25 Dec 2025 10:03 AM IST
Summary
ബെംഗളൂരുവില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ ആദ്യ വിമാനം രാവിലെ 8 ന് നവി മുംബൈ വിമാനത്താവളത്തിലെത്തി
നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വാണിജ്യ വിമാന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അതോടൊപ്പം മുംബൈ മെട്രോപൊളിറ്റന്‍ മേഖലയിലേക്കുള്ള വിമാന യാത്രാ ശേഷിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ സിവില്‍ ഏവിയേഷന്‍ മേഖലയില്‍ ഒരു പ്രധാന നാഴിക്കല്ലാണിത്.
ബെംഗളൂരുവില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ ആദ്യ വിമാനം രാവിലെ 8 മണിക്ക് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. വിമാനത്തിന് ആചാരപരമായ ജലപീരങ്കി സല്യൂട്ട് നല്‍കിയതായി വിമാനത്താവള ഓപ്പറേറ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഉദ്ഘാടന യാത്രയ്ക്ക് ശേഷം രാവിലെ 08:40 ന് ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് പുറപ്പെട്ടു. വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ യാത്രയായിരുന്നു ഇത്. ഇതോടെ പുതിയ എയര്‍പോര്‍ട്ടിന്റെ ഉദ്ഘാടന യാത്രയും പുറപ്പെടലും പൂര്‍ത്തിയായി.
ആദ്യ ദിവസം, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയര്‍, സ്റ്റാര്‍ എയര്‍ എന്നിവ ആഭ്യന്തര സര്‍വീസുകള്‍ നടത്തും. പുതിയ സൗകര്യം ഇന്ത്യയിലുടനീളമുള്ള ഒമ്പത് ലക്ഷ്യസ്ഥാനങ്ങളിലേക്ക് ബന്ധിപ്പിക്കും.
ആദ്യ ദിവസമായ ഇന്ന് (വ്യാഴാഴ്ച) വിമാനത്താവളം 15 ഷെഡ്യൂള്‍ ചെയ്ത പുറപ്പെടലുകള്‍ കൈകാര്യം ചെയ്യും. പ്രാരംഭ ഘട്ടത്തില്‍, രാവിലെ 8 മുതല്‍ രാത്രി 8 വരെ 12 മണിക്കൂര്‍ ഈ സൗകര്യം പ്രവര്‍ത്തിക്കും.
ഈ വര്‍ഷം ഒക്ടോബര്‍ 8 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. അഞ്ച് ഘട്ടങ്ങളിലായി നിര്‍മ്മിച്ച വിമാനത്താവളത്തിന്റെ ആദ്യ ഘട്ടം 19,650 കോടി രൂപയ്ക്കാണ് നിര്‍മ്മിച്ചത്.
വിമാനത്താവളത്തിന്റെ അഞ്ച് ഘട്ടങ്ങളും പൂര്‍ത്തിയാകുമ്പോഴേക്കും, പ്രതിവര്‍ഷം 90 ദശലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കാന്‍ ഇത് പ്രാപ്തമാകും. കൂടാതെ സമര്‍പ്പിത കാര്‍ഗോ ടെര്‍മിനലുകളും മള്‍ട്ടിമോഡല്‍ കണക്റ്റിവിറ്റിയും ഉണ്ടാകും.
മുഴുവന്‍ പദ്ധതിയും ഒന്നിലധികം ഘട്ടങ്ങളിലായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതില്‍ അദാനി ഗ്രൂപ്പിന് 74 ശതമാനം ഓഹരിയാണുള്ളത്, ബാക്കി 26 ശതമാനം സിഡ്കോയുടെ ഉടമസ്ഥതയിലാണ്.
അടുത്ത വര്‍ഷം ഫെബ്രുവരി മുതല്‍, പ്രവര്‍ത്തനങ്ങള്‍ ക്രമേണ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേവനങ്ങളിലേക്ക് ഉയര്‍ത്താനാണ് പദ്ധതി.
പഠിക്കാം & സമ്പാദിക്കാം
Home
