image

20 Jun 2023 10:16 AM GMT

Aviation

മൂന്ന് ബില്യണ്‍ ഡോളറിന്റെ ഡ്രോണ്‍ കരാറിന് സാധ്യത

MyFin Desk

potential $3 billion drone deal
X

Summary

  • എംക്യു-9 റീപ്പര്‍ അല്ലെങ്കില്‍ പ്രിഡേറ്റര്‍ ബി വിഭാഗത്തില്‍പ്പെട്ട ഡ്രോണുകള്‍ പരിഗണിക്കുന്നു
  • പഴുതടച്ച ആക്രമണ ശേഷിയാണ് ഇവയെ വേറിട്ടതാക്കുന്നത്
  • വിവിധ ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ ഇന്ത്യ അമേരിക്കയുമായി മൂന്ന് ബില്യണ്‍ ഡോളറിന്റെ ഡ്രോണ്‍ കരാറില്‍ ഒപ്പുവെയ്ക്കും. ഈ കരാറിനുള്ള അനുമതി പ്രതിരോധമന്ത്രാലയം നല്‍കി. 30 ആക്രമണ ഡ്രോണുകള്‍ വാങ്ങുക എന്നതാണ് ഇന്ത്യയുടെ ആവശ്യം. എംക്യു-9 റീപ്പര്‍ അല്ലെങ്കില്‍ പ്രിഡേറ്റര്‍ ബി വിഭാഗത്തില്‍പ്പെട്ട ഡ്രോണുകളാണ് ഇന്ത്യ പരിഗണിക്കുന്നത്.

വ്യാപക വിനാശ ശേഷിയുള്ള ഡ്രോണുകളാണ് ഇവ. ലോകത്ത് വിവിധ പ്രദേശങ്ങളില്‍ ഇവ കഴിവ് തെളിയിച്ചിട്ടുണ്ട്. അഫ്ഗാന്‍ യുദ്ധത്തില്‍ ഇവ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. എയര്‍ ടു ഗ്രൗണ്ട് മിസൈലുകള്‍, ലേസര്‍ ഗൈഡഡ് ബോംബുകള്‍ എന്നിവയെല്ലാം വഹിക്കാന്‍ ശേഷിയുള്ളതാണ് ഇവ. ദീര്‍ഘനേരം പറക്കാന്‍ ശേഷിയുള്ള ഇവ കടലിലും ചൈനീസ്, പാക് അതിര്‍ത്തികളിലും സുരക്ഷയ്ക്ക് മുതല്‍ക്കൂട്ടാകും.

കൂടാതെ നാവിക, വ്യോമ മേഖലകളില്‍ മുന്‍തൂക്കം നല്‍കാനും ഇവയുടെ വരവ് സഹായിക്കും.പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ ഈ മെഗാ ഡീല്‍ അംഗീകരിച്ചതായി പ്രതിരോധ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.മൂന്നുസേനകള്‍ക്കുമാണ് ഡ്രോണിന്റെ സേവനം ലഭിക്കുകയെങ്കിലും അതിന് മുന്‍കൈയ്യെടുത്തത് നാവിക സേനയാണ്.

എയര്‍-ടു-ഗ്രൗണ്ട് മിസൈലുകള്‍ കൂടാതെ സെന്‍സറുകളും ലേസര്‍-ഗൈഡഡ് ബോംബുകളും വഹിക്കാന്‍ ശേഷിയുള്ള ഒമ്പത് ഹാര്‍ഡ്-പോയിന്റുകളുമായാണ് റീപ്പര്‍ വരുന്നത്. ഇതിന് 27 മണിക്കൂറിലധികം തുടര്‍ച്ചയായി പറക്കാനുള്ള ശേഷിയുണ്ട്. കൂടാതെ 1746 കിലോ സ്ഥോടക വസ്തുക്കളുമായി അയ്യായിരം അടി ഉയരത്തില്‍നിന്ന് ആക്രമണം നടത്താന്‍ ശേഷിയുണ്ടാകും.

