2 March 2026 8:51 PM IST
Summary
കോവിഡ് കാലത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ യാത്രാ തടസ്സത്തിനാണ് ഇപ്പോള്‍ ആകാശം സാക്ഷ്യം വഹിക്കുന്നത്. ലോകത്തിന്റെ യാത്രാ ഹൃദയമിടിപ്പായ ദുബായ്, ദോഹ വിമാനത്താവളങ്ങള്‍ വിമാനങ്ങള്‍ കൊണ്ട് നിറഞ്ഞുകവിഞ്ഞ ഒരു 'പാര്‍ക്കിംഗ് ലോട്ട്' പോലെ നിശ്ചലമായി
പശ്ചിമേഷ്യാ സംഘര്‍ഷം ആഗോള വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായി മാറുന്നു. കോവിഡ് കാലത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ യാത്രാ തടസ്സത്തിനാണ് ഇപ്പോള്‍ ആകാശം സാക്ഷ്യം വഹിക്കുന്നത്. 11 മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തികള്‍ പൂര്‍ണ്ണമായും ചിലത് ഭാഗികമായും അടച്ചതോടെ, കഴിഞ്ഞ വാരാന്ത്യത്തില്‍ മാത്രം റദ്ദാക്കപ്പെട്ടത് 6,000-ത്തിലധികം വിമാനങ്ങളാണ്. ലോകത്തിന്റെ യാത്രാ ഹൃദയമിടിപ്പായ ദുബായ്, ദോഹ വിമാനത്താവളങ്ങള്‍ വിമാനങ്ങള്‍ കൊണ്ട് നിറഞ്ഞുകവിഞ്ഞ ഒരു 'പാര്‍ക്കിംഗ് ലോട്ട്' പോലെ നിശ്ചലമായിരിക്കുകയാണ്.
യാത്രക്കാര്‍ക്ക് ഇരുട്ടടിയായി മാറുന്നത് ഇന്‍ഷുറന്‍സ് കമ്പനികളുടെ പിന്‍വാങ്ങലാണ്. ഇന്‍ഷുറന്‍സ് ലോകത്തെ അപ്രതീക്ഷിത ദുരന്തമായ 'ബ്ലാക്ക് സ്വാന്‍' പ്രതിസന്ധിയായാണ് ഇതിനെ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. പോളിസികളിലെ 'ആക്ട് ഓഫ് വാര്‍' എന്ന ചെറിയ നിബന്ധന ഉയര്‍ത്തിക്കാട്ടി പല കമ്പനികളും ക്ലെയിമുകള്‍ നിരസിക്കുകയാണ്. സംഘര്‍ഷം ഒരു മുന്‍കൂട്ടി അറിയാവുന്ന സംഭവമായി മാറിയതോടെ, പുതിയ ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ക്കും നിലവിലുള്ളവര്‍ക്കും കവറേജ് ലഭിക്കാത്ത അവസ്ഥയാണുള്ളത്. വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് മടക്കിനല്‍കിയേക്കാമെങ്കിലും, നഷ്ടപ്പെട്ട ലക്ഷക്കണക്കിന് രൂപയുടെ ഹോട്ടല്‍ ബുക്കിംഗുകള്‍ക്കും ടൂറുകള്‍ക്കും ആര് പണം നല്‍കുമെന്ന ചോദ്യം യാത്രക്കാരെ ഉത്തരം കിട്ടാത്ത പ്രതിസന്ധിയിലാക്കുന്നു.
ആകാശത്തെ ഈ 'യുദ്ധപ്പേടി' പൈലറ്റുമാരെ പുതിയ പാതകള്‍ തേടാന്‍ നിര്‍ബന്ധിതരാക്കുന്നു. ഇറാന്‍, ഇറാഖ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളെ ഒഴിവാക്കി പറക്കാന്‍ വിമാനങ്ങള്‍ മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ അധികം സഞ്ചരിക്കേണ്ടി വരുന്നു. ഈ ദീര്‍ഘദൂര യാത്രകള്‍ വിമാനക്കമ്പനികള്‍ക്ക് ആഴ്ചയില്‍ 900 കോടിയിലധികം രൂപയുടെ ഇന്ധനനഷ്ടമാണ് വരുത്തിവെക്കുന്നത്. ഈ അധികച്ചെലവ് ടിക്കറ്റ് നിരക്കുകളിലും പ്രതിഫലിച്ചു തുടങ്ങി. ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്കുള്ള വണ്‍വേ ടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ 1.4 ലക്ഷംരൂപ വരെയാണ് ഈടാക്കുന്നത്. സുരക്ഷയും ലാഭവും തമ്മിലുള്ള ഈ പോരാട്ടത്തില്‍ സാധാരണക്കാരായ യാത്രക്കാരുടെ പോക്കറ്റ് ചോരുകയാണ്.
മിസൈലുകള്‍ നാളെ പറക്കല്‍ അവസാനിപ്പിച്ചാലും ഈ പ്രതിസന്ധി ഉടന്‍ തീരില്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 'റീ-ഇന്‍ഷുറന്‍സ് റിപ്പിള്‍ ഇഫക്റ്റ്' കാരണം വരും മാസങ്ങളില്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ കുത്തനെ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. യൂറോപ്പിലെയും ഏഷ്യയിലെയും സര്‍ക്കാരുകള്‍ പശ്ചിമേഷ്യയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. നിലവില്‍ യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ ഓരോ മണിക്കൂറിലും വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും, ഇന്‍ഷുറന്‍സിലെ 'യുദ്ധ-അപകടസാധ്യത' നിബന്ധനകള്‍ കൃത്യമായി വായിച്ചു മനസ്സിലാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഒരു അതിര്‍ത്തി കടക്കാന്‍ ലോകം പകുതി ചുറ്റേണ്ടി വരുന്ന വിചിത്രമായ യാത്രാനുഭവത്തിലേക്കാണ് ആഗോള വ്യോമയാന മേഖല നീങ്ങുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
