്.
ആദ്യഘട്ടത്തില്‍ വിയറ്റ്നാമില്‍ നിന്നുള്ള ഭാഗങ്ങള്‍ ഇന്ത്യയിലെത്തിച്ച് അസംബിള്‍ ചെയ്യുന്ന രീതിയാകും വിന്‍ഫാസ്റ്റ് സ്വീകരിക്കുക. ഇതിനായി തമിഴ്നാട് സര്‍ക്കാരുമായി സഹകരിച്ച് തൂത്തുക്കുടിയിലെ സിപ്കോട്ട് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ 200 ഹെക്ടര്‍ ഭൂമി കമ്പനി ഏറ്റെടുത്തിട്ടുണ്ട്. ഭാവിയില്‍ പൂര്‍ണ്ണമായും ഇന്ത്യയില്‍ തന്നെ നിര്‍മാണം ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി.
നിലവില്‍ ഓല ഇലക്ട്രിക്, ടി.വി.എസ്, ഏഥര്‍ തുടങ്ങിയ കമ്പനികള്‍ ആധിപത്യം പുലര്‍ത്തുന്ന ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ വിന്‍ഫാസ്റ്റിന്റെ വരവ് വലിയ മത്സരത്തിന് വഴിവെക്കും. കുറഞ്ഞ വിലയില്‍ മികച്ച റേഞ്ച് നല്‍കുന്ന ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് (LFP) ബാറ്ററികളാണ് ഈ സ്‌കൂട്ടറുകളില്‍ ഉപയോഗിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത 'മെയ്ഡ് ഇന്‍ ഇന്ത്യ' ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പണിയും വിന്‍ഫാസ്റ്റ് അണിയറയില്‍ തുടങ്ങിക്കഴിഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
