image

5 Dec 2025 12:30 PM IST

Automobile

Vinfast Limo green ; കിടിലൻ 7 സീറ്റര്‍ എംപിവി; ലിമോ ഗ്രീനുമായി വിൻഫാസ്റ്റ് ;അടുത്തവര്‍ഷം ഇന്ത്യയിലേക്ക്

MyFin Desk

Vinfast Limo green ; കിടിലൻ 7 സീറ്റര്‍ എംപിവി; ലിമോ ഗ്രീനുമായി വിൻഫാസ്റ്റ് ;അടുത്തവര്‍ഷം  ഇന്ത്യയിലേക്ക്
X

Summary

ചെറു മോഡലുകളും ഇന്ത്യന്‍ വിപണിയിലെത്തിക്കും


വിയറ്റ്‌നാമീസ് ഇലക്ട്രിക്ക് കാര്‍ നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ് 7 സീറ്റര്‍ എംപിവിയായ ലിമോ ഗ്രീന്‍ അടുത്തവര്‍ഷം ആദ്യം ഇന്ത്യയില്‍ പുറത്തിറക്കും. വലിപ്പത്തില്‍ ടൊയോട്ട ഇന്നോവ ഹൈക്രോസിനോടും മാരുതി സുസുക്കി ഇന്‍വിക്ടോയോടും മത്സരിക്കാവുന്ന വലിയ കാറാണ് ലിമോ ഗ്രീന്‍. ഇവികളില്‍ കിയ കാരന്‍സ് ക്ലാവിസ് ഇവിയും ബിവൈഡി ഇമാക്‌സ് 7ഉമായിരിക്കും ലിമോ ഗ്രീനിന്റെ എതിരാളികള്‍. വിന്‍ഫാസ്റ്റിന്റെ ഇലക്ട്രിക്ക് ടാക്‌സിയായ ജിഎസ്എമ്മിന്(ഗ്രീന്‍ ആന്റ് സ്മാര്‍ട്ട് മൊബിലിറ്റി) ഒപ്പമായിരിക്കും ലിമോ ഗ്രീന്‍ പുറത്തിറക്കുക.

ലിമോ ഗ്രീനിനു ശേഷം ചെറു മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാനാണ് വിന്‍ഫാസ്റ്റിന്റെ തീരുമാനം. ഓരോ ആറു മാസത്തിലും പുതിയ ഇവി എത്തുമെന്നും വിന്‍ഫാസ്റ്റ് ഏഷ്യ സിഇഒ ഫാം സാന്‍ ചൗ വ്യക്തമാക്കി. ടെസ്‌ലയെ പോലുള്ള കമ്പനികള്‍ ഇന്ത്യയിലേക്ക് നിര്‍മിച്ച ശേഷം ഇറക്കുമതി ചെയ്യുന്ന യൂണിറ്റുകളായി(സിബിയു) വാഹനങ്ങളെത്തിക്കുമ്പോള്‍ തദ്ദേശീയമായി വാഹനങ്ങള്‍ നിര്‍മിച്ചെടുക്കുന്നതാണ് വിന്‍ഫാസ്റ്റിന്റെ രീതി.

കഴിഞ്ഞ സെപ്റ്റംബര്‍ ആറിനാണ് വിഎഫ് 6, വിഎഫ് 7 മോഡലുകള്‍ വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ പുറത്തിറക്കിയത്. ആദ്യ രണ്ടു മാസങ്ങളില്‍ 150 യൂണിറ്റുകളാണ് വിറ്റുപോയത്. കണക്കുകളില്‍ ചെറുതെങ്കിലും ഇന്ത്യയിലെ ആദ്യ എട്ട് ഇവി കമ്പനികളിലൊന്നായി മാറാന്‍ ഇതുവഴി വിന്‍ഫാസ്റ്റിനായിട്ടുണ്ട്.

59.6 കിലോവാട്ട് ബാറ്ററിയിലെത്തുന്ന വിഎഫ്6ന് 468കിലോമീറ്ററാണ് റേഞ്ച്. വില 16.49 ലക്ഷം മുതല്‍ 18.29 ലക്ഷം രൂപ വരെ. 7 വര്‍ഷം/2,00,000 കിലോമീറ്റര്‍ വാറണ്ടിയും വിഎഫ്6ന് വിന്‍ഫാസ്റ്റ് നല്‍കുന്നു. വിഎഫ് 7ന് രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളുണ്ട്(59.6കിലോവാട്ട്, 70.8കിലോവാട്ട്). റേഞ്ച് 438 കിലോമീറ്റര്‍ മുതല്‍ 532 കിലോമീറ്റര്‍ വരെ. എക്‌സ് ഷോറൂം വില 20.89 ലക്ഷം മുതല്‍ 25.49 ലക്ഷം രൂപ വരെയാണ്. 10 വര്‍ഷം/ 2,00,000 കിലോമീറ്റര്‍ വാറണ്ടിയാണ് വിഎഫ് 7ന് നല്‍കുന്നത്. 2028 ജൂലൈ വരെ വിന്‍ഫാസ്റ്റിന്റെ വിഗ്രീന്‍സ് ചാര്‍ജിങ് കേന്ദ്രങ്ങളില്‍ സൗജന്യ ചാര്‍ജിങും ഈ വാഹന ഉടമകള്‍ക്ക് ലഭിക്കും.

വിന്‍ഫാസ്റ്റിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ നട്ടെല്ല് തൂത്തുക്കുടിയിലെ ഫാക്ടറിയാണ്. നാലായിരം കോടി രൂപ തുടക്കത്തില്‍ നിക്ഷേപിച്ചിട്ടുള്ള ഈ ഫാക്ടറിയില്‍ വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ 16,000 കോടി വിന്‍ഫാസ്റ്റ് നിക്ഷേപിക്കും. പ്രതിവര്‍ഷം 50,000 കാറുകളാണ് തൂത്തുക്കുടി പ്ലാന്റില്‍ നിര്‍മിക്കാനാവുക. വൈകാതെ ഇത് പ്രതിവര്‍ഷം 1.50 ലക്ഷം കാറുകളായി വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. ഇന്ത്യന്‍ വിപണിയിലേക്ക് മാത്രമല്ല വിദേശത്തേക്കും തൂത്തുക്കുടിയില്‍ നിര്‍മിക്കപ്പെടുന്ന കാറുകള്‍ കയറ്റി അയക്കാനും പദ്ധതിയുണ്ട്.