image

6 Jun 2023 5:35 AM GMT

Aviation

പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഗോ ഫസ്റ്റ് അനുമതി തേടി

MyFin Desk

Go First seeks DGCA approval to restart flights for next 5 months with 22 planes
X

Summary

  • മെയ് മാസം മൂന്നിനായിരുന്നു ഗോ ഫസ്റ്റ് സര്‍വീസ് നിര്‍ത്തിവച്ചത്
  • ഗോ ഫസ്റ്റ് സൂചിപ്പിച്ചത് പ്രതിദിന സര്‍വീസിനായി 12 കോടി രൂപ ആവശ്യമാണെന്നാണ്
  • 22 എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ച് സര്‍വീസ് പുനരാരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്


വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈനായ ഗോ ഫസ്റ്റ്, 22 വിമാനങ്ങളുമായി സര്‍വീസ് പുനരാരംഭിക്കുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ (ഡിജിസിഎ) അനുമതി തേടി. അടുത്ത അഞ്ച് മാസത്തേക്കുള്ള പ്രവര്‍ത്തന പദ്ധതിയാണ് ഡിജിസിഎയ്ക്ക് ഗോ ഫസ്റ്റ് സമര്‍പ്പിച്ചത്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മെയ് മാസം മൂന്നിനായിരുന്നു ഗോ ഫസ്റ്റ് സര്‍വീസ് നിര്‍ത്തിവച്ചത്. ഇതേ തുടര്‍ന്ന് ഡിജിസിഎ കഴിഞ്ഞയാഴ്ച ഗോ ഫസ്റ്റ് മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തുകയും പുനരാരംഭിക്കാനുള്ള പദ്ധതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഈ വര്‍ഷം നവംബര്‍ വരെയുള്ള പ്ലാന്‍ ഗോ ഫസ്റ്റ് ഡിജിസിഎയ്ക്കു മുമ്പാകെ വിവരിച്ചതായിട്ടാണ് സൂചന. സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിക്കുള്ള അനുമതി ഡിജിസിഎ ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കുമെന്നും ഗോ ഫസ്റ്റ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ തടസങ്ങളില്ലാത്ത സര്‍വീസിനായി പൈലറ്റുമാരുടെയും ക്യാബിന്‍ ക്രൂവിന്റെയും ലഭ്യതയെക്കുറിച്ച് ഉറപ്പ് നല്‍കണമെന്ന് ഡിജിസിഎ ഗോ ഫസ്റ്റ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു.

പാപ്പരായി പ്രഖ്യാപിക്കണമെന്നു കഴിഞ്ഞ മാസം ഫയല്‍ ചെയ്ത ഗോ ഫസ്റ്റ് എയര്‍ലൈന്‍, വിമാന സര്‍വീസ് പുനരാരംഭിക്കണമെങ്കില്‍ 200 കോടി രൂപ ആവശ്യമാണെന്ന് അറിയിച്ചു. സര്‍ക്കാരിന്റെ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീമിന് (ഇസിഎല്‍ജിഎസ്) കീഴിലുള്ള 400 കോടി രൂപയുടെ ഫണ്ട് തങ്ങള്‍ക്ക് ലഭിക്കുമെന്നും ഗോ ഫസ്റ്റ് അറിയിച്ചു. ഇതിനു പുറമെ അണ്‍ഡ്രോണ്‍ ക്രെഡിറ്റും (undrawn credit) ലഭിക്കുമെന്നും ഏവിയേഷന്‍ റെഗുലേറ്ററായ ഡിജിസിഎയോടു പറഞ്ഞു.

ഡിജിസിഎയ്ക്ക് സമര്‍പ്പിച്ച പ്ലാനില്‍ ഗോ ഫസ്റ്റ് സൂചിപ്പിച്ചത് പ്രതിദിന സര്‍വീസിനായി 12 കോടി രൂപ ആവശ്യമാണെന്നാണ്. ഏപ്രില്‍ മാസം 250 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും ഡിജിസിഎയെ അറിയിച്ചു.

ഇപ്പോള്‍ 22 എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ച് സര്‍വീസ് പുനരാരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി 340 പൈലറ്റുമാര്‍, 680 ക്യാബിന്‍ ക്രൂ, 530 എന്‍ജിനീയര്‍മാര്‍ എന്നിവരടങ്ങിയ ജീവനക്കാര്‍ തങ്ങള്‍ക്കുണ്ടെന്നും ഡിജിസിഎയെ അറിയിച്ചിട്ടുണ്ട്.

200 കോടി രൂപയുടെ ഇടക്കാല ധനസഹായം ലഭ്യമാക്കുന്നതിന് വായ്പാ ദാതാക്കളുമായി ഗോ ഫസ്റ്റ് ചര്‍ച്ച നടത്തി വരികയാണ്. ജീവനക്കാര്‍ക്ക്

ഏപ്രില്‍, മെയ് മാസങ്ങളിലെ ശമ്പളം നല്‍കുന്നതിനു ഈ ഫണ്ട് ഉപയോഗിക്കും. വിമാന സര്‍വീസ് ഒരിക്കല്‍ പുനരാരംഭിച്ചു കഴിഞ്ഞാല്‍ പണമൊഴുക്ക് ഉണ്ടാകുമെന്നാണു കമ്പനി പ്രതീക്ഷിക്കുന്നത്. ജുലൈ മുതല്‍ പാട്ടത്തിനെടുത്തിരിക്കുന്ന വസ്തുക്കളുടെ വാടകയും മെയ്ന്റനന്‍സ് റിസര്‍വും നല്‍കുമെന്നും കമ്പനി പറഞ്ഞു.

ഗോ ഫസ്റ്റില്‍ നിന്ന് തങ്ങളുടെ വിമാനങ്ങളും എഞ്ചിനുകളും കൈവശം വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പാട്ടക്കാര്‍ (lessor) സമര്‍പ്പിച്ച ഹര്‍ജികളില്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ ഗോ ഫസ്റ്റിന്റെ ഐആര്‍പിയോട് (interim resolution professional -IRP) എന്‍സിഎല്‍ടി (National Company Law Tribunal-NCLT) ജൂണ്‍ അഞ്ചിന് നിര്‍ദേശിച്ചു.

ജാക്സണ്‍ സ്‌ക്വയര്‍ ഏവിയേഷന്‍ അയര്‍ലന്‍ഡ് എട്ട് വിമാനങ്ങളാണ് ഗോ ഫസ്റ്റിന് പാട്ടത്തിന് കൊടുത്തത്. എഞ്ചിന്‍ ലീസ് ഫിനാന്‍സ് ബിവി എന്ന സ്ഥാപനം നാല് എഞ്ചിനുകളും ഗോ ഫസ്റ്റിന് വാടകയ്കൊടുത്തു. ഇതുസംബന്ധിച്ച അടുത്ത ഹിയറിംഗ് ജൂണ്‍ 15-ന് വിളിച്ചിരിക്കുകയുമാണ്.