image

10 March 2026 10:03 PM IST

Aviation

ഇന്‍ഡിഗോയുടെ അമരത്ത് മാറ്റത്തിൻ്റെ കാറ്റ്; CEO സ്ഥാനം രാജിവെച്ച് പീറ്റര്‍ എല്‍ബേഴ്‌സ്

MyFin Desk

ഇന്‍ഡിഗോയുടെ അമരത്ത് മാറ്റത്തിൻ്റെ കാറ്റ്; CEO സ്ഥാനം രാജിവെച്ച് പീറ്റര്‍ എല്‍ബേഴ്‌സ്
X

Summary

മാനേജിങ് ഡയറക്ടര്‍ രാഹുല്‍ ഭാട്ടിയ ഇടക്കാല ചുമതല ഏറ്റെടുത്തതായി ഇന്‍ഡിഗോ


ഇന്‍ഡിഗോ എയര്‍ലൈന്‍സ് സിഇഒ സ്ഥാനം രാജിവെച്ച് പീറ്റര്‍ എല്‍ബേഴ്‌സ്. മാനേജിങ് ഡയറക്ടര്‍ രാഹുല്‍ ഭാട്ടിയ ഇടക്കാല ചുമതല ഏറ്റെടുത്തതായി ഇന്‍ഡിഗോ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് എല്‍ബേഴ്‌സ് രാജിക്കത്തില്‍ സൂചിപ്പിച്ചതായി കമ്പനി വ്യക്തമാക്കി. 2022 സെപ്റ്റംബറിലാണ് റോണോജോയ് ദത്തയ്ക്ക് പകരക്കാരനായി പീറ്റര്‍ എല്‍ബേഴ്‌സ്, ഇന്‍ഡിഗോ സിഇഒ സ്ഥാനം ഏറ്റെടുക്കുന്നത്.

വലിയ തോതിലുള്ള പ്രവര്‍ത്തന തടസങ്ങള്‍ ഇന്‍ഡിഗോ അഭിമുഖീകരിച്ച് ഏകദേശം മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പീറ്റര്‍ എല്‍ബേഴ്‌സിൻ്റെ രാജി. ഏകദേശം മൂന്ന് ലക്ഷം യാത്രക്കാര്‍ ഇന്‍ഡിഗോയുടെ പ്രവര്‍ത്തന തടസ്സങ്ങള്‍ മൂലം ബാധിക്കപ്പെട്ടിരുന്നു. വ്യോമയാന റെഗുലേറ്റര്‍ ഡിജിസിഎ ഇന്‍ഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തുകയും മറ്റ് നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. മറ്റ് നഷ്ടപരിഹാര ചെലവുകള്‍ വേറെ. ഇന്‍ഡിഗോയുടെ ശൈത്യകാല സര്‍വീസുകള്‍ 10 ശതമാനം വെട്ടിക്കുറക്കുകയും ചെയ്തിരുന്നു. ഡിസംബര്‍ മൂന്നിനും അഞ്ചിനും ഇടയില്‍ മാത്രം 2,507 സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്.

പീറ്റര്‍ എല്‍ബേഴ്‌സിനെ ഇന്‍ഡിഗോ സിഇഒ സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ കേന്ദ്ര നീക്കമുണ്ടെന്ന് അഭ്യൂഹവും ഉണ്ടായിരുന്നു. നെതര്‍ലന്‍ഡ്സ് പൗരനായ പീറ്റര്‍ എല്‍ബേഴ്‌സ് നിലവില്‍ ഡല്‍ഹി ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. വ്യോമയാന വിദഗ്ധന്‍ കൂടിയായ എല്‍ബേഴ്‌സ്, ഇന്‍ഡിഗോയില്‍ ചേരുന്നതിനു മുന്‍പ് 2022 വരെ കെഎല്‍എം റോയല്‍ ഡച്ച് എയര്‍ലൈന്‍സിന്റെ സിഇഒ ആയിരുന്നു.