image

17 March 2023 8:45 AM GMT

Aviation

ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ക്ക് മികച്ച തൊഴിലവസരങ്ങളൊരുക്കാന്‍ ബോയിംഗും എയര്‍ബസും

MyFin Desk

boeing and airbus to create better job opportunities for indian engineers
X

Summary

  • ആഗോളതലത്തില്‍ 13,000 പേരെ ജോലിക്കെടുക്കാന്‍ ഒരുങ്ങുകയാണ് എയര്‍ബസ്.
  • ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഓരോ വര്‍ഷം 1,500 ജീവനക്കാരെ വീതം രാജ്യത്ത് നിയമിക്കാനുള്ള നീക്കത്തിലാണ് ബോയിംഗെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


മുംബൈ: ആഗോളതലത്തില്‍ ടെക്ക് മേഖലയില്‍ കൂട്ടപ്പിരിച്ചുവിടല്‍ ശക്തമാകുമ്പോള്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ കൂടുതല്‍ ജീവനക്കാരെ ജോലിയ്‌ക്കെടുക്കാന്‍ എയര്‍ക്രാഫ്റ്റ് നിര്‍മ്മാതാക്കളായ ബോയിംഗും എയര്‍ബസും. ഇരു കമ്പനികളും ഇന്ത്യയില്‍ നിര്‍മ്മാണ പ്ലാന്റ് വികസിപ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ്. അതിനാല്‍ തന്നെ തൊഴില്‍ നൈപുണ്യമുള്ള ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ക്കാണ് കൂടുതല്‍ അവസരങ്ങള്‍ നല്‍കുക എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആഗോളതലത്തില്‍ 13,000 പേരെ ജോലിക്കെടുക്കാന്‍ ഒരുങ്ങുകയാണ് എയര്‍ബസ്. ഇതില്‍ 1000 പേരെയും ഇന്ത്യയിലാകും നിയമിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഓരോ വര്‍ഷം 1,500 ജീവനക്കാരെ വീതം രാജ്യത്ത് നിയമിക്കാനുള്ള നീക്കത്തിലാണ് ബോയിംഗെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അടുത്തിടെയാണ് എയര്‍ ഇന്ത്യ ഇരു കമ്പനികളില്‍ നിന്നുമായി 470ല്‍ അധികം വിമാനങ്ങള്‍ വാങ്ങുവാന്‍ കരാറായത്. എയര്‍ ഇന്ത്യയ്ക്ക് വിമാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് 6500 ലധികം പൈലറ്റുമാരെ നിയമിക്കേണ്ടി വരുമെന്നും പിന്നാലെ റിപ്പോര്‍ട്ട് വന്നിരുന്നു. 370 വിമാനങ്ങള്‍ വാങ്ങാനുള്ള ഓപ്ഷന്‍ ഉള്‍പ്പെടെ മൊത്തം 840 വിമാനങ്ങള്‍ സ്വന്തമാക്കാന്‍ എയര്‍ലൈന്‍ ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ട്. ഏതൊരു എയര്‍ലൈന്‍സിന്റെയും ഏറ്റവും വലിയ വിമാന ഓര്‍ഡറുകളില്‍ ഒന്നാണിത്.

നിലവില്‍ എയര്‍ ഇന്ത്യയ്ക്ക് ഏകദേശം 1,600 പൈലറ്റുമാരാണ് ഉള്ളത്. എന്നാല്‍ മതിയായ പൈലറ്റുമാരുടെ കുറവ് മൂലം ദൈര്‍ഘ്യമേറിയ വിമാന യാത്രകള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. എയര്‍ ലൈനിന്റെ അനുബന്ധ സ്ഥാപനങ്ങളായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഏഷ്യ ഇന്ത്യ എന്നിവയ്ക്ക് 54 വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഏകദേശം 850 പൈലറ്റുകളുണ്ട്. സംയുക്ത സംരംഭമായ വിസ്താരക്ക് 600 ലധികം പൈലറ്റുമാരാണുള്ളത്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ എന്നിവയ്ക്ക് 220 വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മൂവായിരത്തിലധികം പൈലറ്റുമാരുണ്ട്.

ദീര്‍ഘ ദൂര റൂട്ടുകള്‍ക്കോ നീണ്ടു നില്‍ക്കുന്ന ഫ്‌ലൈറ്റുകള്‍ക്കാണ് എ 350 വാങ്ങുന്നത്. അതിനാല്‍ ഓരോ വിമാനത്തിനും 30 പൈലറ്റുമാര്‍, 15 കമാന്‍ഡര്‍മാര്‍, 15 ഓഫീസര്‍മാര്‍ എന്നിങ്ങനെ ആവശ്യമായി വരും. അതിനാല്‍ എ 350 കളില്‍ ഏകദേശം 1200 പൈലറ്റുമാരെ ആവശ്യമായി വരുമെന്നാണ് ലഭിക്കുന്ന വിവരം. ബോയിങ് 777 ന് 26 പൈലറ്റുമാരാണ് വേണ്ടത്. ഇത്തരത്തില്‍ 10 വിമാനങ്ങള്‍ക്ക് 260 പൈലറ്റുമാരെയും, 20 ബോയിങ് 787 വിമാനങ്ങള്‍ക്ക് 400 പൈലറ്റുമാരെയും നിയമിക്കേണ്ടതെയായിട്ടുണ്ട്.

കൂടാതെ 30 ബോയിങ് വിമാനങ്ങള്‍ക്ക് ആകെ 660 പൈലറ്റുമാരെയും നിയമിക്കും. എയര്‍ബസ് എ320 ഫാമിലി ബോയിംഗ് 737 മാക്സ് വിമാനത്തിന് ശരാശരി 12 പൈലറ്റുമാര്‍ ആവശ്യമാണ്, അതായത് 400 വിമാനങ്ങളുടെ പ്രവര്‍ത്തനത്തിന് 4,800 പൈലറ്റുമാരില്‍ കുറയാതെ കമ്പനിക്ക് നിയമിക്കേണ്ടതായി വരുമെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കുന്നത്.