image

20 March 2026 10:04 AM IST

Aviation

അറ്റകുറ്റപ്പണിയും റണ്‍വേ നവീകരണവും; നാല് വിമാനത്താവളങ്ങള്‍ അടച്ചിടും

MyFin Desk

അറ്റകുറ്റപ്പണിയും റണ്‍വേ നവീകരണവും; നാല് വിമാനത്താവളങ്ങള്‍ അടച്ചിടും
X

Summary

രാജസ്ഥാനിലെ ജോധ്പൂര്‍ വിമാനത്താവളമാണ് പട്ടികയില്‍ ആദ്യമുള്ളത്


രാജ്യത്തെ നാല് വിമാനത്താവളങ്ങള്‍ അടച്ചിടും. അറ്റകുറ്റപ്പണികള്‍ക്കും റണ്‍വേ നവീകരണത്തിനുമായി ജോധ്പൂര്‍, പൂനെ, ശ്രീനഗര്‍, ആദംപൂര്‍ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളാണ് താല്‍ക്കാലികമായി അടച്ചിടുക. അറ്റകുറ്റപ്പണികളെക്കുറിച്ച് വിമാനക്കമ്പനികള്‍ക്ക് നേരത്തെ തന്നെ വിവരം നല്‍കിയിട്ടുണ്ടെന്നും യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

രാജസ്ഥാനിലെ ജോധ്പൂര്‍ വിമാനത്താവളമാണ് പട്ടികയില്‍ ആദ്യമുള്ളത്. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 27 വരെ ഒരു മാസത്തേക്ക് സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവെക്കും. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികള്‍ മാര്‍ച്ച് 28-ന് ശേഷമുള്ള ബുക്കിംഗുകള്‍ ഇതിനകം തന്നെ റദ്ദാക്കിയിട്ടുണ്ട്. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ പകുതി വരെ ശ്രീനഗര്‍ വിമാനത്താവളം ശനി, ഞായര്‍ ദിവസങ്ങളില്‍ അടച്ചിടും. ഇതിന് പിന്നാലെ ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 5 വരെ പൂര്‍ണമായും അടയ്ക്കും. നവംബറിന് ശേഷം റണ്‍വേ ജോലികള്‍ ആരംഭിക്കുന്നതിനാല്‍ ആദംപൂര്‍ വിമാനത്താവളത്തില്‍ ഏകദേശം എട്ട് മാസത്തോളം നിയന്ത്രണങ്ങള്‍ ഉണ്ടായേക്കും. പൂനെയില്‍ ഈ വര്‍ഷം അവസാനത്തോടെ റണ്‍വേ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. അടച്ചിടലിൻ്റെ കൃത്യമായ സമയക്രമം പിന്നീട് അറിയിക്കും.

ഈ നാല് വിമാനത്താവളങ്ങളും സൈനിക ആവശ്യങ്ങള്‍ക്കും സിവിലിയന്‍ ആവശ്യങ്ങള്‍ക്കുമായി സംയുക്തമായാണ് ഉപയോഗിക്കുന്നത്. പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഈ വിമാനത്താവളങ്ങള്‍ക്ക് തന്ത്രപരമായ വലിയ പ്രാധാന്യമുണ്ട്. യുദ്ധവിമാനങ്ങളുടെയും മറ്റ് സൈനിക വിമാനങ്ങളുടെയും സുരക്ഷിതമായ ലാന്‍ഡിംഗിന് റണ്‍വേകള്‍ അതീവ ഗുണനിലവാരം ഉള്ളതായിരിക്കണം. അതിനാലാണ് നിശ്ചിത ഇടവേളകളില്‍ റണ്‍വേകള്‍ റീകാര്‍പ്പറ്റിംഗ് ചെയ്യുന്നത്.