image

5 Nov 2026 12:40 PM IST

Aviation

വിമാനങ്ങളില്‍ ഇനി Green Fuel; 2027 മുതല്‍ SAF നിര്‍ബന്ധമാക്കാന്‍ DGCA

MyFin Desk

വിമാനങ്ങളില്‍ ഇനി Green Fuel; 2027 മുതല്‍ SAF നിര്‍ബന്ധമാക്കാന്‍ DGCA
X

Summary

ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഈ നിര്‍ബന്ധിത SAF മിശ്രിത വ്യവസ്ഥയില്‍ ഇളവുണ്ട്.


ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ വലിയ മാറ്റത്തിന് വഴിയൊരുങ്ങുന്നു. വിമാനങ്ങളില്‍ ഉപയോഗിക്കുന്ന പരമ്പരാഗത ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലില്‍ (ATF) സുസ്ഥിര വ്യോമയാന ഇന്ധനമായ Sustainable Aviation Fuel (SAF) നിര്‍ബന്ധമായും ചേര്‍ക്കുന്നതിനുള്ള കരട് നയവുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA). 2027 മുതല്‍ ഒരു ശതമാനം SAF ചേര്‍ക്കാനാണ് നിര്‍ദേശം. 2030ഓടെ ഇത് അഞ്ച് ശതമാനമായും 2040ഓടെ 20 ശതമാനമായും ഉയര്‍ത്താനാണ് ലക്ഷ്യം. വിമാനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനൊപ്പം രാജ്യത്ത് ഗ്രീന്‍ ഇന്ധന ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

നാഷണല്‍ പോളിസി ഓണ്‍ സസ്റ്റെയിനബിള്‍ ഏവിയേഷന്‍ ഫ്യൂവല്‍ എന്ന പേരിലുള്ള 30 പേജുള്ള കരട് നയം DGCA തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അംഗീകാരം ലഭിച്ചിട്ടില്ല. ആദ്യഘട്ടത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കാണ് നിര്‍ദേശം ബാധകമാകുക. 2027ല്‍ ഒരു ശതമാനം, 2028ല്‍ രണ്ട് ശതമാനം, 2029ല്‍ മൂന്ന് ശതമാനം, 2030ല്‍ അഞ്ച് ശതമാനം എന്നിങ്ങനെയാണ് SAF ഉപയോഗത്തിന്റെ ലക്ഷ്യം. 2031 മുതല്‍ 2040 വരെയുള്ള രണ്ടാം ഘട്ടത്തില്‍ ഇത് കൂടുതല്‍ ഉയര്‍ത്തും.

ഇന്ത്യയില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്ന SAF മാത്രമേ പരമ്പരാഗത വിമാന ഇന്ധനവുമായി ചേര്‍ക്കാന്‍ അനുവദിക്കൂ. പെട്രോളിയം അധിഷ്ഠിതമല്ലാതെ, ഉപയോഗിച്ച പാചക എണ്ണ, സസ്യ എണ്ണകള്‍, കാര്‍ഷിക മാലിന്യങ്ങള്‍, ബയോമാസ് മാലിന്യങ്ങള്‍, മുനിസിപ്പല്‍ മാലിന്യങ്ങള്‍, അല്ലെങ്കില്‍ ഗ്രീന്‍ ഹൈഡ്രജനും കാര്‍ബണും ചേര്‍ത്തുള്ള സിന്തറ്റിക് രീതികള്‍ എന്നിവയില്‍ നിന്നാണ് SAF നിര്‍മ്മിക്കുന്നത്. പരമ്പരാഗത വിമാന ഇന്ധനത്തെ അപേക്ഷിച്ച് ജീവിതചക്രാടിസ്ഥാനത്തിലുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ ഗണ്യമായി കുറയ്ക്കാന്‍ SAF സഹായിക്കും.

എന്നാല്‍ ഈ മാറ്റം വിമാനക്കമ്പനികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കാനും സാധ്യതയുണ്ട്. സാധാരണ വിമാന ഇന്ധനത്തേക്കാള്‍ രണ്ട് മുതല്‍ മൂന്ന് മടങ്ങ് വരെ വില കൂടുതലായിരിക്കും SAFന്. അതിനാല്‍ തുടക്കത്തില്‍ ഇന്ധന ഉത്പാദകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായങ്ങളും മറ്റ് ആനുകൂല്യങ്ങളും പരിഗണിക്കണമെന്ന് കരട് നയം നിര്‍ദേശിക്കുന്നു. SAF ലഭ്യതയും ഉല്‍പ്പാദനച്ചെലവും അനുസരിച്ചായിരിക്കും വിമാനക്കമ്പനികളിലുണ്ടാകുന്ന അധിക ബാധ്യത.

അതേസമയം, ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഈ നിര്‍ബന്ധിത SAF മിശ്രിത വ്യവസ്ഥയില്‍ ഇളവുണ്ട്. ഷെഡ്യൂള്‍ ചെയ്യാത്ത അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും മാനുഷിക സഹായം, മെഡിക്കല്‍, അടിയന്തര സര്‍വീസുകള്‍ക്കും ചില പ്രത്യേക വിഭാഗങ്ങളിലെ വിമാനങ്ങള്‍ക്കും ഇളവ് നല്‍കും. നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഇന്ധന വിതരണക്കാര്‍ക്കും വിമാന ഓപ്പറേറ്റര്‍മാര്‍ക്കും പിഴ ചുമത്താനും കരട് നയത്തില്‍ വ്യവസ്ഥയുണ്ട്.

പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ DGCAയുടെ കീഴില്‍ ദേശീയ SAF രജിസ്ട്രിയും രൂപീകരിക്കും. ഇന്ധനത്തിന്റെ ഉല്‍പ്പാദനം, മിശ്രണം, വിതരണം, ഉപയോഗം, കാര്‍ബണ്‍ പുറന്തള്ളലിലെ കുറവ് എന്നിവ ഇതിലൂടെ നിരീക്ഷിക്കാനാകും. കൂടാതെ നയത്തിന്റെ നടത്തിപ്പിനും ഏകോപനത്തിനുമായി നാഷണല്‍ കൗണ്‍സില്‍ ഓണ്‍ സസ്റ്റെയിനബിള്‍ ഏവിയേഷന്‍ ഫ്യൂവല്‍ രൂപീകരിക്കാനും നിര്‍ദേശമുണ്ട്.

2030ഓടെ ഇന്ത്യയുടെ വിമാന ഇന്ധന ഉപഭോഗം 1.42 കോടി ടണ്ണിലെത്തുമെന്നാണ് പ്രതീക്ഷ. ഇതില്‍ 77 ലക്ഷം ടണ്ണും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കായിരിക്കും. അതിനാല്‍ രാജ്യത്ത് തന്നെ ഗ്രീന്‍ വിമാന ഇന്ധന ഉല്‍പ്പാദനവും വിതരണ സംവിധാനവും വികസിപ്പിക്കുക എന്നത് നിര്‍ണായകമാകും. പരിസ്ഥിതി സൗഹൃദ വ്യോമയാന മേഖലയിലേക്കുള്ള ഇന്ത്യയുടെ വലിയ ചുവടുവയ്പ്പായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.