28 March 2026 9:45 PM IST
ഉത്തരേന്ത്യയുടെ ലോജിസ്റ്റിക് ഗേറ്റ്‌വേ; നോയിഡ അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
MyFin Desk
Summary
ടിക്കറ്റ് നിരക്കില്‍ ഡല്‍ഹി വിമാനത്താവളത്തെ അപേക്ഷിച്ച് 10 മുതല്‍ 15% വരെ കുറവുണ്ടാകും
ദേശീയ തലസ്ഥാന മേഖലയിലെ രണ്ടാമത്തെ രാജ്യാന്തര വിമാനത്താവളമായ നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. വികസനത്തിന്റെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണെന്ന് എയര്‍പോര്‍ട്ട് ഉദ്ഘാടനം ചെയ്തുകൊണ്ട് മോദി പറഞ്ഞു. പടിഞ്ഞാറന്‍ യുപിയിലെ ജനങ്ങള്‍ക്കും രാജ്യത്തിന് മൊത്തത്തിലും പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോയിഡ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ ഡല്‍ഹിയില്‍ നിന്നുള്ള യാത്ര കൂടുതല്‍ സൗകര്യപ്രദമാകും. കേരളത്തിലേക്കടക്കം ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ യാത്രാനിരക്കിലും വലിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിക്കറ്റ് നിരക്കില്‍ ഡല്‍ഹി വിമാനത്താവളത്തെ അപേക്ഷിച്ച് നോയിഡയില്‍ 10 മുതല്‍ 15 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
പ്രത്യേകത സംവിധാനങ്ങള്‍
യാത്രക്കാരുടെ സമയം ലാഭിക്കുന്നതിനായി വെറും 10 മിനിറ്റിനുള്ളില്‍ ചെക്ക്-ഇന്‍ പൂര്‍ത്തിയാക്കാവുന്ന അത്യാധുനിക ഡിജിറ്റല്‍ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എയര്‍പോര്‍ട്ടിനുള്ളില്‍ ദീര്‍ഘദൂരം നടക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്ന സിംഗിള്‍ ടെര്‍മിനല്‍ ഡിസൈനാണ് മറ്റൊരു പ്രത്യേകത. പേപ്പര്‍ രഹിത യാത്ര ഉറപ്പാക്കുന്ന ബയോമെട്രിക് സംവിധാനങ്ങളും സ്മാര്‍ട്ട് സെക്യൂരിറ്റി ഗേറ്റുകളും യാത്രക്കാര്‍ക്ക് സുഗമമായ യാത്രാനുഭവം നല്‍കും. ഇന്ത്യയിലെ ആദ്യത്തെ നെറ്റ് സീറോ എമിഷന്‍ വിമാനത്താവളം എന്ന ലക്ഷ്യത്തോടെയാണ് ഇതിന്റെ രൂപകല്പന എന്നതും ശ്രദ്ധേയമാണ്.
സര്‍വീസുകള്‍ ഇങ്ങനെ
ഏപ്രില്‍ 16-ന് ശേഷമേ വിമാനസര്‍വീസുകള്‍ ആരംഭിക്കൂ. ആദ്യഘട്ടത്തില്‍ ഇന്‍ഡിഗോ, ആകാശ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ കമ്പനികളാണ് സര്‍വീസ് നടത്തുക. ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, ലക്‌നൗ, ഡെറാഡൂണ്‍, ഹുബ്ലി എന്നിവിടങ്ങളിലേക്കാകും ആദ്യ സര്‍വീസുകള്‍. ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങിയ ശേഷം രാജ്യാന്തര സര്‍വീസുകള്‍ പ്രഖ്യാപിക്കും. ദുബായ്, സിംഗപ്പൂര്‍, സൂറിച്ച് എന്നിവയാണ് മുന്‍ഗണനാ പട്ടികയിലുള്ളത്.
യാത്രാസൗകര്യങ്ങള്‍
യുപി സര്‍ക്കാരിന്റെ 200 എസി ബസുകള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമാനത്താവളത്തിലേക്ക് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തും. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മെട്രോ സ്റ്റേഷന്‍, നോയിഡ സെക്ടര്‍ 35, സിക്കന്ദര്‍പൂര്‍, ഖുര്‍ജ എന്നിവിടങ്ങളില്‍ നിന്ന് നേരിട്ട് ബസ് ലഭ്യമാകും. വിമാനത്താവളത്തിലേക്കായി പ്രത്യേക എയര്‍പോര്‍ട്ട് മെട്രോ ലൈനിന്റെ പണിയും നടക്കുന്നുണ്ട്. ഇത് ഡല്‍ഹി മെട്രോയുമായും നോയിഡയിലെ അക്വാലൈനുമായും ബന്ധിപ്പിക്കും. 2030 അവസാനത്തോടെ പണി പൂര്‍ത്തിയാകുമെന്നാണ് വിവരം. ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കായി പ്രത്യേക സൗകര്യവും വിമാനത്താവളത്തിലുണ്ട്.
സ്വിസ് കമ്പനിയായ സൂറിച്ച് എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ എജിയുടെ ഉപകമ്പനിയായ യമുന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും ചേര്‍ന്നാണ് വിമാനത്താവളം നിര്‍മിച്ചത്. 2021 നവംബര്‍ 26-നായിരുന്നു നോയിഡ വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത്.
പഠിക്കാം & സമ്പാദിക്കാം
Home
