image

24 Oct 2026 2:52 PM IST

Automobile

ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ സ്വപ്നത്തിന് ബ്രേക്കിട്ട് ഫോക്സ്വാഗണ്‍; പിന്‍വാങ്ങുമോ?

MyFin Desk

tesla and byd are flying on the ev track, volkswagen is in the parking lot
X

Summary

നിക്ഷേപം 15% വെട്ടിക്കുറയ്ക്കാനും പതിനായിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനുമുള്ള പദ്ധതിക്കിടെയാണ് ഇന്ത്യന്‍ ഇവി പദ്ധതിയും മരവിപ്പിക്കുന്നത്


ഇന്ത്യയിലെ ഇലക്ട്രിക് വാഹന പദ്ധതിയില്‍ നിന്ന് ഫോക്‌സ്വാഗണ്‍ പിന്നോട്ട്. ശതകോടീശ്വരന്‍ സജ്ജന്‍ ജിന്‍ഡാലിന്റെ JSW ഗ്രൂപ്പുമായുള്ള പങ്കാളിത്തത്തില്‍ വ്യക്തത വരും വരെ പുതിയ നിക്ഷേപം നിര്‍ത്തിവെച്ചിരിക്കുകയാണ് ജര്‍മ്മന്‍ ഭീമന്‍. ചൈനയ്ക്കായി വികസിപ്പിച്ച കുറഞ്ഞ ചെലവിലുള്ള ഇവി ആര്‍ക്കിടെക്ചര്‍ ഉപയോഗിച്ച് ഡിസൈന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയെങ്കിലും, വ്യക്തമായ ബിസിനസ് പ്ലാന്‍ ഇല്ലാതെ ഇനി ഒരു രൂപ പോലും മുടക്കേണ്ടെന്നാണ് കമ്പനിയുടെ തീരുമാനം.

ആഗോളതലത്തില്‍ വന്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഈ താല്‍ക്കാലിക നടപടി. യൂറോപ്പില്‍ ഡിമാന്‍ഡ് ഇടിഞ്ഞതും ചൈനീസ് കമ്പനികളുടെ കടുത്ത മത്സരവും ജര്‍മ്മന്‍ കമ്പനിയെ പ്രതിസന്ധിയിലാക്കിയിരുന്നു. നിക്ഷേപം 15% വെട്ടിക്കുറയ്ക്കാനും പതിനായിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനുമുള്ള പദ്ധതിക്കിടെയാണ് ഇന്ത്യന്‍ ഇവി പദ്ധതിയും മരവിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് ചെലവ് മൂന്നിലൊന്നായി കുറച്ച് പ്രാദേശിക പങ്കാളിയെ കണ്ടെത്താന്‍ ഫോക്‌സ്വാഗണ്‍ തീരുമാനിച്ചത്. മഹീന്ദ്രയുമായുള്ള ചര്‍ച്ച പൊളിഞ്ഞതിന് ശേഷം രണ്ട് വര്‍ഷത്തോളം തിരഞ്ഞാണ് JSW-യില്‍ എത്തിയത്. കഴിഞ്ഞ മാസം പെട്രോള്‍, ഇവി, ഹൈബ്രിഡ് വാഹനങ്ങള്‍ സംയുക്തമായി നിര്‍മ്മിക്കാന്‍ ഇരു കമ്പനികളും കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ അപ്രതീക്ഷിത വഴിത്തിരിവ്. CMP21 ഇലക്ട്രിക് പ്ലാറ്റ്ഫോം ഇന്ത്യയിലെത്തിക്കാന്‍ ആലോചനയുണ്ടെങ്കിലും കൂടുതല്‍ ലോക്കല്‍ പാര്‍ട്സും നിര്‍മ്മാണവും ഇല്ലാതെ മത്സരിക്കാനാവില്ലെന്ന് കമ്പനി തിരിച്ചറിയുന്നു.

നിലവില്‍ ഇന്ത്യയില്‍ ഒരു ഇലക്ട്രിക് കാര്‍ പോലും വില്‍ക്കാത്ത ഫോക്‌സ്വാഗന്റെ ഈ തീരുമാനം വലിയ തിരിച്ചടിയാണ്. ടാറ്റ, മഹീന്ദ്ര, എംജി, വിന്‍ഫാസ്റ്റ്, ടെസ്ല, ബിവൈഡി എന്നിവര്‍ മത്സരം കടുപ്പിക്കുമ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ സ്‌കോഡ വഴി നാമമാത്ര സാന്നിധ്യം മാത്രമേ കമ്പനിക്കുള്ളൂ. എന്നാല്‍ സെപ്റ്റംബറില്‍ ഇവി വില്‍പ്പന ഇരട്ടിയായി 35,000 കടന്നതോടെ വളര്‍ന്നുകൊണ്ടിരിക്കുന്ന വിപണിയില്‍ നിന്ന് മാറി നില്‍ക്കുന്നത് ജര്‍മ്മന്‍ കമ്പനിക്ക് തന്നെ തിരിച്ചടിയാകും.