image

12 Jun 2023 11:42 AM GMT

Aviation

ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്

MyFin Desk

increase in the number of domestic air passengers
X

Summary

  • മെയ്മാസത്തില്‍മാത്രം യാത്രക്കാരുടെ എണ്ണത്തില്‍ 2.3ശതമാനം വര്‍ധന
  • ആഭ്യന്തര യാത്രക്കാരുടെ തിരക്ക് ഉയര്‍ന്നത് കോവിഡിനുമുമ്പുള്ളതിനേക്കാള്‍ എട്ട് ശതമാനം
  • ഇന്ത്യന്‍ വ്യോയാന മേഖല സ്ഥിരതയാര്‍ന്ന വളര്‍ച്ച വീണ്ടെടുക്കുന്നു


ഐസിആര്‍എയുടെ പഠനമനുസരിച്ച് ഈ സാമ്പത്തിക വര്‍ഷം യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതില്‍ ഇന്ത്യന്‍ വ്യോമ മേഖല മികവ് പുലര്‍ത്തുന്നു. ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയുടെ കണക്ക് അനുസരിച്ച് ഈ കഴിഞ്ഞ മെയ്മാസത്തില്‍ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.

യാത്രക്കാരുടെ എണ്ണം ഏകദേശം 131.8 ലക്ഷമായി കണക്കാക്കിയിട്ടുണ്ട്. ഇത് തൊട്ടു പിന്നിലത്തെമാസത്തേക്കള്‍ 2.3 ശതമാനം കൂടുതലാണ്.

2023 ഏപ്രില്‍ മാസത്തില്‍ ആഭ്യന്തര വിമാനയാത്രക്കാര്‍ 128.9 ലക്ഷമായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസം ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ട്. 2022 മെയ് മാസത്തിലെ യാത്രക്കാരുടെ എണ്ണം പരിശോധിച്ചാല്‍ ഒരു വര്‍ഷത്തിനിടെ 15 ശതമാനം വളര്‍ച്ചയാണ് ഉണ്ടായതെന്ന് കാണാം.

ഇന്ത്യയെപ്പോലൊരു രാജ്യത്തിന് ഈ വളര്‍ച്ച അഭിമാനകരമാണ്.

2023 മെയ് മാസത്തില്‍ ആഭ്യന്തര യാത്രക്കാരുടെ തിരക്ക് കോവിഡിന് മുമ്പുള്ള കാലത്തേക്കാള്‍ ഏകദേശം എട്ട് ശതമാനം വളര്‍ച്ചയാണ് നേടിയത്.

കൂടാതെ യാത്രക്കാരെ വഹിക്കാനുള്ള ശേഷിയിലും വ്യത്യാസം ഉണ്ടായിട്ടുണ്ട്. അതായത് 2023 മെയ് മാസത്തെ എയര്‍ലൈനുകളുടെ കപ്പാസിറ്റി 2022 മെയ് മാസത്തേക്കാള്‍ 1.4 ശതമാനം കൂടുതലാണ്.ഇത് കോവിഡിനുമുമ്പുള്ള ലെവലില്‍ (മെയ് 2019) എത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

2023 സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം ഏകദേശം 239.4 ലക്ഷമായിരുന്നു. ഇത് കോവിഡിന് മുമ്പുള്ള നിലവാരത്തിലേക്കാണ് ഉയര്‍ന്നത്. എന്നാല്‍ 2019ലെ ഏറ്റവും ഉയര്‍ന്ന നിലവാരമായി രേഖപ്പെടുത്തിയിട്ടുള്ളത് 259ലക്ഷം യാത്രക്കാരെന്ന കണക്കാണ്. ഈ ലെവലിലേക്ക് ഇന്ത്യ ഇനിയും എത്തേണ്ടതുണ്ട്. നിലവില്‍ എട്ടുശതമാനം കുറവാണ് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

2023 ഏപ്രിലില്‍, ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം ഏകദേശം 21.8 ലക്ഷമാണ്, ഇത് കോവിഡിന് മുമ്പുള്ള (ഏപ്രില്‍ 2019) 18.3 ലക്ഷത്തേക്കാള്‍ 20 ശതമാനം കൂടുതലാണ്.

2023 സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര യാത്രക്കാരുടെ തിരക്ക് അതിവേഗം വീണ്ടെടുക്കുന്നതിന്റെയും 2024 സാമ്പത്തിക വര്‍ഷത്തില്‍ അതിന്റെ തുടര്‍ച്ച പ്രതീക്ഷിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വ്യോയാന മേഖല സ്ഥിരതയാര്‍ന്ന വളര്‍ച്ച വീണ്ടെടുക്കുകയാണ് എന്നു കാണാം. ഈ സാഹചര്യത്തില്‍ വ്യോമയാന വ്യവസായത്തെക്കുറിച്ചുള്ള ഐസിആര്‍എയുടെ വീക്ഷണം മാറ്റിയിട്ടുണ്ട്. മുമ്പ് ഇന്ത്യന്‍ മേഖല നെഗറ്റീവ് ആയി രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇന്ന്് അത് സ്ഥിരതയുള്ളതായി പരിഷ്‌ക്കരിച്ചിരിക്കുന്നു. ചാര്‍ജുകളുടെ കാര്യത്തില്‍ ആരോഗ്യകരമായ മത്സരം വന്നതിനാല്‍ അത് ഉപഭോക്താക്കള്‍ക്ക് ഗുണകരമാവുകയും ചെയ്തു.കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ (എടിഎഫ്) വിലയിലെ തുടര്‍ച്ചയായ ഇടിവും താരതമ്യേന സ്ഥിരതയുള്ള വിദേശ വിനിമയ നിരക്കും ഈ വ്യവസായത്തെ പരിപോഷിപ്പിക്കുന്നതിന് സഹായകരമായി. ഇത് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ഐസിആര്‍എ പറഞ്ഞു.

മേഖലയില്‍ ഭാവിയിലുണ്ടാകുന്ന തിരക്കും കൂടി പരിഗണിച്ചാണ് എയര്‍ ഇന്ത്യ വന്‍ വിമാന വാങ്ങല്‍ കരാര്‍ ഒപ്പിട്ടത്. അനന്ത സാധ്യതകളാണ് വ്യോമയാന മേഖല തുറന്നിടുന്നതെന്ന് അന്താരാഷ്ട്ര വിദഗ്ധര്‍ പോലും വിലയിരുത്തിയിട്ടുണ്ട്.