image

11 Jun 2023 10:37 AM GMT

Aviation

വ്യോമയാനമേഖല: ഉയര്‍ന്ന നികുതികള്‍ ഒഴിവാക്കണം

MyFin Desk

indian aviation industry
X

Summary

  • അനുകൂല ഘടകങ്ങള്‍ നിലവിലുള്ളപ്പോള്‍ വളര്‍ച്ചയെ തടയുന്ന നടപടി സ്വീകരിക്കരുത്
  • നിരവധി കമ്പനികള്‍ ഉള്ള മേഖലയാണ് മികച്ച വിപണി
  • ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും മാത്രമാണ് വിപുലീകരണത്തിന്റെ പാതയില്‍


വ്യോമയാന വ്യവസായത്തെക്കുറിച്ച് ഇന്ത്യയ്ക്ക് ശരിയായ കാഴ്ചപ്പാടും സമയബന്ധിതമായ തന്ത്രവുമുണ്ടെന്ന്് അയാട്ട(ഐഎടിഎ). നല്ല സാമ്പത്തിക വളര്‍ച്ചയും ഉയര്‍ന്ന ജനസംഖ്യയും ഇവിടെ ഇന്ത്യക്ക് അനുകൂല ഘടകങ്ങളാണ്.എന്നാല്‍ പുതിയ നികുതികള്‍ വഴി വളര്‍ച്ച തടയപ്പെടുന്നില്ലെന്ന്് ഉറപ്പാക്കുകയും വേണം.

എയര്‍ലൈന്‍ വ്യവസായത്തില്‍ രണ്ടു രാജ്യങ്ങളുടെയോ രണ്ടുകമ്പനികളോ മാത്രമുള്ള മാത്രമുള്ള വിപണിയെ താന്‍ അനുകൂലിക്കുന്നില്ലെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ (ഐഎടിഎ)ചീഫ് ഇക്കണോമിസ്റ്റായ മേരി ഓവന്‍സ് തോംസണ്‍ അഭിപ്രായപ്പെട്ടു.

മേഖലയില്‍ ആരോഗ്യകരമായ മത്സരത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. ഇത് പങ്കാളികളെ മികവുള്ളരാക്കിത്തീര്‍ക്കും.

അതിവേഗം വളരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിപണിയില്‍ രണ്ടുപേര്‍ മാത്രമായി ചുരുങ്ങാവുന്ന സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍.

ആഭ്യന്തര ഗതാഗതം വര്‍ധിക്കുമ്പോള്‍,ഗോ ഫസ്റ്റ് എയര്‍ലൈന്‍ അവരുടെ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. സ്‌പൈസ് ജെറ്റ് വിവിധ പ്രശ്‌നങ്ങളെ നേരിടുകയുമാണ്്.

അതേസമയം ഇന്‍ഡിഗോയും എയര്‍ ഇന്ത്യ ഗ്രൂപ്പും തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നു. സ്ഥിരമായ പാതയില്‍ സഞ്ചരിക്കുന്ന ആകാശ എയറിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രമേ പഴക്കമുള്ളൂ.

പൊതുവായ കാഴ്ചപ്പാടില്‍ പരിശോധിച്ചാല്‍ മേഖലയില്‍ മികച്ച മത്സരം കാണാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് മേരി ഓവന്‍സ് തോംസണ്‍ അഭിപ്രായപ്പെട്ടു. കാരണം അതിലൂടെ മാത്രമെ കൂടുതല്‍ നവീകരണവും സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കും ലഭ്യമാകുകയുള്ളു- അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്താംബൂളില്‍ നടന്ന ഐഎടിഎ വേള്‍ഡ് എയര്‍ ട്രാന്‍സ്പോര്‍ട്ട് ഉച്ചകോടിക്കിടെ നടത്തിയ അഭിമുഖത്തില്‍, വ്യോമഗതാഗതത്തിന്റെ രണ്ട് അടിസ്ഥാന ചാലകങ്ങള്‍ ജിഡിപിയും ജനസംഖ്യാ വളര്‍ച്ചയുമാണ് എന്ന് അവര്‍ വ്യക്തമാക്കി. ഈ രണ്ടു ഘടകങ്ങളും ഇന്ത്യയില്‍ മികച്ച നിലയിലാണ്.

ആഗോള എയര്‍ ട്രാഫിക്കിന്റെ 80 ശതമാനത്തിലധികം വരുന്ന 300-ലധികം എയര്‍ലൈനുകളുടെ ഗ്രൂപ്പായ അയാട്ടയിലെ സീനിയര്‍ വൈസ് പ്രസിഡന്റ് കൂടിയാണ് തോംസണ്‍. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവയുള്‍പ്പെടെ വിവിധ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഐഎടിഎയില്‍ അംഗങ്ങളാണ്.

ഇന്ത്യക്ക് വിപണിയെക്കുറിച്ച്, ശരിയായ കാഴ്ചപ്പാട് ഉണ്ടെന്നും എന്നാല്‍ ശ്രദ്ധിക്കേണ്ടത് നിര്‍വ്വഹണമാണ് എന്നും അവര്‍ വ്യക്തമാക്കുന്നു. നിങ്ങള്‍ക്ക് ശരിയായ പോളിസികള്‍ ഉണ്ടാക്കാം. എന്നാല്‍ തുടര്‍ന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ അവയുടെ മികവ് ഇല്ലാതാകും- അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഇരുനൂറിലധികം വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും വാട്ടര്‍ എയറോഡ്രോമുകളും ഉണ്ടാകുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഏതാനും ദിവസം മുന്‍പ് പറഞ്ഞിരുന്നു.

ആഭ്യന്തര വിമാനക്കമ്പനികള്‍ ഇതേ കാലയളവില്‍ 1,400ല്‍ അധികം വിമാനങ്ങള്‍ വരെ ഓര്‍ഡര്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അടുത്ത രണ്ട് ദശാബ്ദത്തിനുള്ളില്‍ ഇന്ത്യയ്ക്ക് ഏകദേശം 2,210 പുതിയ വിമാനങ്ങള്‍ വേണ്ടിവരുമെന്ന് വിമാന നിര്‍മ്മാതാക്കളായ ബോയിംഗ് ഏതാനും മാസം മുന്‍പ് വിശദീകരിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ വ്യോമയാന മേഖലക്ക് കൂടുതല്‍ ഏര്‍പ്പെടുത്തുന്നതിനെ തോംസണ്‍ എതിര്‍ത്തു. ഇത് ഇന്ത്യയുടെ പ്രശ്‌നം മാത്രമല്ല. വിമാനക്കമ്പനികള്‍ക്ക് എപ്പോഴും കൂടുതല്‍ നികുതി ചുമത്താന്‍ ലോകം പ്രലോഭനത്തിലാണെന്ന് തോന്നുന്നു എന്നാണ് അവര്‍ പറഞ്ഞത്.

ആഗോള എയര്‍ലൈന്‍സ് വ്യവസായം ഈ വര്‍ഷം 803 ബില്യണ്‍ യുഎസ് ഡോളറിന്റെ വരുമാനവും 9.8 ബില്യണ്‍ യുഎസ് ഡോളറിന്റെ അറ്റാദായവും രേഖപ്പെടുത്തുമെന്ന് കരുതപ്പെടുന്നു.