image

23 Nov 2025 5:36 PM IST

Aviation

ഏവിയേഷൻ മേഖലയിൽ ഇനി പദ്ധതികൾ വൈകില്ല; പുതിയ സംവിധാനം ഉടൻ

MyFin Desk

ഏവിയേഷൻ  മേഖലയിൽ ഇനി പദ്ധതികൾ വൈകില്ല;   പുതിയ സംവിധാനം ഉടൻ
X

Summary

സംവിധാനം വരും ആഴ്ചകളില്‍ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍


ഏവിയേഷൻ മേഖലയിലെ പദ്ധതികളുടെ പുരോഗതി തത്സമയം ട്രാക്ക് ചെയ്യുന്നതിനായി ഒരു ഓണ്‍ലൈന്‍ മോണിറ്ററിംഗ് സംവിധാനം ഉടന്‍ നടപ്പിലാക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ). വിമാനത്താവളങ്ങള്‍ വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും പുറമെ, എയര്‍ ട്രാഫിക് മാനേജ്‌മെന്റ് സേവനങ്ങളും എഎഐ നല്‍കുന്നു.

ഒരു വര്‍ഷമായി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ഓണ്‍ലൈന്‍ നിരീക്ഷണ സംവിധാനം വരും ആഴ്ചകളില്‍ ആരംഭിക്കുമെന്ന് എഎഐയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.പദ്ധതികള്‍ തത്സമയം നിരീക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. നടപ്പാക്കലില്‍ കാലതാമസമില്ലെന്ന് ഉറപ്പാക്കാന്‍ മുഴുവന്‍ സമയവും പുരോഗതി പരിശോധിക്കാന്‍ കഴിയുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സിസിടിവി ചിത്രങ്ങള്‍, ഡ്രോണുകള്‍ ഉപയോഗിച്ച് പകര്‍ത്തിയ പദ്ധതി പ്രവൃത്തികളുടെ ദൃശ്യങ്ങള്‍, വീഡിയോകള്‍ എന്നിവ ഓണ്‍ലൈന്‍ മോണിറ്ററിംഗ് സംവിധാനത്തില്‍ ഉപയോഗപ്പെടുത്തും, ഇത് പുരോഗതി ട്രാക്ക് ചെയ്യാന്‍ സഹായിക്കും. നിലവില്‍, വിവിധ വിമാനത്താവളങ്ങളിലായി എഎഐ ഏകദേശം 25 പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. അതില്‍ നവീകരണ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നു. 200 കോടി രൂപ മുതല്‍ 500 കോടി രൂപ വരെ മൂലധനച്ചെലവ് ഈ പദ്ധതികള്‍ക്ക് ആവശ്യമാണ്.

2024 ജനുവരി 1 മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ എഎഐ 6,400 കോടിയിലധികം മൂലധനച്ചെലവുണ്ടായതായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു.വെബ്സൈറ്റ് പ്രകാരം, 24 അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, 10 കസ്റ്റംസ് വിമാനത്താവളങ്ങള്‍, 80 ആഭ്യന്തര വിമാനത്താവളങ്ങള്‍, 23 ആഭ്യന്തര സിവില്‍ എന്‍ക്ലേവുകള്‍ എന്നിവയുള്‍പ്പെടെ 137 വിമാനത്താവളങ്ങള്‍ കൈകാര്യം ചെയ്യുന്നു.

2019-20 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ വിവിധ വിമാനത്താവളങ്ങളുടെ വികസനം, നവീകരണം, എന്നിവയ്ക്കായി മൊത്തം 96,000 കോടിയിലധികം രൂപ മൂലധന ചെലവ് നടത്തി. ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് 160-ലധികം വിമാനത്താവളങ്ങാണുള്ളത്.