image

26 Sep 2023 11:50 AM GMT

Aviation

യുക്രൈനിലെ സ്‌കൈഅപ് എയര്‍ലൈന്‍സിന് ഐബിഎസ് സോഫ്റ്റ്‌വേര്‍

MyFin Desk

ibs software for skype airlines in ukraine
X

Summary

  • വ്യോമയാന സോഫ്റ്റ് വേര്‍ രംഗത്ത് ലോകത്തെ ഏറ്റവും മുന്‍നിരയിലുള്ള കമ്പനിയാണ് ഐബിഎസ്.
  • യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് ഭാഗികമായി മാത്രം പ്രവര്‍ത്തിച്ചിരുന്ന സ്‌കൈഅപ്പ് എസിഎംഐ സേവനങ്ങളില്‍ സജീവമായിരുന്നു.


തിരുവനന്തപുരം: യുക്രൈനിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ സ്‌കൈഅപ് എയര്‍ലൈനും അവരുടെ മാള്‍ട്ടയിലെ ഉപകമ്പനിയായ സ്‌കൈഅപ് മാള്‍ട്ടയും വ്യോമയാന സേവനങ്ങള്‍ പുനരാരംഭിക്കുന്നതിനായി ഐബിഎസിന്റെ സോഫ്റ്റ് വേര്‍ സേവനങ്ങള്‍ ഉപയോഗിക്കും. വ്യോമയാന സോഫ്റ്റ് വേര്‍ രംഗത്ത് ലോകത്തെ ഏറ്റവും മുന്‍നിരയിലുള്ള കമ്പനിയാണ് ഐബിഎസ്. അതിന്റെ ഈ പാസഞ്ചര്‍ സര്‍വീസ് സോഫ്റ്റ്‌വേറിലൂടെ (പിഎസ്എസ്) സ്‌കൈഅപ്പിന്റെ ഉപഭോക്തൃ സേവനങ്ങള്‍ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യം.

യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് ഭാഗികമായി മാത്രം പ്രവര്‍ത്തിച്ചിരുന്ന സ്‌കൈഅപ്പ് എസിഎംഐ സേവനങ്ങളില്‍ സജീവമായിരുന്നു. മാള്‍ട്ടയിലെ വ്യോമയാന ലൈസന്‍സ് ലഭിച്ചതോടെയാണ് വീണ്ടും ഈ രംഗത്ത് സജീവമായത്. മാള്‍ട്ടയില്‍ നിന്നും യൂറോപ്പിലെ എവിടേക്ക് വേണമെങ്കിലും വിമാനസര്‍വീസ് നടത്താനുള്ള അനുമതിയും സ്‌കൈഅപ്പിന് ലഭിച്ചിട്ടുണ്ട്.

മാറി വരുന്ന വിപണിയ്ക്കനുസരിച്ച് ഐബിഎസ് സോഫ്റ്റ് വേറിന്റെ സഹായത്തോടെ നിരക്ക്, അനുബന്ധ സേവനങ്ങള്‍, എന്നിവ വിവിധ ഡിസ്ട്രിബ്യൂഷന്‍ ചാനലുകള്‍ വഴി നല്‍കാനാകും. മാത്രമല്ല, പ്രധാന കമ്പനിയായ സ്‌കൈഅപ്പും മാള്‍ട്ടയിലെ ഉപകമ്പനിയും ഒറ്റ പ്ലാറ്റ് ഫോമിലൂടെ പ്രവര്‍ത്തിക്കും. ഇതിലൂടെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്റുകള്‍ എന്നിവരിലേക്ക് ഒറ്റ ചാനലിലൂടെ തന്നെ സേവനങ്ങള്‍ നല്‍കാന്‍ സാധിക്കും.

ഐബിഎസ് സോഫ്റ്റ് വേറുമായുള്ള പങ്കാളിത്തം ആവേശത്തോടെയാണ് കാണുന്നതെന്ന് സ്‌കൈഅപ് എയര്‍ലൈന്‍സിന്റെ സിഒഒ ലുഡ്മിള സ്ലോബോദ്യാനിയോക് പറഞ്ഞു. മാറുന്ന വിപണിക്കനുസരിച്ച് സേവനങ്ങള്‍ ഏകീകരിക്കാന്‍ ഐബിഎസിന്റെ ക്ലൗഡ് അടിസ്ഥാന പിഎസ്എസിലൂടെ കഴിയും. ഭാവിയിലേക്കുള്ള സുപ്രധാന സഹകരണമായാണ് ഇതിനെ കാണുന്നതെന്നും അവര്‍ പറഞ്ഞു.

സ്‌കൈഅപ്പിന്റെ വ്യോമായാന സേവനങ്ങള്‍ പുനരാരംഭിക്കുന്നതില്‍ ഐബിഎസിന്റെ സോഫ്റ്റ് വേര്‍ ഉപയോഗിക്കാനുള്ള തീരുമാനം ഏറെ സന്തോഷം പകരുന്നതാണെന്ന് ഐബിഎസ് യൂറോപ്പ്-ആഫ്രിക്ക മേഖലാ മേധാവിയും വൈസ് പ്രസിഡന്റുമായ ബെന്‍ജമിന്‍ സിമ്മണ്‍സ് പറഞ്ഞു. കോവിഡിനെയും യുദ്ധത്തെയും അതിജീവിച്ച് മികവും നൂതനത്വവും നിലനിറുത്താന്‍ ശ്രമിക്കുന്ന സ്‌കൈഅപ്പുമായുള്ള സഹകരണം ഒരു ബഹുമതിയാണെന്നും അദ്ദേഹം പറഞ്ഞു.