image

22 March 2026 10:48 AM IST

Aviation

നിയന്ത്രണം പിന്‍വലിച്ചു;ആകാശയാത്ര ഇനി 'പൊള്ളുന്ന' വിലയില്‍, വിമാന നിരക്കുകള്‍ കുതിച്ചുയരും

MyFin Desk

air travel is now burning expensive, airfares are soaring
X

Summary

ഡിസംബറില്‍ ഇന്‍ഡിഗോയുടെ പ്രവര്‍ത്തന തടസ്സങ്ങള്‍ക്കിടെ ഏര്‍പ്പെടുത്തിയിരുന്ന നിരക്ക് പരിധി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പിന്‍വലിച്ചു. ഇതോടെ ടിക്കറ്റ് വില നിശ്ചയിക്കാനുള്ള പൂര്‍ണ്ണ അധികാരം വിമാനക്കമ്പനികള്‍ക്ക് തിരികെ ലഭിച്ചു


പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ വിമാന നിരക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതും സാധാരണക്കാരായ വിമാനയാത്രക്കാര്‍ക്ക് വന്‍ തിരിച്ചടിയാകും. കഴിഞ്ഞ ഡിസംബറില്‍ ഇന്‍ഡിഗോയുടെ പ്രവര്‍ത്തന തടസ്സങ്ങള്‍ക്കിടെ ഏര്‍പ്പെടുത്തിയിരുന്ന നിരക്ക് പരിധി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പിന്‍വലിച്ചു. ഇതോടെ ടിക്കറ്റ് വില നിശ്ചയിക്കാനുള്ള പൂര്‍ണ്ണ അധികാരം വിമാനക്കമ്പനികള്‍ക്ക് തിരികെ ലഭിച്ചു. വിപണിയിലെ മത്സരത്തിനനുസരിച്ച് വില കുറയുമെന്ന് പ്രതീക്ഷിക്കാമെങ്കിലും, നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത് വരും മാസങ്ങളില്‍ ടിക്കറ്റ് നിരക്കുകള്‍ ആകാശത്തോളം ഉയര്‍ന്നേക്കാം എന്നാണ്.

ഈ പ്രതിസന്ധിയുടെ യഥാര്‍ത്ഥ 'വില്ലന്‍' വിമാന ഇന്ധനമായ എടിഎഫ് ആണ്. വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവിന്റെ 40 ശതമാനത്തോളം വരുന്ന ഇന്ധനവില ഇപ്പോള്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കുതിച്ചുയരുകയാണ്. ഹോര്‍മുസ് കടലിടുക്ക് പോലുള്ള നിര്‍ണ്ണായക പാതകളിലെ തടസ്സങ്ങള്‍ ആഗോള എണ്ണ വിപണിയെ പിടിച്ചുലച്ചതോടെ ഫെബ്രുവരിയില്‍ കിലോലിറ്ററിന് 778.85 ഡോളറായിരുന്ന ഇന്ധനവില മാര്‍ച്ചില്‍ 816.9 ഡോളറായി വര്‍ദ്ധിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ ഈ വര്‍ദ്ധനവ് യാത്രക്കാരുടെ ടിക്കറ്റ് നിരക്കില്‍ നേരിട്ട് പ്രതിഫലിക്കുമെന്ന് സിവില്‍ വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു ഇതിനോടകം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

യുദ്ധം കാരണം വിമാനങ്ങളുടെ സഞ്ചാരപഥം മാറ്റേണ്ടി വരുന്നതും കമ്പനികള്‍ക്ക് കനത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. സംഘര്‍ഷ മേഖലകള്‍ ഒഴിവാക്കി പറക്കുമ്പോള്‍ യാത്രാസമയം കൂടുകയും അതോടൊപ്പം ഇന്ധന ഉപഭോഗം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും പോകുന്ന വിമാനങ്ങളെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ആകാശ എയറും ഇതിനോടകം തന്നെ 'ഫ്യൂവല്‍ സര്‍ചാര്‍ജ്' എന്ന പേരില്‍ അധിക തുക ഈടാക്കി തുടങ്ങിയിട്ടുണ്ട്.

കൂനിന്മേല്‍ കുരു എന്നപോലെ, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകളും സൗജന്യമായി നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശവും കമ്പനികളെ പ്രതിസന്ധിയിലാക്കുന്നു. ഇത് തങ്ങളുടെ ലാഭവിഹിതത്തെ ബാധിക്കുമെന്നും നഷ്ടം നികത്താന്‍ അടിസ്ഥാന ടിക്കറ്റ് നിരക്കുകള്‍ വലിയ തോതില്‍ വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് മുന്നറിയിപ്പ് നല്‍കുന്നു.വരാനിരിക്കുന്ന അവധിക്കാലത്ത് വിമാനയാത്ര മലയാളികള്‍ക്കടക്കം ഒരു വലിയ സാമ്പത്തിക ബാധ്യതയായി മാറും.