image

19 Nov 2025 6:10 PM IST

Aviation

ചുറ്റിപ്പറക്കല്‍ കനത്ത നഷ്ടം; ചൈനീസ് എയര്‍ റൂട്ട് തേടി എയര്‍ഇന്ത്യ

MyFin Desk

ചുറ്റിപ്പറക്കല്‍ കനത്ത നഷ്ടം; ചൈനീസ് എയര്‍ റൂട്ട് തേടി എയര്‍ഇന്ത്യ
X

Summary

പാക് വ്യോമനിരോധനം ഇന്ത്യന്‍ എയര്‍ലൈനുകളുടെ നഷ്ടം വര്‍ദ്ധിപ്പിക്കുന്നു


പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചിട്ടത് മൂലമുണ്ടാകുന്ന ഇന്ത്യയുടെ സാമ്പത്തിക നഷ്ടം മറികടക്കുന്നതിന് എയര്‍ ഇന്ത്യ മറുവഴി തേടുന്നു. നിലവില്‍ എയര്‍ഇന്ത്യയുടെ മാത്രം നികുതിക്ക് മുമ്പുള്ള ലാഭത്തില്‍ പ്രതിവര്‍ഷം 455 മില്യണ്‍ ഡോളറിന്റെ ഇടിവാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ ഒരു ചൈനീസ് കുറുക്കുവഴി പരിശോധിക്കാന്‍ ഒരുങ്ങുകയാണ് എയര്‍ ഇന്ത്യ.

ചൈനയുടെ സിന്‍ജിയാങ് പ്രവിശ്യവഴിയുള്ള റൂട്ട് ഉറപ്പാക്കാന്‍ എയര്‍ഇന്ത്യ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. എന്നാല്‍ ഈ റൂട്ട് ചൈനീസ് സൈനിക കേന്ദ്രങ്ങള്‍ക്കുസമീപം വഴിയാണ്. അതിനാല്‍ ഇന്ത്യക്ക് അനുമതി ലഭിക്കുമോ എന്നതില്‍ വ്യക്തതയില്ല.

ഈ റൂട്ടുവഴി യൂറോപ്പ്, യുഎസ് തുടങ്ങിയ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്ക് അതിവേഗം എത്താന്‍ സാധിക്കും. ഇന്ധനച്ചെലവ് വര്‍ദ്ധിച്ചതും യാത്രാ സമയം വര്‍ദ്ധിച്ചതും കാരണം എയര്‍ലൈനിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ രൂക്ഷമാണ്. ഇന്ധനച്ചെലവ് 29% വരെ വര്‍ദ്ധിക്കുകയും ചില ദീര്‍ഘദൂര റൂട്ടുകളില്‍ യാത്രാ സമയം മൂന്ന് മണിക്കൂര്‍ വരെ വര്‍ദ്ധിക്കുകയും ചെയ്തു. ഈ റൂട്ട് ലഭിക്കുന്നത് ഉപകാരപ്രദമായിരിക്കും. ഇന്ധന ഉപഭോഗവും വിമാന സമയവും കുറയ്ക്കുന്നതിലൂടെ എയര്‍ ഇന്ത്യയ്ക്ക് ആഴ്ചയില്‍ 1.13 മില്യണ്‍ ഡോളര്‍ ലാഭിക്കാന്‍ സാധ്യതയുണ്ട്.

സിന്‍ജിയാങിലെ വിമാനത്താവളങ്ങളിലേക്ക് ബദല്‍ റൂട്ടിംഗിനും അടിയന്തര പ്രവേശനത്തിനും ചൈനയുടെ അനുമതി അഭ്യര്‍ത്ഥിക്കുന്നതിനായി ഒക്ടോബര്‍ അവസാനം സമര്‍പ്പിച്ച എയര്‍ ഇന്ത്യയുടെ അപേക്ഷ ഇന്ത്യന്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കുകയാണ്. ഉയര്‍ന്ന മലനിരകള്‍ ഉള്ള ഈ റൂട്ട് അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ ഒഴിവാക്കുകയാണ് പതിവ്.

വടക്കേ അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും ന്യൂയോര്‍ക്ക്, വാന്‍കൂവര്‍-ഡല്‍ഹി പോലുള്ള റൂട്ടുകളില്‍ ഇന്ധന ആവശ്യകതയും സമയവും 15% വരെ കുറയ്ക്കുന്നതിനും ഈ നീക്കം ലക്ഷ്യമിടുന്നു.

എങ്കിലും, മേഖലയിലെ വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതി, പരിമിതമായ അടിയന്തര സൗകര്യങ്ങള്‍, സാധ്യതയുള്ള സുരക്ഷാ അപകടസാധ്യതകള്‍ എന്നിവ കാരണം ചൈന അനുമതി നല്‍കുമോ എന്ന് സംശയമാണ്.