image

16 March 2023 5:59 AM GMT

Banking

ബാങ്കിംഗ് തകര്‍ച്ച: സ്വിസ് ബാങ്കിംഗ് ഭീമന്‍ ക്രെഡിറ്റ് സ്യൂസും പ്രതിസന്ധിയിലേക്ക്

MyFin Desk

swiss bank credit suisse in crisis
X

Summary

നേരത്തെ പ്രവര്‍ത്തനങ്ങളിലെ അഴിമതിയടക്കം പല തെറ്റായ ബാങ്കിംഗ് പ്രവണതകളുടേയും പേരില്‍ ആഗോള സാമ്പത്തിക രംഗത്ത് ചര്‍ച്ചയായതാണ് ക്രെഡിറ്റ് സ്യൂസ്.



ഇതു വരെ ആഗോള ബാങ്കിംഗ് മേഖലയില്‍ നീറി പുകഞ്ഞ് നിന്ന സ്വിസ് ബാങ്കിംഗ് ഭീമന്‍ ക്രെഡിറ്റ് സ്യൂസ് പ്രതിസന്ധി പൂര്‍ണ അര്‍ഥത്തില്‍ യാഥാര്‍ഥ്യമാകുന്നു എന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.

കഴിഞ്ഞ കുറെ ദിവസങ്ങളായി ആഗോള ബാങ്കിംഗ് മേഖലയില്‍ നിന്ന് പുറത്തു വരുന്ന വര്‍ത്തമാനങ്ങള്‍ ഒട്ടും ശുഭകരമല്ല. അമേരിക്കന്‍ ബാങ്കായ സിലിക്കണ്‍ വാലി ബാങ്കും, തൊട്ടു പിന്നാലെ സിഗ്നേച്ചര്‍ ബാങ്കും തകര്‍ന്ന വാര്‍ത്തയാണ് ആഗോള ബാങ്കിംഗ് മേഖലയെ പിടിച്ചു കുലുക്കിയത്. ഇപ്പോള്‍ ആഗോള ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് സ്യൂസ് വലിയ പ്രതിസന്ധിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തയും പുറത്തു വരുന്നു. നേരത്തെ പ്രവര്‍ത്തനങ്ങളിലെ അഴിമതിയടക്കം പല തെറ്റായ ബാങ്കിംഗ് പ്രവണതകളുടേയും പേരില്‍ ആഗോള സാമ്പത്തിക രംഗത്ത് ചര്‍ച്ചയായതാണ് ക്രെഡിറ്റ് സ്യൂസ്. കാരണങ്ങൾ വ്യത്യസ്തമാണെങ്കിലും ആഗോള സാമ്പത്തിക രംഗത്ത് ശുഭകരമല്ലാത്ത കാര്യങ്ങളാണ് സംഭവിക്കുന്നത്.

ബുധനാഴ്ച അവരുടെ ഓഹരികളും ബോണ്ടും അസാധാരണമാം വിധം നിലം പൊത്തി. ബാങ്ക് ഓഹരികൾ ഒരു ഘട്ടത്തിൽ 30 ശതമാനത്തിലേറെ വിലയിടിഞ്ഞിരുന്നു. ബഞ്ച്മാര്‍ക്ക് ബോണ്ട് വിലയാകട്ടെ റിക്കോഡ് പതനത്തിലേക്കും പോയി. ഇതോടെ ക്രെഡിറ്റ് സ്യൂസുമായി കരാറുള്ള പല ആഗോള ധനകാര്യ സ്ഥാപനങ്ങളും അതില്‍ നിന്ന് പിന്‍മാറുന്നതായും പ്രഖ്യാപിച്ചു. ക്രെഡിറ്റ് സ്യൂസ് പാര്‍ട്ടിയായിട്ടുള്ള ഡിറൈവേറ്റീവ് കരാറുകള്‍ അംഗീകരിക്കില്ലെന്ന് ബിഎന്‍പി പാരിബ അവരുടെ ആഗോള ഇടപാടുകാര്‍ക്ക് മുന്നറിയിപ്പും നല്‍കി. മോശം വാര്‍ത്തകളെ തുടര്‍ന്ന് പല ആഗോള ബാങ്കുകളും ഇതിലേക്കുള്ള വായ്പയോ, നിക്ഷേപമോ കുറച്ചുകൊണ്ട് വരികയായിരുന്നു.

വലിയ കാരണം

ക്രെഡിറ്റ് സ്യൂയിസിന്റെ ഏറ്റവും വലിയ ഷെയര്‍ ഹോള്‍ഡറായ സൗദി നാഷണല്‍ ബാങ്ക് ചെയര്‍മാന്‍ നടത്തിയ ഒരു പ്രസ്താവനയാണ് പ്രതിസന്ധിയ്ക്ക് പെട്ടന്നുള്ള കാരണം. ഇനി പണം ക്രെഡിറ്റ് സ്യൂയിസിലേക്ക് നിക്ഷേപിക്കില്ലെന്നാണ് ചെയര്‍മാന്‍ അമ്മര്‍ അല്‍ ഖുദൈറി ഒരു ചോദ്യത്തിനുത്തരമായി വ്യക്തമാക്കിയത്. ഇത് ബാങ്കിംഗ് ഓഹരികളില്‍ വലിയ സമ്മര്‍ദമുണ്ടാക്കി. ഇതോടെ രൂപപ്പെട്ട സമര്‍ദം പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ അടിയന്തര ഫണ്ട് എന്ന സ്വിസ് അധികൃതരുടെ ഉറപ്പ് വൈകി എത്തിയെങ്കിലും മാര്‍ക്കറ്റില്‍ അത് വലിയ ചലനമുണ്ടാക്കിയില്ല.

വിവാദം

ഇതോടൊപ്പം 2021,22 വര്‍ഷങ്ങളിലെ സാമ്പത്തിക വിവരങ്ങള്‍ പരിശോധിക്കുന്ന നടപടിയില്‍ ചില വീഴ്ചകളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി വന്‍ അഴിമതി കഥകളും ബള്‍ഗേറിയന്‍ മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട കള്ളപ്പെണം വെളുപ്പിക്കല്‍ അരോപണമടക്കം നേരിടുന്ന ബാങ്ക് ഇപ്പോള്‍ നേരിടുന്നത് ക്രെഡിബിലിറ്റി ക്രൈസിസും കൂടിയാണ്.

ക്രെഡിറ്റ് സ്വിസ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്

50 ലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്വിസ് സാമ്പത്തിക ഭീമന്‍ ആഗോളതലത്തില്‍ വ്യത്യസ്തങ്ങളായ ധനകാര്യ സേവനങ്ങള്‍ നല്‍കുന്ന വലിയ ബാങ്കാണ്. ലോകത്തെ ബാങ്കിംഗ് സംവിധാനത്തില്‍ വലിയ സ്വാധീനമുള്ള സാമ്പത്തിക സ്ഥാപനം. നിക്ഷേപക വിവരങ്ങള്‍ക്കുള്ള രഹസ്യാത്മകത പ്രധാനം.

സേവനങ്ങള്‍

ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് ആണ് പ്രധാനം. അസറ്റ് മാനേജ്‌മെന്റ്, പ്രൈവറ്റ് ബാങ്കിംഗ് പ്രവര്‍ത്തനങ്ങളെല്ലാമുണ്ട് 1856 ല്‍ തുടങ്ങിയ ക്രെഡിറ്റ് സ്വീസിന്.