image

11 March 2026 11:55 AM IST

Aviation

Air India Fuel Surcharge : വിമാന യാത്രാ നിരക്ക് ഉയരുന്നു, എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് വർധന മാർച്ച് 12 മുതൽ

MyFin Desk

Air India Fuel Surcharge : വിമാന യാത്രാ നിരക്ക് ഉയരുന്നു, എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് വർധന മാർച്ച് 12 മുതൽ
X

Air India New Ticket Rate

Summary

എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെ എയർ ഇന്ത്യയുടെ എല്ലാ വിമാനങ്ങളിലെയും ടിക്കറ്റ് നിരക്ക് വർധന. ആഭ്യന്തര റൂട്ടുകളിൽ മാത്രം 399 രൂപ സർചാർജ് , മറ്റ് വിമാനക്കമ്പനികളും നിരക്ക് വർധിപ്പിച്ചേക്കും


എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് വർധന മാർച്ച് 12 മുതൽ. യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷം തുടരുന്നതിനിടയിൽ ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് വർധിപ്പിക്കുകയാണ് എയർ ഇന്ത്യ. ഗൾഫ് സംഘർഷങ്ങൾക്കിടയിലെ ജെറ്റ് ഇന്ധന വിലയിലെ വർദ്ധനവ് ചൂണ്ടിക്കാട്ടിയാണ് സർചാർജ് ഉയർത്തുന്നത്. 2026 മാർച്ച് 12 മുതൽ മൂന്ന് ഘട്ടങ്ങളിലായി വിമാന സർവീസുകൾക്ക് ഉയർന്ന സർചാർജ് ഏർപ്പെടുത്തും. സാർക്ക്, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ സർചാർജ് വർദ്ധനവ് ബാധകമാകും.

ഏവിയേഷൻ ടർബൈൻ ഇന്ധനത്തിൻ്റെ വിതരണത്തിലുണ്ടായിരിക്കുന്ന തടസ്സങ്ങൾ വിമാനക്കമ്പനികളുടെ പ്രവർത്തന ചെലവിൽ വലിയ വർധനക്കും കാരണമാവുകയാണ്. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആക്രമണം ആരംഭിച്ച് ഏകദേശം രണ്ടാഴ്ച പിന്നിട്ടപ്പോൾ വ്യോമയാന കമ്പനികളുടെ പ്രതിസന്ധി രൂക്ഷമാവുകയാണ്.

എല്ലാ സർവീസുകൾക്കും ബാധകം

ഇന്ത്യയിൽ, ഡൽഹി, മുംബൈ തുടങ്ങിയ പ്രധാന മെട്രോ നഗരങ്ങളിൽ വിമാന ഇന്ധനത്തിനുള്ള ഉയർന്ന എക്സൈസ് തീരുവയും മൂല്യവർധിത നികുതിയും സ്ഥിതി കൂടുതൽ വഷളാക്കുകയാണെന്ന് എയർ ഇന്ത്യ സൂചിപ്പിക്കുന്നു. പ്രവർത്തന ചെലവ് വർദ്ധിച്ചതിനാൽ സർ ചാർജ് ഉയർത്താതെ തരമില്ലെന്നാണ് കമ്പനിയുടെ വാദം.മൂന്ന് ഘട്ടങ്ങളിലായാണ് പുതുക്കിയ ഇന്ധന സർചാർജുകൾ ഏർപ്പെടുത്തുക. എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെ എല്ലാ വിമാനങ്ങളിലെയും ടിക്കറ്റ് നിരക്ക് വർധന ബാധകമാകും.

മറ്റ് വിമാന കമ്പനികളും നിരക്ക് ഉയർത്തും

ഉയരുന്ന വിമാന ഇന്ധന വില മറ്റ് വിമാന കമ്പനികളെയും ടിക്കറ്റ് നിരക്ക് ഉയർത്താൻ പ്രേരിപ്പിക്കും. ഈ ആഴ്ച അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കാൻ ക്വാണ്ടാസ് എയർവേയ്‌സ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. സിഡ്‌നി കിംഗ്‌സ്‌ഫോർഡ് സ്മിത്ത് വിമാനത്താവളത്തിൽ നിന്ന് പ്രധാന അന്താരാഷ്ട്ര സർവീസുകൾ നടത്തുന്ന കമ്പനിയാണിത്. ഉയർന്ന ഇന്ധനച്ചെലവ് വിമാന കമ്പനികളുടെയും പ്രവർത്തന ചെലവുകൾ ഉയർത്തുന്നതിനാൽ മറ്റ് കമ്പനികളും നിരക്ക് ഉയർത്തിയേക്കും.