ഇലക്ട്രോ-ഒപ്റ്റിക്കല്‍/ഇന്‍ഫ്രാറെഡ് , ലിങ്ക്സ്, മള്‍ട്ടി-മോഡ് റഡാര്‍, മള്‍ട്ടി-മോഡ് സമുദ്ര നിരീക്ഷണ റഡാര്‍, ഇലക്ട്രോണിക് സപ്പോര്‍ട്ട് മെഷേഴ്സ്, വിവിധ ആയുധങ്ങളും പേലോഡുകളും ഉള്‍പ്പെടുന്ന ഒന്നിലധികം ദൗത്യങ്ങള്‍ക്കുള്ള ആയുധങ്ങള്‍ ഇതിന് വഹിക്കാന്‍ കഴിയും.

ഗാര്‍ഡിയന്‍ ഡ്രോണിന്റെ രണ്ട് നിരായുധ പതിപ്പുകള്‍ ഇതിനകം തന്നെ നാവികസേന വാടകയ്ക്ക് ഉപയോഗിക്കുന്നുണ്ട്. കരാര്‍ പ്രകാരം ലഭിക്കുന്ന ഡ്രോണുകളുകളുടെ ഭൂരിഭാഗവും നാവികസേനയ്ക്കുവേണ്ടിയാണ്. ബാക്കിയുള്ളവ കരസേനയ്ക്കും വ്യോമസേനയ്ക്കും നല്‍കും.

2020 ഒക്ടോബര്‍ 27 ന് ന്യൂഡെല്‍ഹിയില്‍ നടന്ന ടു പ്ലസ് ടു മന്ത്രിതല ചര്‍ച്ചയില്‍ ഡ്രോണുകളുടെ കരാര്‍ പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും അത് നടന്നില്ല. അമേരിക്കന്‍ നിര്‍മ്മാണ സ്ഥാപനമായ ജനറല്‍ ആറ്റോമിക്സ് ഡ്രോണുകള്‍ക്കായി ഇന്ത്യയില്‍ റീജിയണല്‍ മെയിന്റനന്‍സ് റിപ്പയര്‍ കേന്ദ്രമൊരുക്കണമെന്ന ഇന്ത്യയുടെ ആവശ്യം അന്ന് യുഎസ് അംഗീകരിച്ചില്ല. ഇതിനെ തുടര്‍ന്നാണ് കരാര്‍ യാഥാര്‍ത്ഥ്യമാകാതെ പോയത്.

അമേരിക്കക്കാര്‍ ഏറെ ആഗ്രഹിച്ചിരുന്ന കരാറായിരുന്നു ഇതെന്നും ഈ കരാറിന് സമ്മതിക്കുന്നതിന് മുമ്പ് ഇന്ത്യ ഒന്നിലധികം മേഖലകളില്‍ വിലപേശിയെന്നും പ്രതിരോധവൃത്തങ്ങള്‍ സൂചിപ്പിച്ചു.2018-ലാണ് ഗാര്‍ഡിയന്‍ ഡ്രോണുകളുടെ സായുധ പതിപ്പ് അമേരിക്ക ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തത്. അവ നിരായുധരായതും നിരീക്ഷണത്തിനുമായി വില്‍ക്കാന്‍ ആദ്യം അനുമതി നല്‍കിയിരുന്നു.

നാവികസേനയ്ക്ക് നിരീക്ഷണത്തിനായി നിരായുധമായ സീ ഗാര്‍ഡിയന്‍ ഡ്രോണുകളും ആക്രമണ ഓപ്ഷനുകള്‍ക്കായി സായുധമായ പ്രിഡേറ്റര്‍ ബിയും വാങ്ങാനാണ് ഇന്ത്യ പദ്ധതിയിട്ടിരുന്നത്.